174 കുടുംബങ്ങള്‍ക്ക് ലൈഫില്‍ വീട്; ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

Published : Apr 08, 2023, 12:23 PM ISTUpdated : Apr 08, 2023, 12:46 PM IST
174 കുടുംബങ്ങള്‍ക്ക് ലൈഫില്‍ വീട്; ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

Synopsis

കടമ്പൂരിലെ ഭവന സമുച്ചയം ഉദ്ഘാടനം ചെയ്ത ശേഷം റംലത്ത് എന്ന യുവതിയുടെ ഫ്‌ളാറ്റില്‍ നടന്ന പാലുകാച്ചല്‍ ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുത്തു.

കണ്ണൂര്‍: ലൈഫ് മിഷന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. വന്‍ ജനപിന്തുണയാണ് ലൈഫ് പദ്ധതിക്കെന്നും 14 ലക്ഷം പേരാണ് പദ്ധതിയിലുടെ സ്വന്തം വീടിനര്‍ഹരായതെന്നും മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. കണ്ണൂര്‍ കടമ്പൂരിലെ 44 ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രി താക്കോല്‍ കൈമാറി. കടമ്പൂരിലെ ഭവന സമുച്ചയം ഉദ്ഘാടനം ചെയ്ത ശേഷം റംലത്ത് എന്ന യുവതിയുടെ ഫ്‌ളാറ്റില്‍ നടന്ന പാലുകാച്ചല്‍ ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുത്തു. 

കടമ്പൂരിന് പുറമെ കൊല്ലം പുനലൂരിലും കോട്ടയം വിജയപുരത്തും ഇടുക്കി കരിമണ്ണൂരിലുമാണ് ഭവനസമുച്ചയങ്ങള്‍ ഇന്ന് കൈമാറിയത്. പുനലൂരില്‍ മന്ത്രിമാരായ കെഎന്‍ ബാലഗോപാല്‍, ജെ ചിഞ്ചുറാണി എന്നിവര്‍ താക്കോല്‍ കൈമാറി. കോട്ടയം വിജയപുരത്ത് മന്ത്രി വിഎന്‍ വാസവനും ഇടുക്കി കരിമണ്ണൂരില്‍ മന്ത്രി റോഷി അഗസ്റ്റിനും താക്കോല്‍ കൈമാറി. 174 കുടുംബങ്ങള്‍ക്കാണ് പദ്ധതിയിലൂടെ ഇന്ന് വീട് സ്വന്തമായത്. രണ്ട് ബെഡ്റൂമും ഒരു ഹാളും അടുക്കളയുമുള്ള അപ്പാര്‍ട്ട്മെന്റുകള്‍ക്കെല്ലാം പൊതുവായ ഇടനാഴിയും കുഴല്‍കിണറും കുടിവെള്ള സംഭരണിയും മാലിന്യ സംസ്‌കരണ സംവിധാനവും ജനറേറ്ററും സോളാര്‍ ലൈറ്റ് സംവിധാനവുമുണ്ട്. 

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്: വീടെന്നത് അചേതനമായ വെറുമൊരു കെട്ടിടമല്ല. ഏറ്റവും പ്രിയപ്പെട്ടതെല്ലാം ഒത്തുചേര്‍ന്നു നമ്മുടെ ജീവിതത്തെ തുടിപ്പിക്കുന്ന ഹൃദയമാണത്. ആ ആശയമാണ് ലൈഫ് മിഷന്റെ സത്ത. ഇന്ന് കണ്ണൂരിലെ കടമ്പൂരില്‍ നിര്‍മ്മിച്ച പുതിയ ഭവനസമുച്ചയത്തിലെത്തി ആ സന്തോഷം നേരില്‍ കാണുക മാത്രമല്ല, അതില്‍ വീടുടമകളോടൊപ്പം പങ്കാളിയാകുകയും ചെയ്തു. ജീവിതത്തെ സാര്‍ത്ഥമാക്കുന്ന നിമിഷങ്ങളിലൊന്നായിരുന്നു അത്. ഇതോടൊപ്പം കോട്ടയത്തെ വിജയപുരം, ഇടുക്കിയിലെ കരിമണ്ണൂര്‍, കൊല്ലത്തെ പുനലൂര്‍ എന്നിവിടങ്ങളില്‍ പൂര്‍ത്തീകരിച്ച ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും അതില്‍ വിശ്വാസമര്‍പ്പിച്ച ഈ നാട്ടിലെ ജനങ്ങളേയും സംബന്ധിച്ചിടത്തോളം അഭിമാനപൂര്‍വ്വമായ സന്ദര്‍ഭമാണിത്. ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം വിദൂരമല്ല. ഒരുമിച്ച് നമുക്കത് സാക്ഷാല്‍ക്കരിക്കാം.

PREV
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ