'ഒപ്പ് എന്‍റേതുതന്നെ, വ്യാജമല്ല'; വിവാദത്തില്‍ ലീഗിന് ബിജെപിയെ സഹായിക്കാന്‍‌ ആവേശമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Sep 3, 2020, 6:48 PM IST
Highlights

ബിജെപിയുടെ ആരോപണം 'ഒക്കെ ചങ്ങാതിമാര്‍' എങ്ങനെ ഏറ്റെടുക്കാതിരിക്കും.  ബിജെപി പറഞ്ഞാല്‌ ലീഗും യുഡിഎഫും ഏറ്റെടുക്കും. 

തിരുവനന്തപുരം:  കേരളത്തില്‍ നിന്നും പുറത്തു പോയ സമയത്ത് തന്‍റെ വ്യാജ ഒപ്പിട്ട് സെക്രട്ടേറിയറ്റിൽ നിന്നും ഫയൽ പാസാക്കിയെന്ന ബിജെപിയുടെ ആരോപണം തള്ളി മുഖ്യമന്ത്രി. ഫയലിലെ ഒപ്പ് തന്‍റെ ഒപ്പ് തന്നെയാണെന്നും സാധാരണ ഗതിയില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാകാം ബിജെപിയുടെ ആരോപണമെന്നും മുഖ്യന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നേരത്തെ ഇതുപോലൊരു ആരോപണം വന്നതാണ്. മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നുവെന്ന കെസി ജോസഫിന്‍റെ ആരോപണത്തിന് അന്ന് നല്‍കിയ വിശദീകരണം നേരത്തേ മുന്നിലുണ്ട്.  ഫയലുകള്‍ ഇലക്ട്രോണിക് സംവിധാനം വഴി മുഖ്യമന്ത്രിക്ക് അയച്ച് കൊടുത്ത് തീര്‍പ്പാക്കേണ്ട ഫയലുകളില്‍ നടപടി സ്വീകരിക്കുകയാണ്  ചെയ്തത്. ഫിസിക്കല്‍ ഫയലുകളിലും ഇലക്ട്രോണിക് ഫയലുകളുമെല്ലാം അത്തരത്തില്‍ ഒപ്പിട്ട് അയച്ചിട്ടുണ്ട്.

ഇത് നേരത്തെ മുതല്‍ സ്വീകരിച്ച് വരുന്ന നടപടി ക്രമമാണ്. ബിജെപി കൊണ്ടുവന്ന ഒപ്പ് എന്‍റെ ഒപ്പാണ്, അന്ന് മലയാള ഭാഷാ ദിനാചരണത്തിന്‍റെ ഫയല്‍ മാത്രമല്ല ഒപ്പിട്ടത്. 2018 സെപ്തംബര്‍ 6ന് വന്ന 39 ഫയലുകള്‍ ഒപ്പിട്ടിട്ടുണ്ട്. ഐ പാഡില്‍ ഫയലിന്‍റെ വിശദാംശങ്ങള്‍ വായിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി. ആറിന് ഫയല്‍ കിട്ടി, ആ ഫയല്‍ ഒപ്പിട്ട് തിരിച്ച് നല്‍കിയതിന്‍റെ രേഖ എന്‍റെ കയ്യിലുണ്ട്. എല്ലാ ദിവസവും ഇങ്ങനെ തനിക്ക് ഫയലുകള്‍ ലഭിക്കുമായിരുന്നു. അവയെല്ലാം നോക്കി അംഗീകരിക്കേണ്ടത് അംഗീകരിച്ച്, തിരിച്ച് അയക്കേണ്ടത് അയക്കാറുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ബിജെപി ആരോപണത്തിന് പിന്തുണയുമായി വന്ന ലീഗിനെയും കോണ്‍ഗ്രസിനെയും പിണറായി പരിഹസിച്ചു. ബിജെപിയുടെ ആരോപണം 'ഒക്കെ ചങ്ങാതിമാര്‍' എങ്ങനെ ഏറ്റെടുക്കാതിരിക്കും.  ബിജെപി പറഞ്ഞാല്‌ ലീഗും യുഡിഎഫും ഏറ്റെടുക്കും. ആരോപണം ഉന്നയിച്ച ആള്‍ക്ക് ഒരു പക്ഷേ ഇതിലെ സാങ്കേതികത്വം അറിയില്ലായിരിക്കാം. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് അറിയാതിരിക്കാന്‍ വഴിയില്ല. 2013 ഓഗസ്റ്റ് മുതല്‍ ഇത്തരം ഫയലുകള്‍ ഇ- ഓഫീസ് ഫയലുകള്‍ വഴി തീര്‍പ്പാക്കാറുണ്ട്.

കോണ്‍ഗ്രസിനെക്കാളും വാശിയില്‍‌ ലീഗാണ് ചില കാര്യങ്ങളില്‍ ബിജെപിയെ സഹായിക്കുന്നത്. ഈ ഒപ്പ് ആരോപണം അല്‍പ്പം ഗവേഷണം നടത്തി കണ്ടെത്തിയതാണല്ലോ, തീരെ അറിയാതെ ചെയ്തതാവില്ല. കുറച്ച് നേരത്തേക്ക് പുക മറ ഉണ്ടാക്കാനായി ചെയ്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. താന്‍ ഒപ്പിട്ട ഫയലുകള്‍ ബിജെപി നേതാക്കള്‍ക്ക് കിട്ടിയത് സംബന്ധിച്ച് അന്വേഷിക്കുമെന്നും പിണറായി പറഞ്ഞു.

click me!