
തിരുവനന്തപുരം: സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ 'അവതാര' പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ രംഗത്ത്. ഭരണത്തിലിരുന്നപ്പോൾ അദ്ദേഹത്തിന്‍റെ പാർട്ടിയിലെ മന്ത്രിമാർക്കിടയിൽ അവതാരങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് അദ്ദേഹം പരിശോധിക്കുകയാണ് വേണ്ടതെന്നാണ് പിണറായി പറഞ്ഞത്. ആദ്യം ചെയ്യേണ്ടത് അതാണെന്നും പിണറായി കൂട്ടിച്ചേർത്തു. നേരത്തെ ബിനോയ് വിശ്വത്തിന്റെ അവതാര പ്രയോഗം പിണറായി സർക്കാരിനെതിരെ ഉള്ളതാണെന്ന വിലയിരുത്തലുകളാണ് ഉണ്ടായത്. ഭരിക്കുമ്പോൾ അവതാരങ്ങൾ അടുത്തുകൂടാൻ നോക്കുമെന്നും അവരെ അകറ്റി നിർത്തുകയാണ് വേണ്ടതെന്നുമുള്ള പിണറായിയുടെ വർഷങ്ങൾക്ക് മുന്നേയുള്ള പ്രസംഗം മുൻ നിർത്തിയാണ് ബിനോയ് വിശ്വം കഴിഞ്ഞ ദിവസം അവതാര പ്രയോഗം നടത്തിയത്.
കഴിഞ്ഞ ദിവസം തൃശ്ശൂരിൽ നടന്ന പരിപാടിയിൽ സി പി എം ജനറൽ സെക്രട്ടറി എം എബേബിയുടെ സാന്നിദ്ധ്യത്തില്‍ ബിനോയ് വിശ്വം നടത്തിയ പ്രസംഗമാണ് വിവാദത്തിന് അടിസ്ഥാനം. 'നമ്മളെ തേടി വരുമെന്നും സൂക്ഷിക്കണം എന്നും പിണറായി പറഞ്ഞ അവതാരങ്ങൾ അടുത്തേക്ക് വന്നോ, അകത്തു കയറിയോ സ്വാധീനിച്ചോ' എന്ന് പരിശോധിക്കണമെന്നായിരുന്നു പ്രസംഗം. ഈ അവതാരങ്ങളെ അകറ്റിയേ തീരൂ. താത്കാലിക ലാഭത്തിനായി വരുന്നവർ അല്ല. ബന്ധുക്കൾ അവതാരങ്ങൾ നമ്മളെ റാഞ്ചി കൊണ്ടുപോകില്ലെന്ന് ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്തണം. ന്യൂനപക്ഷങ്ങൾ നമ്മളെ ബന്ധുക്കളായി കണ്ടിരുന്നു. അവർ നമ്മുടെ കൂടെ ആയിരുന്നു. പാസ്റ്റ് ടെൻസിൽ ആണ് താൻ പറയുന്നത്. എല്ലാ തിരിച്ചടികളും പാഠങ്ങൾ പഠിക്കാനുള്ളതാണ്. ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പിന്തുണ അകലാൻ കാരണം അന്വേഷിക്കണം. പുതിയ തലമുറയിലേക്ക് കനപ്പെട്ട കാര്യങ്ങൾ എത്തുന്നില്ല. എസ് എഫ് ഐയും എ ഐ എസ് എഫും എവിടെയാണ്? യുവതലമുറയെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കി മാറ്റാൻ കഴിയാതെ വരുന്നത് ഗൗരവതരമായ കാര്യമാണ്. സി പി എമ്മും സി പി ഐയും പരസ്പരം പടവെട്ടിയപ്പോൾ, ശത്രുക്കൾ വളർന്നു അവർ കോട്ടകൾ കീഴടക്കി. അത് കേരളം വരെ എത്തിയെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. പ്രസംഗം വലിയ തോതിൽ ചർച്ചയായതോടെ ബിനോയ് വിശ്വം പിന്നീട് വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു. പിണറായിയുടെ മുന്നറിയിപ്പ് ഗൗരവത്തിൽ ഉള്ളതായിരുന്നു എന്നാണ് താൻ ഉദ്ദേശിച്ചതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇടതുപക്ഷം ഭരണത്തിലേക്ക് വരുമ്പോൾ പറയേണ്ട വാക്കുകളാണ് അദ്ദേഹം പറഞ്ഞത്. ആ മുന്നറിയിപ്പ് പ്രാവർത്തികമാക്കുന്നതിൽ എവിടെയെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന പരിശോധന വേണമെന്നാണ് താൻ പറഞ്ഞതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. പിണറായിയുടെ ആ വാക്കുകളെ അന്നും ഇന്നും ഞങ്ങൾ മാനിക്കുന്നു. അവതാരം എന്ന തൊപ്പി ആർക്കെല്ലാം ചേരുമോ അവർക്കെല്ലാം അണിയാമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam