
തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീറിന്റെ അപകട മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവർത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവർത്തകർക്കിടയിൽ ശ്രദ്ധേയനായിരുന്നു ബഷീര്‍ എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
അകാലത്തിലുള്ള വിയോഗത്തിലൂടെ ഭാവിയുള്ള മാധ്യമ പ്രവർത്തകനെയാണ് നഷ്ടപ്പെട്ടത്. കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ചാണ് കെ മുഹമ്മദ് ബഷീര്‍ മരണപ്പെട്ടത്.
അമിത വേഗതയിൽ എത്തിയ വാഹനം തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വൈദ്യ പരിശോധനയിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, താനല്ല സുഹൃത്താണ് വാഹനമോടിച്ചതെന്ന് ശ്രീറാം പൊലീസിനോട് പറഞ്ഞു. ഇത് സ്ഥിരീകരിക്കുന്നതിനായി അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണ് കാറൊടിച്ചിരുന്നതെന്നാണ് അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരായ ഷഫീക്ക്, മണികുട്ടൻ എന്നിവരുടെ വെളിപ്പെടുത്തല്‍.
ശ്രീറാം തന്നെയാണ് കാറൊടിച്ചതെന്ന് അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറായ മണികുട്ടൻ പറഞ്ഞു. കാർ അമിതവേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്നും ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നും മണികുട്ടൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ പ്രോജക്ട് ഡയറക്ടർ, ഹൗസിങ് കമ്മിഷണർ, ഹൗസിങ് ബോർഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നൽകിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam