'തന്‍റെ മാധ്യമ ഉപദേഷ്ടാവ് സര്‍ക്കാര്‍ രഹസ്യങ്ങള്‍ അറിയുന്നയാളല്ല'; ലൈഫ് വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Aug 29, 2020, 8:37 PM IST
Highlights

തൻ്റെ മാധ്യമ ഉപദേഷ്ടാവ് സ‍ർക്കാ‍ർ രഹസ്യങ്ങൾ അറിയുന്ന ആളോ അതുമായി ബന്ധപ്പെട്ട ഫയലുകളോ കാണുന്ന ആളോ അല്ല. ജോണ്‍ ബ്രിട്ടാസിന് കിട്ടിയ വിവരം അദ്ദേഹം നാടിനോട് വിളിച്ചു പറഞ്ഞു. അത് വകുപ്പിൽ നടന്ന അഴിമതി അല്ലെന്നും മുഖ്യമന്ത്രി.  

തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതിയില്‍ ഇനിയും അന്വേഷണം പ്രഖ്യാപിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇനിയും ശേഖരിക്കാനുണ്ടെന്നും തുടര്‍ന്ന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന് സർക്കാരിന്റേതായ രീതിയില്‍ വിവരം ലഭിച്ചാല്‍ മാത്രമേ നടപടി എടുക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

ലൈഫ് മിഷനിൽ 4.5 കോടി രൂപയുടെ അഴിമതി നടന്നെന്ന മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസിന്‍റെ വെളിപ്പെടുത്തലിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തൻ്റെ മാധ്യമ ഉപദേഷ്ടാവ് സ‍ർക്കാ‍ർ രഹസ്യങ്ങൾ അറിയുന്ന ആളോ അതുമായി ബന്ധപ്പെട്ട ഫയലുകളോ കാണുന്ന ആളോ അല്ല. എനിക്കെന്തെങ്കിലും ഉപദേശം ആവശ്യമായി വന്നാൽ അത് തേടേണ്ടയാളാണ് അദ്ദേഹം. ജോണ്‍ ബ്രിട്ടാസിന് കിട്ടിയ വിവരം അദ്ദേഹം നാടിനോട് വിളിച്ചു പറഞ്ഞു. അത് സർക്കാർ വകുപ്പിൽ നടന്ന അഴിമതി അല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.  

റെഡ് ക്രസൻ്റുമായി ബന്ധപ്പെട്ട് നടന്ന അഴിമതി സ‍ർക്കാരിനെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റെഡ് ക്രസൻ്റെ ചെയ്യുന്ന കാര്യം സ‍ർക്കാരിനെ ബാധിക്കില്ല. ബ്രിട്ടാസിന് കിട്ടിയ കാര്യം ബ്രിട്ടാസ് പറയുന്നു. സര്‍ക്കാരിന് കിട്ടിയ വിവരമേ തനിക്ക് പറയാനാവും എന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന് സർക്കാരിന്റേതായ രീതിയില്‍ വിവരം ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

click me!