വിക്ടേഴ്‌സ് ചാനല്‍ ഇനി ഡിടിഎച്ചിലും; കേന്ദ്രത്തിന് കത്തയച്ചിട്ടും മറുപടി നല്‍കിയില്ലെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Jun 4, 2020, 7:26 PM IST
Highlights

കൈറ്റും പൊതുവിദ്യഭ്യാസ വകുപ്പും  തുടർച്ചയായി  ആവശ്യപ്പെട്ടതനുസരിച്ച് ഡിടിഎച്ച് ശൃംഖലകളിൽ വിക്ടേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്തു തുടങ്ങിയെന്ന് മുഖ്യമന്ത്രി. 

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാ കുട്ടികളിലേക്കും എത്തിക്കുന്നതിനായി കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ ഡിടിഎച്ച് ശൃംഖലയിലും ഉള്‍പ്പെടുത്താന്‍ അനുമതി ആവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനും കേന്ദ്ര വാർത്താ വിതരണ മന്ത്രിക്കും കത്തയച്ചിട്ട് ഇതുവരെ അനുകൂല പ്രതികരണം ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൈറ്റ് വിക്ടേർസ് ചാനൽ നേരത്തെ തന്നെ വിവിധ കേബിൾ ശൃംഖലകളിൽ ലഭ്യമാക്കിയിരുന്നു. അത് കുട്ടികൾക്ക് പ്രയോജനകരമായി. ഇപ്പോള്‍ ഡിടിഎച്ചിലും ലഭ്യമാണ്. ഇതിന് സഹായിച്ച എല്ലാ ഓപ്പറേറ്റർമാരോടും നന്ദി പറയുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് അവലോകനയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൈറ്റും പൊതുവിദ്യഭ്യാസ വകുപ്പും  തുടർച്ചയായി  ആവശ്യപ്പെട്ടതനുസരിച്ച് ഡിടിഎച്ച് ശൃംഖലകളിൽ വിക്ടേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്തു തുടങ്ങി. പിന്നാക്കാവസ്ഥയിലുള്ള കേബിള്‍ ടിവി കണക്ഷനില്ലാത്ത വിദ്യാര്‍ഥികളുടെ വീടുകളിലേക്ക് സൗജന്യ കണക്ഷന്‍ നല്‍കാന്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്.

 പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിനൊപ്പം നിന്ന വിവിധ ഡിടിഎച്ച് സേവന ദാതാക്കളോടും സംസ്ഥാന സർക്കാരിന്റെ നന്ദി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള വിഷനിൽ രണ്ട് ചാനലുകളിൽ ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രദർശനം തുടങ്ങിയിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്ത കുട്ടികൾക്കായി സൗകര്യം ഒരുക്കാൻ വിവിധ സംഘടനകളും സ്ഥാപനങ്ങളും സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.

ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമില്ലാത്തവര്‍ക്ക് കെഎസ്ടിഎ ആദ്യഘട്ടത്തിൽ 2500 ടിവികളും കേരള എൻജിഒ യൂണിയൻ 50 ലക്ഷം രൂപയുടെ ടിവികളും വാങ്ങി നൽകും. ബിപിസിഎൽ 50 ലക്ഷം അനുവദിച്ചു. കേരള ഗസറ്റഡ് ഓഫീസേർസ് അസോസിയേഷനും അപ്പോളോ ടയേർസ് ലിമിറ്റഡും നൂറ് വീതം ടിവികൾ നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

click me!