മുന്നാക്ക സംവരണം കൊണ്ടുവന്നത് നിലവിലെ സംവരണം അട്ടിമറിക്കാനല്ല, ചിലർ അനാവശ്യ ഭീതി പരത്തുന്നുവെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Nov 20, 2021, 12:32 PM IST
Highlights

നിലവിലെ സംവരണം അട്ടിമറിക്കാൻ ഉദ്ദേശം ഇല്ല, സംവരണേതര വിഭാഗത്തിൽ ഒരു വിഭാഗം ദരിദ്രർ ആണ്. മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് ആണ് 10% സംവരണം. മുഖ്യമന്ത്രി ആവർത്തിച്ചു. 

തിരുവനന്തപുരം: മുന്നാക്ക സംവരണം (EWS) കൊണ്ടുവന്നത് നിലവിലെ സംവരണം അട്ടിമറിക്കാനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). സംവരണേതര വിഭാഗത്തിൽ ഒരു വിഭാഗം ദരിദ്രരാണെന്നാണ് മുഖ്യമന്ത്രിയുടെ ഓർമ്മപ്പെടുത്തൽ. ചിലർ അനാവശ്യ വിവാദം (controversy) ഉണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വിവരശേഖരണത്തിനായുള്ള സാമ്പത്തിക സർവ്വേ നടപടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇപ്പോൾ എല്ലാവർക്കും ജീവിത യോഗ്യമായ സാഹചര്യം ഉണ്ടാക്കുകയാണ് പ്രധാനമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നിലവിൽ അതില്ല, അതിന് കാരണം വ്യവസ്ഥിതിയാണ് ഇത്തരം അവസ്ഥയ്ക്ക് അറുതി വരുത്താൻ യോജിച്ച പോരാട്ടം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നിലവിലെ സംവരണം അട്ടിമറിക്കാൻ ഉദ്ദേശം ഇല്ല, ഒരു വിഭാഗത്തിന് ആനുകൂല്യങ്ങൾ കിട്ടുന്നത് കാരണമാണ് തങ്ങൾക്ക് ആനുകൂല്യങ്ങൾ കിട്ടാത്തതെന്ന് ചിലർ വാദിക്കുന്നു. ഇത് ശരിയായ പ്രവണതയല്ല. സംവരേണതര വിഭാഗത്തിൽ ഒരുകൂട്ടംപേർ പരമദരിദ്രരാണ്. ഒരു സംവരണവും അവർക്ക് ലഭിക്കില്ല. ഇതാണ് 10 ശതമാനം സംവരണം വേണമെന്ന ആവശ്യത്തിലേക്ക് എത്തിച്ചത്. സംസ്ഥാനത്ത് 50% സംവരണം പട്ടികജാതി–പട്ടിക വർഗ വിഭാഗങ്ങൾക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും കൂടി നിലനിൽക്കുന്നുണ്ട്. ബാക്കിവരുന്ന പൊതുവിഭാഗത്തിലെ 50% ൽ 10%ന് പ്രത്യേക പരിഗണന നൽകുന്നതാണ് ഇപ്പോൾ വരിക. സംവരേണതര വിഭാഗത്തിൽ ഏറ്റവും ദാരിദ്ര്യം അനുവഭവിക്കുന്നവർക്കാണ് ഈ സംവരണ ആനുകൂല്യമെന്നും ഈ സംവരണം ഏതെങ്കിലും സംവരണ വിരുദ്ധ നിലപാടായി മാറുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 

സംവരണത്തെ വൈകാരിക പ്രശ്‍നം ആയി ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർ യഥാർത്ഥ വിഷയത്തിൽ നിന്നും വഴി തിരിക്കാൻ ആണ് നീക്കം നടത്തുന്നതെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. 

കേന്ദ്ര സർക്കാരിൻ്റെ മുന്നോക്ക സംവരണത്തിൻ്റെ ചുവട് പിടിച്ചാണ് കേരളവും പത്ത് ശതമാനം മുന്നോക്ക സംവരണം നടപ്പാക്കുന്നത്. മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തിയാണ് സംവരണം നൽകുന്നത്. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കും നിലവിലുള്ള 50 ശതമാനം സംവരണത്തെ ഒരുതരത്തിലും ബാധിക്കാതെയാണ് മുന്നോക്ക സംവരണമെന്നാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. 

ഓരോ വാർഡിലെയും അഞ്ച് കുടുംബങ്ങളെ ഉൾപ്പെടുത്തിയുള്ള സാമ്പിൾ സ‍ർവ്വേയുടെ ചുമതല കുടുംബശ്രീക്കാണ്. വാർ‍ഡ് മെംബറും കുടുംബശ്രീ ഭാരവാഹികളും വില്ലേജ് ഓഫീസറും യോഗം ചേർന്ന് സർവ്വേ നടപടി തീരുമാനിക്കണം. മുന്നോക്ക സംവരണം എൻഎസ്എസ് വർഷങ്ങളായി ആവശ്യപ്പെടുന്നതാണെങ്കിലും നിലവിലെ സർവ്വ രീതിയെയാണ് സംഘടന എതിർ‍ക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ മുന്നോക്ക വിഭാഗങ്ങളിലെയും വീടുകൾ സന്ദർശിച്ചാകണം സർവ്വേ. അഞ്ച് വീതം കുടുംബങ്ങളുടെ കണക്കെടുക്കുന്നത് അശാസ്ത്രീയമാണെന്നാണ് എൻസ്എസ് നിലപാട്.  സെൻസസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെടുന്നു. 

നിലവിലെ സർവ്വേ നടപടികൾക്കെതിരെ വേണ്ടി വന്നാൽ കോടതിയെ സമീപിക്കുമന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർവ്വേക്ക് ശേഷം പുറത്തുവരുന്ന കണക്ക് ഉയർത്തിയാകും എൻഎസ്എസിൻ്റെ തുടർനീക്കങ്ങൾ. 
 

click me!