ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉയർത്തിയ ആരോപണങ്ങളിൽ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു. ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും, വിഷയമുണ്ടെങ്കിൽ ബിന്ദു മേനോന് മുഖ്യമന്ത്രിയെ നേരിട്ട് വിളിക്കാമായിരുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉയർത്തിയ ആരോപണങ്ങളിൽ പ്രതികരിച്ച് മന്ത്രി ആർ. ബിന്ദു. ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും എന്തെങ്കിലും വിഷയമുണ്ടെങ്കിൽ മുഖ്യമന്ത്രിയെ തന്നെ അവർക്ക് നേരിട്ട് വിളിക്കാമായിരുന്നുവെന്നും ബിന്ദു അഭിപ്രായപ്പെട്ടു. ഗണേഷ് സംസ്ഥാന മന്ത്രിസഭയിലെ അംഗമാണ്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ പ്രതികരിയ്ക്കുന്നത് ശരിയല്ല. സ്ത്രീകൾക്ക് മാന്യത ഉറപ്പാക്കുന്ന സമൂഹമാണ് ഇടത് കാഴ്ചപ്പാടെന്നും മന്ത്രി വിശദീകരിച്ചു.
സംസ്ഥാന ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാറിനെതിരെ അതീവ ഗുരുതരമായ വെളിപ്പെടുത്തലുകളുമായാണ് ഭാര്യ ബിന്ദു മേനോൻ രംഗത്തെത്തിയത്. രണ്ട് മാസം മുൻപ് വാളകത്തെ വീട്ടിൽ വെച്ച് ഗണേഷ് കുമാറിനെ അതീവ മോശമായ സാഹചര്യത്തിൽ താൻ നേരിട്ടു കണ്ടുവെന്നും ഇതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. തനിക്ക് മാനസികാസ്വാസ്ഥ്യമാണെന്ന് വരുത്തിത്തീർക്കാൻ മന്ത്രി ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ എല്ലാം തുറന്നു പറയുന്നതെന്നും ബിന്ദു വ്യക്തമാക്കി. വർഷങ്ങളായി താൻ ഇതെല്ലാം സഹിക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
വാളകത്തെ വീട്ടിൽ വെച്ച് മന്ത്രിയെ മോശം സാഹചര്യത്തിൽ കണ്ടപ്പോൾ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച തന്നെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ തടഞ്ഞുവെന്നും ബിന്ദു ആരോപിച്ചു. സ്റ്റാഫായ ശാന്തൻ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുകയും പ്രദീപ് എന്നയാൾ മുറിയുടെ വാതിൽ അടച്ച് തന്നെ തടയുകയും ചെയ്തു. അവിടെയുണ്ടായിരുന്ന സ്ത്രീയെ ശാന്തൻ തന്നെ കാറിൽ കയറ്റി വിടുകയായിരുന്നു. പിന്നീട് മന്ത്രി മുറിയിൽ കയറി വാതിൽ അടച്ചു. "സാറിന് ഒരു തെറ്റ് പറ്റിപ്പോയി" എന്ന് സെക്രട്ടറി മനോജ് തന്നോട് സമ്മതിച്ചതായും ബിന്ദു മേനോൻ വെളിപ്പെടുത്തി.
സംഭവദിവസം മുൻ ഡിജിപി ശ്രീലേഖയുടെ നിർദ്ദേശപ്രകാരം പോലീസിനെ വിളിച്ചെങ്കിലും അവർ സഹായിക്കാൻ തയ്യാറായില്ലെന്ന് ബിന്ദു പറഞ്ഞു. നടന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ മകളോട് സംസാരിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി. മന്ത്രിക്കെതിരെ നിലവിൽ നിയമനടപടികൾക്ക് താൻ താല്പര്യപ്പെടുന്നില്ലെന്നും എന്നാൽ തന്റെ ആത്മാഭിമാനം സംരക്ഷിക്കാനാണ് ഈ കാര്യങ്ങൾ പുറത്തു പറയുന്നതെന്നും ബിന്ദു മേനോൻ പറഞ്ഞു.


