സൈനികരുടെ വീരമൃത്യു; ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Jun 17, 2020, 7:29 PM IST
Highlights

നമുക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി സൈനികരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.

രാജ്യത്തിന്‍റെ അതിർത്തി സംരക്ഷിക്കുന്നതിലൂടെ ജനങ്ങളെ സുരക്ഷിതരാക്കി നിലനിർത്തുന്നവരാണ് സൈനികർ. ആ ഡ്യൂട്ടി നിർവഹിക്കുന്നതിനിടെ നമ്മുടെ സൈനികരിൽ ചിലർ വീരമൃത്യു വരിച്ചു. നമുക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് ഇന്ത്യ-ചൈന അതിർത്തിയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ഒരു കേണൽ ഉൾപ്പടെയുള്ള ഇവരുടെ പേരുവിവരങ്ങൾ കരസേന പുറത്തുവിട്ടിരുന്നു. തെലങ്കാന, പഞ്ചാബ്, ഒഡിഷ, തമിഴ്നാട്, ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പശ്ചിമബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള സൈനികർക്കാണ് ജീവൻ നഷ്ടമായത്. 

വീണ് പരിക്കേറ്റ നിലയിലും, വടിയുൾപ്പടെയുള്ള ആയുധങ്ങൾ കൊണ്ട് പരിക്കേറ്റ നിലയിലും, പൂജ്യത്തിനും താഴെ താപനിലയുള്ള ഇടത്തേയ്ക്ക് വീണ് തണുത്തുവിറച്ചുമാണ് ഇവരുടെ ജീവൻ നഷ്ടമായതെന്നാണ് റിപ്പോർട്ടുകൾ. 20 പേരുടെയും മൃതദേഹങ്ങൾ ഇന്ന് രാത്രിയോടെ ജന്‍മനാടുകളിലെത്തും. പൂർണ ഔദ്യോഗിക ബഹുമതികളോടെ നാളെയായിരിക്കും സംസ്കാരം.

click me!