
തിരുവനന്തപുരം: കേരള തീരത്തിനടുത്തായുണ്ടായ കപ്പലപകടങ്ങളുമായി ബന്ധപ്പെട്ട് കടലിലും കരയിലുമായി അടിയുന്ന വസ്തുക്കളും അതിന്‍റെ അനുബന്ധ വിവരശേഖരണത്തിനുമായി ഒരു വെബ് ആപ്ലിക്കേഷന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വികസിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വസ്തു കണ്ടെത്തിയ വ്യക്തിയുടെ പേര്, മൊബൈല്‍ നമ്പര്‍, കാണപ്പെട്ട വസ്തുവിന്‍റെ അടിസ്ഥാന വിവരങ്ങള്‍, വസ്തു കാണപ്പെട്ട ലൈവ് ലൊക്കേഷന്‍ അല്ലെങ്കില്‍ അടുത്ത ലാന്‍ഡ്മാര്‍ക്ക്, ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഈ ആപ്ലിക്കേഷന്‍ വഴി ശേഖരിക്കുന്നത്.
അപകടത്തില്‍പ്പെട്ട വാന്‍ഹായ് 503 കപ്പല്‍ നിലവില്‍ കേരള തീരത്തു നിന്ന് 57 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതല്‍ ദൂരത്തിലേയ്ക്ക് മാറ്റുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. കപ്പലിൽ നിന്നും ഇപ്പോഴും തീയും പുകയും ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കപ്പലില്‍ നിന്ന് താഴേയ്ക്ക് പതിച്ച കണ്ടെയ്നറുകള്‍ എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാന്‍ സാധ്യതയുള്ളതായി കോസ്റ്റ് ഗാര്‍ഡ്, ഐ. ടി. ഒ പി. എഫ് എന്നിവരില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കപ്പലില്‍ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടല്‍ തീരത്ത് കണ്ടാല്‍ സ്പര്‍ശിക്കാന്‍ പാടില്ല. 200 മീറ്റര്‍ എങ്കിലും അകലം പാലിച്ച് മാത്രം നില്‍ക്കണം. ഇത്തരം വസ്തുക്കള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ 112 ല്‍ വിളിച്ച് വിവരം അറിയിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കപ്പലപകടവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ വരെയുള്ള കണക്കനുസരിച്ച് 65 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തി. ഇവ വിവിധ പോര്‍ട്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം കോവളം ഭാഗങ്ങളില്‍ നിന്നും കണ്ടെത്തിയ 21 ബാരലുകള്‍ വിഴിഞ്ഞം തുറമുഖത്തെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കപ്പലപകടങ്ങളുമായി ബന്ധപ്പെട്ടെന്ന് സംശയിക്കുന്ന 2 ബാരലുകള്‍ കൊല്ലം ജില്ലയിലെ ആലപ്പാട്, കാസര്‍കോട് ജില്ലയിലെ കുമ്പള കോയിപ്പാടി എന്നിവിടങ്ങളില്‍ കരക്കടിഞ്ഞിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam