
ഇടുക്കി: റിമാൻഡിലിരിക്കെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്‍കുമാര്‍ മരിച്ച സംഭവത്തില്‍ പീരുമേട് സബ്‍ ജയിൽ അധികൃതർക്ക് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച്. ന്യുമോണിയക്ക് കാരണം കൃത്യസമയത്ത് ചികിത്സ നൽകാത്തതാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. അവശനായ രാജ്കുമാറിന് ചികിത്സ ഉറപ്പാക്കുന്നതിൽ ജയിലധികൃതർക്ക് വീഴ്ച പറ്റിയെന്നും വീഴ്ച മനഃപൂർവമാണോ എന്ന് അന്വേഷിക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ജയിൽ രേഖകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.
സംഭവത്തില്‍ കസ്റ്റഡി മർദ്ദനം ഉണ്ടായിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് നേരത്തെ സ്ഥിരീകരിച്ചിരുന്നു. നെടുങ്കണ്ടം സ്റ്റേഷനിലെ കസ്റ്റഡി അന്യായമെന്നായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. കേസ് അട്ടിമറിക്കാന്‍ പൊലീസ് സംഘടിതമായി ശ്രമിച്ചതിന്‍റെ കൂടുതൽ തെളിവുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കുറ്റകൃത്യം മറയ്ക്കാന്‍ നെടുങ്കണ്ടം സ്റ്റേഷനിലെ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. രാജ്കുമാറിന്‍റെ കുടുംബത്തിന്‍റെ അടക്കമുള്ള മൊഴികളും സ്റ്റേഷനിലെ രേഖകളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പ്രത്യേക സംഘം മൂന്നായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
അതേസമയം, നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് രാജ്കുമാറിന്‍റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും. രാജ്‍കുമാറിന്‍റെ അമ്മയും ഭാര്യയും ഭാര്യാസഹോദരൻ ആന്‍റണിയുമാണ് മുഖ്യമന്ത്രിയെ കാണാനായി എത്തുന്നത്. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം, ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കും. കുറ്റക്കാരായ പൊലീസുകാർക്കെതിരെ ഉടൻ നടപടി എടുക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങളിൽ അനുഭാവപൂർവമായ തീരുമാനമുണ്ടായില്ലെങ്കിൽ നാളെ മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ഇരിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam