മാലിന്യത്തിൽ രാഷ്‌ട്രീയം കൊണ്ടുവരുന്നത് സിപിഎമ്മിന് ഉപകാരപ്പെടുമോയെന്ന് റഹിമും ശിവൻകുട്ടിയും ചിന്തിക്കണം. ഇനി സിപിഎം കാർ ഇറങ്ങിയാൽ എടുക്കാൻ മാലിന്യമില്ലെന്നും മേയർ പ്രതികരിച്ചു.

തിരുവനന്തപുരം: നഗരസഭയിലെ ഉദ്യോഗസ്ഥ സ്ഥമാറ്റത്തിൽ വിശദീകരണവുമായി തിരുവനന്തപുരം മേയർ വിവി രാജേഷ്. ഉദ്യോ​ഗസ്ഥരെ മാറ്റിയത് ഭരണപരമായ ചില ക്രമീകരണങ്ങൾക്ക് വേണ്ടിയാണെന്ന് മേയർ വ്യക്തമാക്കി. ആറ്റുകാൽ പൊങ്കാലയിലെ മാലിന്യ വിവാദവുമായി ന‌ടപടിക്ക് യാതൊരു ബന്ധവുമില്ലെന്നും മേയർ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിന് മുമ്പ് നടത്തേണ്ട ക്രമീകരണങ്ങൾ മാത്രമാണിത്. ഉദ്യോഗസ്ഥർ മാലിന്യനീക്കത്തിൽ പൂർണമായും സഹകരിച്ചുവെന്നും വി വി രാജേഷ് പറഞ്ഞു. മാലിന്യത്തിൽ രാഷ്‌ട്രീയം കൊണ്ടുവരുന്നത് സിപിഎമ്മിന് ഉപകാരപ്പെടുമോയെന്ന് റഹിമും ശിവൻകുട്ടിയും ചിന്തിക്കണം. ഇനി സിപിഎംകാർ ഇറങ്ങിയാൽ എടുക്കാൻ മാലിന്യമില്ലെന്നും മേയർ പ്രതികരിച്ചു.

ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട മാലിന്യ നീക്കത്തിൽ കോര്‍പ്പറേഷനും സര്‍ക്കാരും സിപിഎമ്മും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് കോര്‍പ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം ഉണ്ടായത്. ഭരണസൗകര്യാര്‍ഥം പത്തു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ മാറ്റി നിയമിക്കുന്നുവെന്നാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്. ആറ്റുകാൽ പൊങ്കാലക്കുശേഷം മാലിന്യം മുഴുവൻ നീക്കിയില്ലെന്ന് മന്ത്രി വി ശിവൻകുട്ടിയും സിപിഎമ്മും ആരോപണമുയർത്തിയിരുന്നു. ഇതുസംബന്ധിച്ച പരിശോധന നടത്തി റിപ്പോര്‍ട്ട് നൽകാൻ ശിവൻകുട്ടി ഇന്നലെ ആര്‍ഡിഒയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പത്തു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ മാറ്റി കൊണ്ട് ഉത്തരവിറക്കിയത്. മാലിന്യം നീക്കാൻ സിപിഎം നേരിട്ടിറങ്ങുമെന്നാണ് ആക്റ്റിംഗ് ജില്ലാ സെക്രട്ടറി എ എ റഹീമിന്റെ പ്രതികരണം.