
തിരുവനന്തപുരം: ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ ശ്രീലേഖയുടെ 'പ്രീ പോൾ സർവേ' പോസ്റ്റ് വിവാദത്തിൽ. പോസ്റ്റിനെതിരെ നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി. സൈബർ പൊലീസിന് റിപ്പോർട്ട് ചെയ്തെന്നും പോസ്റ്റ് ഗൗരവമായി കാണുന്നുവെന്നും കമ്മീഷൻ അറിയിച്ചു. അതേസമയം, വിവാദമായതോടെ ശ്രീലേഖ പോസ്റ്റ് ഡിലീറ്റ് ചെയ്തു. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎയ്ക്ക് മുൻതൂക്കം എന്ന സർവേ ഫലമാണ് ആർ ശ്രീലേഖ പങ്കുവച്ചത്. സി ഫോർ സർവേ പ്രീ പോൾ ഫലം എന്ന പേരിലാണ് ഇന്ന് രാവിലെ പോസ്റ്റർ പങ്കുവച്ചത്. പ്രീ പോൾ സർവേ ഫലം പ്രസിദ്ധീകരിക്കാൻ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശം. നേരത്തെ പ്രചാരണ ബോർഡുകളിൽ ഐപിഎസ് എന്ന് ഉപയോഗിച്ചതിനെതിരെയും പരാതി ഉയർന്നിരുന്നു.
അതേസമയം, സംഭവത്തിൽ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തിയിരുന്നു. ആർ ശ്രീലേഖ പ്രീ പോൾ സർവേ ഫലം പങ്കുവച്ചത് പെരുമാറ്റ ചട്ട ലംഘനമെന്ന് മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസം ഫേസ് ബുക്കിൽ പ്രീ പോൾ സർവേ ഫലം പങ്കുവച്ചത് ചട്ട വിരുദ്ധമാണെന്നാണ് ഉയരുന്ന വിമർശനം. ബന്ധപ്പെട്ട അധികൃതർ ഉചിതമായ നടപടികൾ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. 60 സീറ്റ് വരെ ബിജെപി പിടിക്കുമെന്ന് ശ്രീലേഖ പറയുന്നത് രാഷ്ട്രീയ അജ്ഞതയാണ്. കഴിഞ്ഞ തവണ യുഡിഎഫ് - ബിജെപി വോട്ടുകച്ചവടം ഉണ്ടായി. ഇത്തവണ യുഡിഎഫ് രംഗത്ത് ഉണ്ടായിരുന്നു. എൽഡിഎഫിന്‍റെ ജയസാധ്യതയെ ഇതൊന്നും ബാധിക്കില്ലെന്നും കോർപ്പറേഷൻ ഭരണം നിലനിർത്തുമെന്നും ശിവൻകുട്ടി അവകാശപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam