'തെറ്റിദ്ധാരണയായിരുന്നെങ്കില്‍ തിരുത്തിയേനെ'; കേന്ദ്രമന്ത്രിമാര്‍ക്കും മേനകയ്ക്കുമെതിരെ പിണറായി

By Web TeamFirst Published Jun 4, 2020, 6:50 PM IST
Highlights

കൊവിഡ് 19 നേരിടുന്നതില്‍ കാണിച്ച പ്രതിരോധത്തിന് കേരളത്തിന് ലഭിച്ച ഖ്യാതിയെ ഇല്ലാതാക്കി കളയാമെന്നും വിദ്വേഷം പടര്‍ത്താമെന്നും ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് വ്യാമോഹമാണെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിനെതിരെയും പ്രത്യേകിച്ച് മലപ്പുറത്തിന്റെ പേരെടുത്ത് പറഞ്ഞും സംഘടിതമായ പ്രചാരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മിണ്ടാപ്രാണിയുടെ മരണം പ്രത്യേകിച്ച് ഗർഭാവസ്ഥയിൽ വേദനയുളവാക്കുന്നതാണ്. എന്നാൽ കേരളത്തിനെതിരെ, പ്രത്യേകിച്ച് മലപ്പുറത്തിന്റെ പേരെടുത്ത് പറഞ്ഞ് സംഘടിതമായ പ്രചാരണം നടക്കുകയാണ്.

പാലക്കാട് മണ്ണാർകാടാണ് ആന ചരിഞ്ഞത്. കേന്ദ്ര മന്ത്രിയടക്കമുള്ളവർ വസ്തുതാ വിരുദ്ധമായ ക്യാമ്പയിന്‍ നടത്തുന്നു. കേരളത്തെയും മലപ്പുറത്തെയും അപകീർത്തിപ്പെടുത്താനാണ് ശ്രമം. ഇത് ശരിയായ രീതിയല്ല. കേരളത്തിന്‍റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ല.

മനുഷ്യനും മൃഗങ്ങളും വൃക്ഷങ്ങളും ജലാശയങ്ങളും എല്ലാം ചേര്‍ന്നതാണ് പ്രകൃതി. അതിന്‍റെ സന്തുലിതാവസ്ഥ ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായി മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാന്‍ എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കും. എന്നാല്‍, കൊവിഡ് 19 നേരിടുന്നതില്‍ കാണിച്ച പ്രതിരോധത്തിന് കേരളത്തിന് ലഭിച്ച ഖ്യാതിയെ ഇല്ലാതാക്കി കളയാമെന്നും വിദ്വേഷം പടര്‍ത്താമെന്നും ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് വ്യാമോഹമാണെന്നാണ് പറയാനുള്ളത്.

തെറ്റിദ്ധാരണയുടെ ഭാഗമായി പറഞ്ഞതാണെങ്കില്‍ മേനകാ ഗാന്ധി തിരുത്തുമായിരുന്നു. തിരുത്താന്‍ തയാറാകാതിരിക്കുന്നത് ബോധപൂര്‍വ്വം പറഞ്ഞതാണ് എന്നാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ, സ്ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തില്‍  ജില്ലയുടെ പേരെടുത്ത് പറഞ്ഞ് നടത്തുന്ന വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ങ്ങള്‍ കൂടുന്നതിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ നടപടികളെടുക്കും.

എന്നാല്‍ വിദ്വേഷ പ്രചാരണം അഴിച്ചുവിടാൻ ചിലർ ഈ ദുരന്തം ഉപയോഗിച്ചതിൽ ഖേദമുണ്ടെന്ന് പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു. 
മനുഷ്യ-വന്യജീവി സംഘർഷങ്ങള്‍ കൂടിയതിന് പിന്നിലെ കാരണങ്ങൾ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. കാലാവസ്ഥാ വ്യതിയാനം പ്രാദേശിക സമൂഹങ്ങളെയും മൃഗങ്ങളെയും പ്രതികൂലമായി ബാധിക്കും.

എന്നാല്‍ ചിലര്‍ ഈ ദുരന്തത്തെ വിദ്വേഷ പ്രചാരണം അഴിച്ചുവിടാനായി ഉപയോഗിച്ചു. അത്തരം പ്രചാരണങ്ങള്‍ ഖേദകരമാണ്. കൃത്യമല്ലാത്ത വിവരണങ്ങളും അര്‍ദ്ധ സത്യങ്ങളും പ്രചരിപ്പിച്ച് സത്യത്തെ ഇല്ലാതാക്കാനാണ് ചിലര്‍ ശ്രമിച്ചത്. ആനയുടെ മരണത്തില്‍ മുന്‍ധാരണകളോടെ വര്‍ഗ്ഗീയ മാനം നല്‍കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും പിണറായി പറഞ്ഞു.

click me!