
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണ കേസിൽ കുറ്റക്കാരായ ആരെയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കസ്റ്റഡിമരണക്കേസ് ഗൗരവമുള്ളതാണ്. അത് ആ തരത്തിൽ തന്നെ കൈകാര്യം ചെയ്യും. ക്രൈം ബ്രാഞ്ച് അന്വേഷണവും വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്. ലോക്കപ്പ് മരണക്കേസിൽ കുറ്റക്കാരായവര്‍ ആരും സര്‍വീസിൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
നാട്ടുകാര്‍ക്കെതിരെ പൊലീസ് കള്ളക്കേസ് എടുക്കുന്നു എന്നും കസ്റ്റഡി മരണ കേസിൽ കുറ്റക്കാരായവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു എന്നും ആരോപിച്ച് വിഡി സതീശനാണ് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇതിനാണ് മുഖ്യമന്ത്രിയുടെ മറുപടി. ഇത് രണ്ടാം തവണയാണ് നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് പ്രതിപക്ഷം നിയമസഭയിൽ കൊണ്ട് വരുന്നത്.
Read More:- നെടുങ്കണ്ടം കസ്റ്റഡി മരണം: പീരുമേട് ജയിൽ അധികൃതർക്ക് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച്
നാട്ടുകാര്‍ക്കെതിരെ പരാതി നൽകിയതിന് പിന്നിൽ പൊലീസിന്‍റെ സ്വാധീനം ഉണ്ടോ എന്ന് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ ആരോപണത്തിന് മറുപടി നൽകി. മുഖ്യമന്ത്രിയുടെ വാക്കിന് കീറ ചാക്കിന്‍റെ വിലയാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല തിരിച്ചടിച്ചു. കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ട ഉദ്യോഗസ്ഥൻ നെടുങ്കണ്ടം കസ്റ്റഡിമരണ കേസ് അന്വേഷിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് നിയമസഭയിൽ ആവശ്യപ്പെട്ടു. എന്നാൽ ജുഡീഷ്യൽ അന്വേഷണം കാലതാമസമുണ്ടാക്കുമെന്ന നിലപാടിലാണ് സര്‍ക്കാര്‍. അടിയന്തര പ്രമേയം ചര്‍ച്ചക്കെടുക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
അതിനിടെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്‍കുമാര്‍ പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തില്‍ പീരുമേട് സബ്‍ ജയിൽ അധികൃതർക്ക് വീഴ്ച പറ്റിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ന്യുമോണിയ ബാധ കണ്ടെത്തിയിട്ടും കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റി. ഈ വീഴ്ച മനപൂർവമാണോ എന്ന് അന്വേഷിക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ജയിൽ രേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.
read also:നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്‍കുമാറിന്‍റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam