
കൊല്ലം: നരസിംഹ റാവുവിന്റെ കാലത്താണ് ബാബറി മസ്ജിദ് തകർക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്ന് മതനിരപേക്ഷ വാദികളായ കമ്മ്യൂണിസ്റ്റ് നേതാക്കൾ ഉൾപ്പെടെ നരസിംഹ റാവുവിനെ വിളിച്ചു. പരിധിക്ക് പുറത്തായിരുന്നു. ബാബറി മസ്ജിദ് പൂർണമായും തകർക്കപ്പെട്ടതിന് ശേഷമാണ് അദ്ദേഹത്തെ ഫോണിൽ കിട്ടിയത്. ബാബറി മസ്ജിദ് തകർത്തത് സംഘപരിവാറാണ്. എന്നാൽ അതിന് നിസംഗതയോടെ നിന്ന് എല്ലാ ഒത്താശയും ചെയ്തത് കോൺഗ്രസ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഒരു കാലത്തും ഇവിടെ വർഗീയത ശരിയായ രീതിയിലെതിർക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. എന്നാൽ എല്ലാ കാലത്തും ഇടതുപക്ഷം വർഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത സമീപനം സ്വീകരിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങൾ പലതരത്തിൽ വേട്ടയാടപ്പെടുകയാണ്. കോൺഗ്രസ് ഒരുകാലത്തും മതനിരപേക്ഷതയ്ക്ക് വേണ്ടി ശക്തമായി നിലകൊണ്ടിട്ടില്ല. കോൺഗ്രസ് എപ്പോഴും വർഗീയതയുമായി സന്ധി ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്. കോൺഗ്രസിന് അറിയപ്പെടുന്ന ഒട്ടേറെ നേതാക്കൾ ബിജെപിയുടെ നേതാക്കളാണ് ഇപ്പോൾ. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് വലിയ ഒഴുക്ക് നടക്കുകയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. വർഗീയ നിലപാട് സ്വീകരിക്കുന്ന സംഘപരിവാർ നേതാക്കൾ പോലെ സമാന നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ് നേതാക്കളുമുണ്ട്. പലതരത്തിലുള്ള മതവെറികൾ വളർത്താൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മതനിരപേക്ഷതയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ മതനിരപേക്ഷത വലിയ ഭീഷണി നേരിടുകയാണ്. ആർഎസ്എസിന്റെ നയമാണ് ബിജെപി നടപ്പിലാക്കുന്നത്. രാഷ്ട്രം മതാധിഷ്ഠിത രാഷ്ട്രമാക്കാനാണ് ശ്രമം. അതിനാവശ്യമായ ഇടപെടലാണ് നടത്തുന്നത്. എല്ലാ കാലത്തും മതനിരപേക്ഷത സംരക്ഷിക്കുന്നതിനായി നിലപാടുകളാണ് കമ്മ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചത്. കോൺഗ്രസ് ഒരുകാലത്തും മതനിരപേക്ഷതയ്ക്ക് വേണ്ടി ശക്തമായി നിലകൊണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസിന് രാജ്യത്ത് കൃത്യമായ നിലപാട് സ്വീകരിക്കാനാകുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗീയ സംഘടനകളുമായി കൊടുക്കൽ വാങ്ങലുകൾ നടത്താൻ യുഡിഎഫിന് കഴിഞ്ഞു. രണ്ട് സീറ്റിനു വേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാണിക്കുന്ന നിലയിലേക്ക് കോൺഗ്രസും യുഡിഎഫും മാറിയെന്നും പിണറായി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam