Latest Videos

'അതിൽ പൂജ്യമുണ്ടാകും ഒന്നുണ്ടാകില്ലെന്ന് മാത്രം', ബിജെപി ഒരിടത്തും 2-ാം സ്ഥാനത്ത് പോലും എത്തില്ലെന്ന് പിണറായി

By Web TeamFirst Published Apr 26, 2024, 10:08 AM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ബിജെപിക്ക് നേരത്തെ തന്നെ സ്വീകാര്യതയില്ല. വലിയ പ്രചാരണം നടത്തുന്നുണ്ടെങ്കിലും ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് പോലും ഉണ്ടാകില്ലെന്ന് ഉറപ്പാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. പത്ത് സീറ്റ് ലഭിക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശത്തോട് മുഖ്യമന്ത്രി പരിഹാസത്തോടെയാണ് പ്രതികരിച്ചത്. അതിൽ പൂജ്യമുണ്ടാകും ഒന്നുണ്ടാകില്ലെന്ന് മാത്രം എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. 

മുഖ്യമന്ത്രിയുടെ വാക്കുകൾ...

എൽഡിഎഫിന് കേരളം ചരിത്ര വിജയം സമ്മാനിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്ന് മുഖ്യന്ത്രി പിണറായി വിജയൻ. രാജ്യത്താകെ ബിജെപിക്കെതിരെയുള്ള ജന മുന്നേറ്റമാണ് കാണുന്നത്. രാഷ്ട്രത്തിന്റെ സംരക്ഷണത്തിന് ഇതാണ് ഏറ്റവും പ്രധാനപ്പെട്ട അവസരമെന്ന് ഇന്ത്യയിലെ ജനങ്ങൾ തിരിച്ചറിഞ്ഞ് ബിജെപിക്കെതിരെയുള്ള വലിയൊരു മുന്നേറ്റം എല്ലായിടത്തും ഉയര്‍ന്നുവരികയാണെന്നും വോട്ട് ചെയ്ത ശേഷം മുഖ്യമന്ത്രി മാധ്യങ്ങളോട് പ്രതികരിച്ചു.

കേരളത്തിൽ ബിജെപിക്ക് നേരത്തെ തന്നെ സ്വീകാര്യതയില്ല. വലിയ പ്രചാരണം നടത്തുന്നുണ്ടെങ്കിലും ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് പോലും ഉണ്ടാകില്ലെന്ന് ഉറപ്പാണ്. കേരളത്തെ എങ്ങനെ തകര്‍ക്കാമെന്ന് ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ശ്രമിച്ചു. ഇതിനെതിരെ പ്രതികരിക്കേണ്ട യുഡിഎഫ് കേരള വിരുദ്ധ സമീപനം സ്വീകരിച്ചു. ജനങ്ങൾ വലിയ മനോവേദനയോടെയാണ് ഇത് ഉൾക്കൊണ്ടത്. അതിനെതിരായ വികാരം അലയടിക്കും. എൽഡിഎഫ് സ്ഥാനാര്‍ത്ഥി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കേരളത്തിൽ പത്ത് സീറ്റ് നേടുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതെന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് പൊട്ടിച്ചിരി ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതിൽ പൂജ്യമുണ്ടാകും ഒന്നുണ്ടാകില്ലെന്ന് മാത്രം എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഗോൾവാൾക്കറുടെ മുമ്പിൽ താണുവണങ്ങുന്നവര്‍ക്ക് മാത്രമേ ആ അന്തര്‍ധാര ഉണ്ടാക്കാൻ കഴിയൂ. എല്ലാ കാലത്തും വര്‍ഗീയതക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് സിപിഎം. അതിൽ ആര്‍എസ്എസിന്റെ കൊലക്കത്തിക്ക് ഇരയായ നിരവധി സഖാക്കൾ ഇവിടെയുണ്ട്. അതൊന്നും ഇപ്പോൾ ഓര്‍മിപ്പിക്കേണ്ടല്ലോ എന്നായിരുന്നു മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന് നൽകിയ മറുപടി

.'പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപി', 'ദല്ലാൾ' ബന്ധം ഇപിയുടെ ജാഗ്രതക്കുറവ്, കുറ്റപ്പെടുത്തി പിണറായി


click me!