പിഎം ശ്രീയില്‍ പുനഃപരിശോധന; മന്ത്രിസഭ ഉപസമിതി പദ്ധതി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി, 'റിപ്പോര്‍ട്ട് വരുംവരെ പദ്ധതി മരവിപ്പിക്കും'

Published : Oct 29, 2025, 05:06 PM ISTUpdated : Oct 29, 2025, 05:45 PM IST
pinarayi vijayan

Synopsis

മന്ത്രിസഭ ഉപസമിതി പദ്ധതി പരിശോധിക്കുമെന്നും റിപ്പോര്‍ട്ട് വരുംവരെ പദ്ധതി മരവിപ്പിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏഴംഗ മന്ത്രിസഭാ ഉപസമിതിയാണ് പദ്ധതി പരിശോധിക്കുക.

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭ ഉപസമിതി പദ്ധതി പരിശോധിക്കുമെന്നും റിപ്പോര്‍ട്ട് വരുംവരെ പദ്ധതി മരവിപ്പിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏഴംഗ മന്ത്രിസഭാ ഉപസമിതിയാണ് പദ്ധതി പരിശോധിക്കുക. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായ സമിതിയില്‍ കെ രാജന്‍, റോഷി അഗസ്റ്റിന്‍, പി രാജീവ്, പി.പ്രസാദ്, കെ.കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍ എന്നിവരാണ് അംഗങ്ങള്‍. സമിതിയുടെ റിപ്പോര്‍ട്ട് വരുംവരെ പദ്ധതി മരവിപ്പിക്കുമെന്ന കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്ഐആര്‍) തിടുക്കപ്പെട്ട് നടപ്പാക്കുന്നതിൽ ആശങ്കയുണ്ടെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം ഒപ്പുവച്ച് ഏഴാം നാളാണ് സംസ്ഥാനത സര്‍ക്കാര്‍ പിന്‍വാങ്ങുന്നത്. സിപിഐ ഉയര്‍ത്തിയ ശക്തമായ പ്രതിഷേധമാണ് സര്‍ക്കാര്‍ നടപടിക്ക് കാരണം. 9 വർഷത്തിനിടെ ആദ്യമായാണ് പിണറായി വിജയന്‍ സിപിഐയ്ക്ക് മുന്നിൽ കീഴടങ്ങുന്നത്. പദ്ധതി പരിശോധിക്കുന്നതിനുള്ള ഉപസമിതിയിൽ സിപിഐയിൽ നിന്ന് രണ്ട് മന്ത്രിമാരുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യങ്ങള്‍ അവഗണിച്ച് തിടുക്കപ്പെട്ട് സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്‌ഐആര്‍) നടപ്പാക്കുന്നതില്‍ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തുടര്‍നടപടി തീരുമാനിക്കാന്‍ നവംബര്‍ 5ന് വൈകിട്ട് നാലിന് സര്‍വകക്ഷിയോഗം വിളിച്ച് ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചുവെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

വന്‍ പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ക്ഷേമ പെന്‍ഷനും ആശമാരുടെ അലവന്‍സും കൂട്ടാനും സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശ്ശികയില്‍ ഒരു ഗഡും അനുവദിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ബജറ്റ് അവതരണത്തിന് സമാനമായ ജനക്ഷേമ പ്രഖ്യാപനങ്ങള്‍. ക്ഷേമ പെന്‍ഷന്‍ 400 രൂപ കൂട്ടുന്നതോടെ 1600 ല്‍ നിന്നും 2000 രൂപയായി വര്‍ധിപ്പിച്ചു. ഇതിനായി 13,000 കോടി നീക്കിവെക്കും. സ്ത്രീ സുരക്ഷയ്ക്ക് പുതിയ പദ്ധതി നടപ്പാക്കുമെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഒരുലക്ഷത്തില്‍ താഴെ വരുമാനമുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവാക്കള്‍ക്ക് പ്രതിമാസം ആയിരം രൂപ സ്‌കോളര്‍ഷിപ്പ് അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീസുരക്ഷയ്ക്ക് പുതിയ പദ്ധതി ആരംഭിക്കും. ട്രാൻസ് സ്ത്രീകൾ അടക്കം പാവപ്പെട്ട സ്ത്രീകൾക്ക് പുതിയ പദ്ധതി വഴി പ്രതിമാസം സഹായം ലഭിക്കും. നിലവിൽ ഏതെങ്കിലും സഹായം കിട്ടാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ സ്ത്രീ സുരക്ഷ പെൻഷൻ നല്‍കാനാണ് ഇന്ന് ചേര്‍ന്ന് മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്.

പ്രതിവർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്ക് പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ് നല്‍കാനും തീരുമാനം. ക്ഷേമ പെന്‍ഷന്‍  1600 രൂപയില്‍ നിന്ന് 2000 രൂപയായി ഉയര്‍ത്തിയെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ആശ വര്‍ക്കര്‍മാരുടെയും അങ്കണവാടി ജീവനക്കാരുടെയും ഓണറേറിയം പ്രതിമാസം 1000 രൂപ കൂട്ടിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അങ്കണവാടിയിലെ ആയമാരുടെ പ്രതിമാസ വേതനവും. ആയിരം രൂപ കൂട്ടിയിട്ടുണ്ട്. നെല്ലിന്റ സംഭരണ വില 30 രൂപയാക്കി കൂട്ടി. റബറിന്‍റെ താങ്ങുവില 200 രൂപയാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ പദ്ധതികളും ആനുകൂല്യങ്ങളും കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഇത് നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തിരമായി നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്; മലയാളി യാത്രക്കാരുടെ പ്രശ്നങ്ങൾ റെയിൽവേ കേട്ടു, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ
പെരിന്തൽമണ്ണ ലീഗ് ഓഫീസ് ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ, നഗരത്തിൽ ഹര്‍ത്താൽ