
തിരുവനന്തപുരം: സമൂഹത്തിനു വെളിച്ചം നൽകാൻ കഴിയാത്ത സംഘടനകൾക്കാണ് നിലനിൽപ്പ് ഇല്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമസ്ത അങ്ങനെയല്ല, വിയോജിപ്പ് രേഖപ്പെടുത്താൻ ഉള്ള ജനാധിപത്യയിടം സമസ്തയിൽ ഉണ്ട്. ചുരുക്കം ചില രാഷ്ട്രീയ പാർട്ടികളിൽ പോലും അത് കാണുന്നില്ല. തിരുത്തൽ വേണ്ടവ തിരുത്തി മുന്നേറാൻ ഇനിയും സമസ്തക്ക് കഴിയണമെന്നും പിണറായി പറഞ്ഞു. സമസ്ത ചരിത്രം- കോഫി ടേബിൾ പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി.
വിദ്യാഭ്യാസമേഖലയിൽ സമസ്തയുടെ പങ്ക് വലുതാണ്. ഭൂരിപക്ഷ വർഗീയതയെ ചെറുക്കാെൻ ന്യൂനപക്ഷ വർഗ്ഗീയതക്ക് കഴിയില്ല. ഇരുട്ടിനെ നേരിടേണ്ടത് വെളിച്ചം കൊണ്ടാണ്. ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമം സമുദായത്തിന് എതിരല്ല. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും എതിരാണത്. സമസ്തയെന്തെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം. സർക്കാരിൽ നിന്നും ദുരനുഭവം സമസ്തക്കും ഉണ്ടായിട്ടില്ലെന്നും പിണറായി പറഞ്ഞു.
ചടങ്ങിൽ സ്കൂൾ സമയമാറ്റത്തെ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ വിമർശിച്ചിരുന്നു. സ്കൂൾ സമയമാറ്റം മത പഠനം നടത്തുന്ന കുട്ടികളെ ബാധിക്കുമെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു. ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്ത ചരിത്രം- കോഫി ടേബിൾ പുസ്തകത്തിൻ്റെ പ്രകാശന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ. ഒരു പെറ്റി കേസ് പോലും സമസ്തയുടെ പേരിലില്ല. തീവ്രവാദം, ഭീകരവാദം എന്ന് ആക്ഷേപിക്കുന്ന സംഘടനകൾ ഉണ്ട്. സമസ്ത ഒരു തുറന്ന പുസ്തകമാണ്. മതം ഉള്ളവരും ഇല്ലാത്തവരുമുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. വർഗീയ കലാപമോ അനൈക്യമുണ്ടാക്കനായുള്ള പ്രവർത്തനമോ സമസ്തയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.