പ്രതിപക്ഷ നേതാവ് ഉത്തരവാദപ്പെട്ട സ്ഥാനത്താണെന്ന് ഉള്‍ക്കൊള്ളണം; ചെന്നിത്തലക്കെതിരെ മുഖ്യമന്ത്രി

By Web TeamFirst Published Jul 1, 2020, 7:14 PM IST
Highlights

കൈയിലുള്ള ഫയല്‍ മനസിരുത്തി വായിക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകണം. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഉറപ്പുവേണം. ആരെങ്കിലും പറയുന്നത് കേട്ട് സമയം പാഴാക്കരുത്.
 

തിരുവനന്തപുരം: ഇ ബസ് നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചീഫ് സെക്രട്ടറി കണ്ടെത്തിയതുകൊണ്ടാണ് ഇ ബസ് നിര്‍മ്മാണത്തിലേക്ക് പോകാത്തത് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. എന്നാല്‍, ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി പരിശോധിച്ച് അഭിപ്രായം പറയണെന്ന് ഫയലില്‍ പറഞ്ഞതുകൊണ്ടാണ് ചീഫ് സെക്രട്ടറി അഭിപ്രായം പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പ്രതിപക്ഷ നേതാവ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്താണ് ഇരിക്കുന്നതെന്ന് ഉള്‍ക്കൊള്ളണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ചീഫ് സെക്രട്ടറി കണ്ടെത്തിയത് കൊണ്ടാണ് ഇലക്ട്രിക് ബസ് നിര്‍മ്മാണത്തിലേക്ക് പോകാത്തത് എന്ന് അദ്ദേഹം പറഞ്ഞു. ഫയലിന്റെ ഒരു ഭാഗവും കാണിച്ചു. ഫയലില്‍ ഒരു ഭാഗം മാത്രം കാണാന്‍ പറ്റില്ല. ഫയല്‍ ചീഫ് സെക്രട്ടറിയുടെ അടുത്തേക്ക് നടന്ന് പോയതല്ല. രമേശ് ചെന്നിത്തല കാണിച്ച ഭാഗത്തിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രിയുടെ ഭാഗമുണ്ട്. ചീഫ് സെക്രട്ടറി പരിശോധിച്ച് അഭിപ്രായം പറയണമെന്ന് പറയുന്നുണ്ട്. ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി പരിശോധിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നാണ് അതിന്റെ അര്‍ത്ഥം. ഈ ഭാഗം പ്രതിപക്ഷ നേതാവ് മറച്ചുവെച്ചത് എന്തിനാണ്. ഈ ഫയലില്‍ ഒരിടത്ത് മാത്രമല്ല പരിശോധന വേണമെന്ന് ആവശ്യപ്പെട്ടത്. 

കൈയിലുള്ള ഫയല്‍ മനസിരുത്തി വായിക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകണം. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഉറപ്പുവേണം. ആരെങ്കിലും പറയുന്നത് കേട്ട് സമയം പാഴാക്കരുത്. തെറ്റായ കാര്യം ഓരോ ദിവസവും പറയുക, മാധ്യമങ്ങള്‍ മറുപടി തേടുക. ഇത്തരമൊരു വൃധാവ്യായാമം നടക്കുന്നു. ഒരു പദ്ധതിയുമായി ബന്ധപ്പെട്ടും തെറ്റായ കാര്യങ്ങള്‍ നടന്നിട്ടില്ല, നടക്കുകയുമില്ല. ഏതെങ്കിലും ആക്ഷേപം കേട്ടത് കൊണ്ട് കേരളത്തിന്റെ ഭാവിക്ക് വേണ്ട പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഇലക്ട്രിക് ബസ് നിര്‍മ്മാണ പദ്ധതി കേരളത്തില്‍ നിന്ന് പറിച്ച് കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നുണ്ട്. അതിന് വളം വെച്ച് കൊടുക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാവരുത്. കേരളത്തെ വൈദ്യുത വാഹനത്തിന്റെ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കുറേ വൈദ്യുതി ബസ് ഉണ്ടാക്കുക മാത്രമല്ല ലക്ഷ്യം. അതടക്കം നിരത്തിലിറക്കി പൊതു ഗതാഗതം പ്രകൃതി സൗഹൃദമാക്കുക. വൈദ്യുത വാഹന നിര്‍മ്മാണ മേഖലയില്‍ ചെറുപ്പക്കാര്‍ക്ക് ജോലിക്ക് അവസരം ഒരുക്കും. ബാറ്ററി നിര്‍മ്മാണത്തിനടക്കം അവസരം ഒരുങ്ങും. വിവിധ മേഖലയില്‍ വളര്‍ച്ചയുണ്ടാകും. വ്യവസായ മേഖലയെ പരസ്പര ബന്ധിതവും കാലാനുസൃതവുമായ വളര്‍ച്ചയിലേക്ക് ഉയര്‍ത്താനാണ് ശ്രമം. അതിനെ ചുരുക്കിക്കാണാനും വിവാദത്തിലൂടെ തളര്‍ത്താനുമുള്ള ശ്രമം. 

പിഡബ്ല്യുസിക്ക് മേല്‍ സെബി നിരോധനം ഏര്‍പ്പെടുത്തിയെങ്കില്‍ അത് വിശദീകരിക്കേണ്ടത് അവരാണ്. സെബിയുടെ നിരോധനം സത്യം ഗ്രൂപ്പിന്റെ ഓഡിറ്റിങില്‍ പിഴവ് വരുത്തിയതിന് പിഡബ്ല്യുസി കമ്പനിക്ക് ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ഓഡിറ്റിങില്‍ രണ്ട് വര്‍ഷത്തേക്ക് വിലക്കുകയാണ് ചെയ്തത്. പ്രതിപക്ഷ നേതാവ് ഉന്നയിച്ച മറ്റൊരു വിഷയം ഇ ബസ് നിര്‍മ്മാണത്തിന് ഹെസ്സുമായി ചര്‍ച്ച നടത്തുന്നതിനെ കുറിച്ചാണ്. കേന്ദ്ര സര്‍ക്കാരിന്റെ നയമനുസരിച്ചാണ് ഇ-വെഹിക്കിള്‍ പോളിസി നടപ്പാക്കുന്നത്. പരിസ്ഥിതി സൗഹൃദ പോളിസിയാണ് സംസ്ഥാനം നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

വിദേശ കമ്പനികളുമായി കരാറുണ്ടാക്കാനാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയതെന്ന വിമര്‍ശനത്തെയും മുഖ്യമന്ത്രി തള്ളി. 2019 മെയിലാണ് വിദേശത്ത് പോയതെന്നും അതിനും മുന്‍ വര്‍ഷമാണ് കരാര്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

click me!