Silverline : 'സില്‍വര്‍ലൈന് ബദലില്ല', സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്നത് തെറ്റ്, മുഖ്യമന്ത്രി

Published : Feb 22, 2022, 10:33 AM ISTUpdated : Feb 22, 2022, 01:02 PM IST
Silverline : 'സില്‍വര്‍ലൈന്  ബദലില്ല', സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്നത് തെറ്റ്, മുഖ്യമന്ത്രി

Synopsis

പരിസ്ഥിതിയെ കൂടി കണക്കിലെടുത്താകും പദ്ധതിയുടെ നിര്‍മ്മാണം.  പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ പഠനം നടക്കുകയാണെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സില്‍വര്‍ലൈനില്‍ (Silverline) മറ്റൊരു ബദലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) സഭയില്‍. പദ്ധതി സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്നത് അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രകൃതി ചൂഷണം പരമാവധി കുറച്ചാണ് പാത നിര്‍മ്മിക്കുകയെന്നും വിശദീകരിച്ചു. പരിസ്ഥിതിയെ കൂടി കണക്കിലെടുത്താകും പദ്ധതിയുടെ നിര്‍മ്മാണം. പദ്ധതി പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുമെന്നത് ശരിയല്ല. പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ പഠനം നടക്കുകയാണ്. പദ്ധതി പരിസ്ഥിതി സൗഹൃദമായി നടപ്പാക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നിലവിലുള്ള റെയിൽപാതയുടെ വികസനം സിൽവർലൈന് പകരമാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 626 വളവുകൾ നികത്തിയാൽ മാത്രമേ വേഗത കൂട്ടാനാകൂ. ഇതിന് രണ്ട് ദശാബ്ദമെങ്കിലും വേണം. സിൽവർലൈന്‍റെ മൊത്തം നീളത്തിന്‍റെ 55 ശതമാനം എം ബാങ്ക് മെന്‍റ് വേണ്ടി വരും. പക്ഷെ ഭൂരിഭാഗത്തിനും 5 മീറ്ററിൽ താഴെ മാത്രമാണ് ഉയരം. അതിവേഗ റെയിലിന്‍റെ സാധ്യതയെ കുറിച്ചുള്ള പഠനത്തിന് തുടക്കമിട്ടത് യുഡിഎഫ് സർക്കാരാണ്. ഇപ്പോഴത്ത എതിർപ്പ് എന്തിനാണെന്ന് വ്യക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ പദ്ധതിയുടെ ഡിപിആർ അബദ്ധ പഞ്ചാംഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. ഒന്നേകാൽ ലക്ഷം കോടിയിലേറെ ചെലവുള്ള പദ്ധതിയെ കുറിച്ച് ചർച്ച ചെയ്യാൻ പോലും സക്കാർ തയ്യാറാകുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം. പുതിയ നിയമസഭാംഗങ്ങൾക്കായി അടുത്ത സമ്മേളനത്തിൽ സിൽവർലൈൻ പദ്ധതി സഭയിൽ അവതരിപ്പിക്കാൻ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്ക് തത്വത്തിൽ കേന്ദ്ര അനുമതി കിട്ടിയിട്ടുണ്ട്. സാമൂഹ്യ ആഘാത പഠനം നടത്താനുള്ള നിർദ്ദേശം പാലിക്കുകയാണെന്നും അതിനുള്ള കല്ലിടലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം സിൽവർലൈൻ പദ്ധതിക്കെതിരെ  സംസ്ഥാനത്ത് ശക്തമായ  പ്രതിഷേധമാണ് ഉയരുന്നത്. പദ്ധതിക്കായി കല്ലിടാനെത്തുന്ന ഉദ്യോഗസ്ഥരെ തടയുന്നതും വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് തടയാനുള്ള നീക്കത്തിലേക്ക് കെ റെയിൽ നീങ്ങുന്നത്. ഇനി മുതല്‍ കല്ലിടാനെത്തുന്നതിന് മുൻപ് കെ റെയിലിന്‍റെ ഉദ്യോഗസ്ഥൻ അതാത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കത്ത് നല്‍കും. കത്തിന്‍റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി പൊലീസെത്തും. ഉദ്യോഗസ്ഥർക്ക് പൊലീസ് സംരക്ഷണം തേടി കെ റെയിൽ സർക്കാരിന് ഒരാഴ്ച്ച മുൻപാണ് കത്ത് നൽകിയത്. സുരക്ഷയൊരുക്കാൻ ഡിജിപിക്ക് പ്രത്യേക നിർദേശം നൽകണമെന്നാണ് ആവശ്യം.

ഇതിനായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കിൽ പദ്ധതിയുടെ പ്രവർത്തനങ്ങളെ അത് സാരമായി ബാധിക്കുമെന്നാണ് വിശദീകരണം. മാർച്ച് 31 നുള്ളിൽ കല്ലിടൽ തീർക്കാനാണ് കെ റെയിൽ ശ്രമം. കത്ത് പരിഗണിച്ച് പൊലീസ് സംരക്ഷണം നൽകാൻ ഡിജിപിക്ക് സർക്കാർ നിർദേശം നൽകാനാണ് സാധ്യത. അങ്ങനെ വന്നാൽ കെ റെയിലിനെതിരെ സമരം ചെയ്യുന്നവർക്കെതിരെ പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കും. എന്നാൽ പൊലീസില്ല പട്ടാളം വന്നാലും പ്രതിഷേധം ശക്തമാക്കുമെന്ന് സിൽവർലൈൻ സമരസമിതി വ്യക്തമാക്കി.

എറണാകുളം അങ്കമാലി പുളിയനത്ത് സിൽവർലൈൻ സർവേക്കായുള്ള കല്ലിടലിനെതിരെ പ്രതിഷേധിച്ച നാട്ടുകാരെ 
ഇന്നലെ അറസ്റ്റ് ചെയ്ത് നീക്കി. പാറക്കടവ് പഞ്ചായത്തിലെ 18 ആം വാർഡിൽ രാവിലെ 10 മണിയോടെ ആണ് ഉദ്യോഗസ്ഥർ എത്തിയത്. അധികൃതരെ പ്രതീക്ഷിച്ച് നേരത്തെ തന്നെ നാട്ടുകാർ കാത്തു നിൽക്കുകയായിരുന്നു. സർവേ നടപടികൾ തുടങ്ങിയതോടെ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രദേശവാസികൾ പ്രതീഷേധം തുടങ്ങി. മുൻപ് കല്ലിടൽ നടപടികൾക്കിടെ ഉണ്ടായ പോലെ തർക്കങ്ങളോ പ്രശ്നങ്ങളോ ഇത്തവണയുണ്ടായില്ല. നാട്ടുകാർ കല്ലിടൽ നടക്കുന്ന ഭൂമിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് നടപടികൾക്ക് ശേഷം കല്ലിടൽ തുടർന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് നിർത്തി. അറസ്റ്റ് ചെയ്ത പ്രദേശവാസികളെ  സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടില്‍ പോയത് ഒരു തവണ മാത്രം, പക്ഷേ സമ്മാനങ്ങളൊന്നും വാങ്ങിയിട്ടില്ല'; വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ
'നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്, സഖാക്കൾ ഇങ്ങനെയൊക്കെയാണ്', പരിഹാസങ്ങളിൽ എം എ ബേബിക്ക് പിന്തുണയുമായി ഭാര്യ