ചരിത്ര കോൺഗ്രസിലെ പ്രതിഷേധം: ഉദ്ഘാടനച്ചടങ്ങില്‍ പ്രോട്ടോകോൾ ലംഘനം, സ്ഥിരീകരിച്ച് വിസി

By Web TeamFirst Published Dec 29, 2019, 1:26 PM IST
Highlights

ഇർഫാൻ ഹബീബിന്റെ പ്രസംഗത്തിനുൾപ്പെടെ ഗവർണർ മറുപടി പറയാൻ തുനിഞ്ഞതോടെയാണ് ഉദ്ഘാടന വേദിയിൽ ശക്തമായ പ്രതിഷേധങ്ങളുയർന്നത്.

കണ്ണൂര്‍: ഗവർണർ പങ്കെടുത്ത ഇന്ത്യൻ ചരിത്രകോൺഗ്രസിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ പ്രോട്ടോകോൾ ലംഘനമുണ്ടായെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ. പ്രോട്ടോകോൾ പ്രകാരം ഉദ്ഘാടന വേദിയിൽ ചരിത്രകാരൻ  ഇർഫാൻ ഹബീബിന്റെ പ്രസംഗം ഉണ്ടായിരുന്നില്ലെന്ന് ഡോ: ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. ഇർഫാൻ ഹബീബിന്റെ പ്രസംഗത്തിനുൾപ്പെടെ ഗവർണർ മറുപടി പറയാൻ തുനിഞ്ഞതോടെയാണ് ഉദ്ഘാടന വേദിയിൽ ശക്തമായ പ്രതിഷേധങ്ങളുയർന്നത്. ഉദ്ഘാടന വേദിയിൽ പല കാര്യങ്ങളും ശരിയായ രീതിയിലല്ല നടന്നതെന്നും വൈസ് ചാൻസിലർ ഡോ:ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.

ചരിത്ര കോൺഗ്രസിലെ പ്രതിഷേധം: ഗവര്‍ണര്‍ റിപ്പോർട്ട് തേടി, ദൃശ്യങ്ങളും ചിത്രങ്ങളും പരിശോധിക്കാനും നിർദേശം

ചരിത്ര കോൺഗ്രസിൽ മുൻ അധ്യക്ഷനിൽ നിന്ന് പുതിയ അധ്യക്ഷൻ ചുമതല ഏറ്റെടുക്കുന്ന സ്ഥാനാരോഹണ ചടങ്ങിലാണ്  പ്രോട്ടോകോൾ ലംഘനമുണ്ടായത്.  മുൻ അധ്യക്ഷൻ ഇർഫാൻ ഹബീബിന്റെ പ്രസംഗം പ്രോട്ടോകോൾ പ്രകാരം ഉണ്ടായിരുന്നില്ല. ഇർഫാൻ ഹസീബിന്റെ പ്രസംഗത്തെക്കൂടി വിമർശിച്ചാണ് എഴുതിത്തയ്യാറാക്കിയ പ്രസംഗം മാറ്റി വച്ച് പിന്നീട് ഗവർണർ സംസാരിച്ചത്. സ്ഥാനാരോഹണ ചടങ്ങിൽ പുതിയ അധ്യക്ഷനെ ശുപാർശ ചെയ്യാനും പിന്താങ്ങാനും രണ്ട് ചരിത്രാധ്യാപകർ വേദിയിലേക്ക് കയറി. ഇതും ഗവർണറുടെ ഓഫീസിനെ അറിയിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വൈസ് ചാൻസിലറെ വിളിച്ചു വരുത്തിയ ഗവർണർ ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. 

'ചരിത്ര കോൺഗ്രസിന് അസഹിഷ്ണുത', വീഡിയോ ഹാജരാക്കണമെന്ന് ഗവർണർ, വിസിയെ വിളിപ്പിച്ചു

വിസി തന്നെ പ്രോട്ടോകോൾ ലംഘനം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഗവർണറുടെ ഓഫീസ് കർശന നടപടിയിലേക്ക് നീങ്ങാനാണ് സാധ്യത. എന്നാൽ ഇതെല്ലാം ചെറിയ പ്രശ്നങ്ങൾ മാത്രമാണെന്നാണ് സർവകലാശാല സിൻഡിക്കേറ്റംഗങ്ങളുടെ വിശദീകരണം. അതിനിടെ ഗവർണറുടെ നടപടി അപലപനീയമാണെന്നും ഭരണഘടന പദവിക്ക് ചേർന്നതല്ലെന്നും ചരിത്ര കോൺഗ്രസ് സന്ദർശിക്കാനെത്തിയ സംവിധായകൻ കമല്‍ വ്യക്തമാക്കി. 

"

click me!