തൃശൂരിലെ ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണയോടെ പ്രസിഡന്റായ കോണ്‍ഗ്രസ് അംഗം നിധീഷിനോട് നേതൃത്വം രാജിവെക്കാന്‍ ആവശ്യപ്പെട്ടു. രാജിക്ക് വിസമ്മതിച്ചതിനെ തുടര്‍ന്ന് നിധീഷിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.

തൃശൂര്‍: എസ്ഡിപിഐ പിന്തുണയില്‍ തൃശൂരിലെ കോണ്‍ഗ്രസില്‍ നടപടി. എസ്ഡിപിഐ പിന്തുണയില്‍ ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡന്‍റായ നിധീഷിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി. ആകെ 14 അംഗങ്ങളില്‍ എല്‍ഡിഎഫ്- 6, യുഡിഎഫ്- 5, എസ്ഡിപിഐ- 2 ബിജെപി- ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ രണ്ടംഗങ്ങളും നിധീഷിനെ പിന്തുണച്ചു. എന്നാല്‍ എസ്ഡിപിഐ പിന്തുണയില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നിധീഷിനോട് രാജിവെയ്ക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നിന്ന് രാജിവെക്കണമെന്ന നിര്‍ദേശമെത്തി. തുടര്‍ന്ന് ഡിസിസി നേതൃത്വം നിധീഷിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. ഇതോടെയാണ് നിധീഷിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത്.

മറ്റിടങ്ങളിൽ രാജി, ചൊവ്വന്നൂരിൽ രാജിയില്ല

ചൊവ്വന്നൂര്‍ പഞ്ചായത്ത് രൂപീകരിച്ചത് മുതല്‍ ഒരു ടേമില്‍ നാല് വര്‍ഷം മാത്രമാണ് യുഡിഎഫ് പഞ്ചായത്ത് ഭരിച്ചിട്ടുള്ളത്. ബാക്കി എല്ലാം എല്‍ഡിഎഫ്. ആയിരുന്നു. ഇടതുമുന്നണിയെ ഭരണ നേതൃത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് എസ്ഡിപിഐ കോണ്‍ഗ്രസിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എ എം നിധീഷ് പ്രസിഡന്റായും വൈസ് പ്രസിഡന്റായി സെബെറ്റ വര്‍ഗീസും തെരഞ്ഞെടുക്കപ്പെട്ടു. 

എസ്ഡിപിഐ പിന്തുണയോടെ ഭരണം പിടിച്ചടക്കിയ മറ്റ് സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനങ്ങള്‍ രാജിവെച്ചെങ്കിലും ചൊവ്വന്നൂരില്‍ സംസ്ഥാന നേതൃത്വം പറഞ്ഞാലും രാജിവെക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന പരാതിയില്‍, സംസ്ഥാന ജില്ലാ നേതാക്കള്‍ സ്ഥിരമായി സന്ദര്‍ശിച്ച് അണികള്‍ക്ക് ആവേശം പകര്‍ന്ന പഞ്ചായത്താണ് ചൊവ്വന്നൂര്‍.

പഞ്ചായത്ത് ഭരണത്തിനു വേണ്ടി വര്‍ഗീയ ശക്തികളുമായി കൂട്ടുചേര്‍ന്ന കോണ്‍ഗ്രസ് ഭാവിയില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് സിപിഎം ഏരിയാ കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ വര്‍ഗീയ കൂട്ടുകെട്ടിനെതിരെ ജനധിപത്യ മതനിരപേക്ഷത സംരക്ഷിക്കാന്‍ ജനകീയ പ്രതിഷേധമുയരണമെന്ന് സിപിഎം കുന്നംകുളം ഏരിയാ കമ്മറ്റി സെക്രട്ടറി കെ കൊച്ചനിയന്‍ ആവശ്യപ്പെട്ടു.