'ലോകം ഓഡിയോ ബുക്കെന്ന് ചിന്തിക്കുന്നതിന് മുൻപ് അത് മറ്റൊരു സംവിധാനമായി കേരളത്തിലുണ്ടായിരുന്നു': മുഖ്യമന്ത്രി

Published : Jan 07, 2025, 02:22 PM IST
'ലോകം ഓഡിയോ ബുക്കെന്ന് ചിന്തിക്കുന്നതിന് മുൻപ് അത് മറ്റൊരു സംവിധാനമായി കേരളത്തിലുണ്ടായിരുന്നു': മുഖ്യമന്ത്രി

Synopsis

'കേരളത്തിൽ ഫിസിക്കൽ ബുക്ക് ഷോപ്പുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതായാണ് കാണുന്നത്. ഇ-റീഡിങ് വന്നപ്പോൾ പോലും പുസ്തകം കൈയിലെടുത്ത് അതിന്റെ പുതുമയുടെ ഗന്ധം ആസ്വദിച്ചു വായിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ നാടാണിത്' 

തിരുവനന്തപുരം : വായന മരിക്കുന്നു എന്നു ലോകത്തിന്റെ പല ഭാഗങ്ങളിലും പലരും പറഞ്ഞുകൊണ്ടിരുന്ന വേളയിൽ പോലും വായന തളിർക്കുന്ന അനുഭവം നിലനിന്ന നാടാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജൻ. ബീഡി തെറുത്തുകൊണ്ടിരിക്കെപ്പോലും പുസ്തകങ്ങൾ വായിച്ചു കേട്ടിരുന്നവരുടെ പൈതൃകമുള്ള നാടാണു നമ്മുടേത്. ജോലി ചെയ്യുമ്പോൾ ഒരാൾ വായിച്ചു കൊടുക്കുക. ലോകം - ഓഡിയോ ബുക്കിനെക്കുറിച്ചു സങ്കൽപിക്കുന്ന കാലത്തിനും മുമ്പ് ഇങ്ങനെ മറ്റൊരു രൂപത്തിൽ ഓഡിയോ ബുക്ക് സംവിധാനം ഏർപ്പെടുത്തിയവരുടെ സംസ്ഥാനമാണിതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ പുസ്തകോത്സവം ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തിൽ ഫിസിക്കൽ ബുക്ക് ഷോപ്പുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതായാണ് കാണുന്നത്. ഇ-റീഡിങ് വന്നപ്പോൾ പോലും പുസ്തകം കൈയിലെടുത്ത് അതിന്റെ പുതുമയുടെ ഗന്ധം ആസ്വദിച്ചു വായിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ നാടാണിത്. ഇന്ത്യയിൽ ആദ്യമായി പേപ്പർ ബാക്ക് ബുക്ക് വിപ്ലവം, അതായത് ഗ്രന്ഥങ്ങൾ ജനസാമാന്യത്തിന് എന്ന തത്വം മുൻനിർത്തിയുള്ള അക്ഷര വിപ്ലവം സാധ്യമാക്കിയ നാടാണ് കേരളമെന്നും മുഖ്യമന്ത്രി. 

'1956 ലാണെന്നു തോന്നുന്നു, തകഴിയുടെ ചെമ്മീനിന്റെ പതിനായിരം പ്രതികൾ ബുക്കൊന്നിനു കേവലം ഒന്നേകാൽ രൂപാ നിരക്കിൽ സാഹിത്യപ്രവർത്തക സഹകരണ സംഘം ജനങ്ങളിലേക്കെത്തിച്ചു. അതാണ് കേരളത്തിലെ പേപ്പർ ബാക്ക് വിപ്ലവം. ബുക്ക് റ്റു മാസസ്സ് വിപ്ലവത്തിന്റെ തുടക്കം. ബുക്ക് റ്റു മാസസ്സിൽ നിന്ന് ഒരുപടി കൂടി കടന്ന് ലിറ്ററേച്ചർ റ്റു മാസസ്സ് എന്ന നിലയിലേക്ക് പുസ്തകങ്ങളെയും സാഹിത്യത്തെയും കുറിച്ചുള്ള കേരളത്തിന്റെ സങ്കൽപം ഇന്ന് വളരുകയാണ്.

ഓരോ പഞ്ചായത്തിലും എട്ടു ഗ്രന്ഥശാലകൾ വരെയുള്ള ഏക സംസ്ഥാനം കേരളമായിരിക്കും. എണ്ണായിരത്തോളം വായനശാലകൾ കേരളത്തിലുണ്ട്. മുപ്പതോളം സാഹിത്യോത്സവങ്ങൾ കേരളത്തിലുണ്ട്. ചിലതു ചെറിയവ, ചിലതു വലിയവ. വയനാട്, പെരുവനം, പയ്യന്നൂർ, കടത്തനാട് എന്നിങ്ങനെ ഓരോ നാടിന്റെയും പേരിൽ വരെ അറിയപ്പെടുന്ന പുസ്തകോത്സവങ്ങൾ ഇന്നുണ്ട്. കുട്ടികളുടെ വായന പരിപോഷിപ്പിക്കാനുള്ള സംവിധാനങ്ങൾ നമുക്കുണ്ട്. വർഷംതോറും കോടിക്കണക്കിനു ബാലസാഹിത്യ പുസ്തകങ്ങൾ വിറ്റഴിക്കപ്പെടുന്നുമുണ്ട് ' - പിണറായി വിജയൻ പറഞ്ഞു.

ചുരുങ്ങിയ കാലത്തിനിടയിൽ തന്നെ വളരെ ശ്രദ്ധേയമായ ഒന്നായി മാറാൻ നമ്മുടെ നിയമസഭാ പുസ്തകോത്സവത്തിനു കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമാണെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. 

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരശ്ശീല വീഴും, ഇഞ്ചോടിഞ്ച് പോരാട്ടം, സമാപന ചടങ്ങില്‍ ടൊവിനോ തോമസ് മുഖ്യാതിഥി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: സ്വാഭാവിക ജാമ്യം തേടി മുരാരി ബാബു; കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും
Malayalam News live: ശബരിമല സ്വർണക്കൊള്ള - സ്വാഭാവിക ജാമ്യം തേടി മുരാരി ബാബു; കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും