'മതവിശ്വാസിയാകുന്നത് അന്ധവിശ്വാസമല്ല', അന്ധവിശ്വാസത്തിന് എതിരായ നിയമം ഉടനെന്ന് മുഖ്യമന്ത്രി

Published : Oct 17, 2022, 06:17 PM ISTUpdated : Oct 18, 2022, 03:54 PM IST
 'മതവിശ്വാസിയാകുന്നത് അന്ധവിശ്വാസമല്ല', അന്ധവിശ്വാസത്തിന് എതിരായ നിയമം ഉടനെന്ന് മുഖ്യമന്ത്രി

Synopsis

മതവിശ്വാസിയാകുന്നത് അന്ധവിശ്വാസമല്ല. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ് എതിര്‍ക്കുന്നത്. 

തിരുവനന്തപുരം: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ എത്രയും വേഗം നിയമം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതവിശ്വാസിയാകുന്നത് അന്ധവിശ്വാസമല്ലെന്നും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ് എതിര്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അനാചാരങ്ങളെ എതിര്‍ക്കുന്നത് മതവിശ്വാസത്തിന് എതിരാകില്ല. അന്ധവിശ്വാസങ്ങള്‍ക്ക് എതിരെ ജനങ്ങളുടെ ഇടപെടല്‍ ഉണ്ടാവണം. ജാതി, പേരിനോട് ചേർത്തിരുന്ന കാലത്ത് ജാതിവാൽ ഉപേക്ഷിച്ചതാണ് മന്നത്ത് പത്മനാഭൻ. ഇന്ന് പലരും വാശിയോടെ ജാതിപ്പേര് മക്കളുടെ പേരിനോട് ചേർക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 

ഇലന്തൂർ ഇരട്ട നരബലി കേസിന്‍റെ പശ്ചാത്തലത്തിൽ ആഭിചാരങ്ങളും മന്ത്രവാദങ്ങളും അടക്കമുള്ള കുറ്റകൃത്യങ്ങൾ തടയാൻ നിയമനിർമ്മാണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാല്‍പ്പര്യ ഹർജി നല്‍കി. കേരള യുക്തിവാദി സംഘത്തിന് വേണ്ടി അഭിഭാഷകനായ പി വി ജീവേഷാണ് ഹർജി നൽകിയത്. സമാനമായ കൊലപാതകങൾ കേരളത്തിൽ ഇതിനു മുൻപും നടന്നിരുന്നുവെന്നും ഈ സാഹചര്യത്തിൽ അടിയന്തരമായി ഇത്തരം അനാചാരങ്ങൾ തടയാൻ നിയമനിർമ്മാണം ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു.

മഹാരാഷ്ട്രയിൽ പാസാക്കപ്പെട്ട നിയമ നിർമാണത്തിന്‍റെ മാതൃകയിൽ ഇന്ത്യയിൽ മുഴുവൻ ബാധകമായ നിയമ നിർമ്മാണം കേന്ദ്ര ഗവൺമെന്‍റോ, സംസ്ഥാനമോ പാസാക്കണം എന്നാണ് ഹർജിയിലെ പ്രധാനപ്പെട്ട ആവശ്യം. ഈ ആവശ്യം കൂടാതെ സംസ്ഥാനത്ത് നടന്നിട്ടുള്ള എല്ലാ തിരോധാന കേസുകളും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചുകൊണ്ട് പുനരന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ദുർമന്ത്രവാദ കേന്ദ്രങ്ങൾ പൊലീസ് പരിശോധിച്ചു അടച്ചുപൂട്ടിക്കാൻ നടപടി വേണമെന്നും ഹർജിക്കാര്‍ ആവശ്യപ്പെടുന്നു. 

അനാചാരങ്ങൾ തടയാനായി ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്കാര കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകളിന്മേൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിക്കുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെ ആർ ജയാനന്ദന്റെ സ്ഥാനാർത്ഥിത്വം: എതിർപ്പുമായി ഡിവൈഎഫ്ഐ; ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കണമെന്ന് ആവശ്യം
മതിയായ സുരക്ഷ ഒരുക്കാതിരുന്നത് അപകടത്തിന് കാരണം, തൊട്ടു പിന്നിൽ അടുപ്പ് വെക്കരുതെന്ന കാര്യം പൊലീസുകാരോട് പറഞ്ഞു; വിജിഷയുടെ ഭർത്താവ്