നല്ലതിന്റെ കൂടെ നില്‍ക്കാനാണ് വെള്ളാപ്പള്ളി ശ്രദ്ധിക്കേണ്ടത്; വിസി നിയമന വിവാദത്തില്‍ മുഖ്യമന്ത്രി

By Web TeamFirst Published Oct 10, 2020, 7:30 PM IST
Highlights

സര്‍ക്കാര്‍ തലത്തില്‍ ഗുരുവിന് ആദരം അര്‍പ്പിക്കണം എന്ന ആലോചനയെ തുടര്‍ന്നാണ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിക്ക് ഗുരുവിന്റെ പേര് നല്‍കിയത്.
 

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അക്കാദമിക് മികവ്, ഭരണ മികവ് എന്നിവ കണക്കിലെടുത്താണ് നിയമനം നടത്തിയത്. അത്തരം മാനദണ്ഡം മാത്രമേ ഇവിടെയും പരിഗണിച്ചുള്ളൂ.  സംസ്ഥാനത്തെ വിസിമാരുടെ പട്ടികയും മുഖ്യമന്ത്രി വായിച്ചു. യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട ചിലര്‍ക്ക് തെറ്റിദ്ധാരണയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പണ്‍ സര്‍വകലാശാലക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നല്‍കിയത് യാദൃച്ഛിക തീരുമാനമല്ല. വിദ്യാഭ്യാസത്തിന് ഉയര്‍ന്ന പരിഗണന നല്‍കിയ നവോത്ഥാന നായകനാണ് ശ്രീനാരായണ ഗുരു. എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കണമെന്ന ചിന്തയോടെ അദ്ദേഹം പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ തലത്തില്‍ ഗുരുവിന് ആദരം അര്‍പ്പിക്കണം എന്ന ആലോചനയെ തുടര്‍ന്നാണ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിക്ക് ഗുരുവിന്റെ പേര് നല്‍കിയത്. പ്രത്യേകിച്ച് ഗുരുവചനങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ള ഇക്കാലത്ത്.

എന്നാല്‍ തിരിച്ചറിയേണ്ട കാര്യമുണ്ട്. ആ യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനം സാധാരണ യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനം പോലെത്തന്നെ ആയിരിക്കും. അവിടെ അക്കാദമിക് വിദഗ്ധരും ആ മേഖലയിലെ വിദഗ്ധരുമാകും നിയമിക്കപ്പെടുക. മറ്റെന്തെങ്കിലും കണ്ടുള്ള നിയമനമാകില്ല നടക്കുക. തെറ്റിദ്ധാരണ എവിടെയോ ഉണ്ടായെന്നാണ് തോന്നുന്നത്. മഹാനായ ഗുരുവിന്റെ പേര് നല്‍കിയപ്പോള്‍ എല്ലാവരും അംഗീകരിച്ചു. നല്ലതിന്റെ കൂടെ നില്‍ക്കാനാണ് വെള്ളാപ്പള്ളിയെപ്പോലുള്ളവര്‍ ശ്രദ്ധിക്കേണ്ടത്. മറ്റെന്തെങ്കിലും ഉദ്ദേശ്യത്തോടെ അതിനെ വിലകുറച്ച് കാണിക്കാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 

click me!