പിണറായി ദില്ലിയില്‍: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും; നിതിൻ ഗഡ്കരിയെയും കാണും

By Web TeamFirst Published Jun 15, 2019, 6:22 AM IST
Highlights

പ്രധാനമന്ത്രിയുടെ ദില്ലിയിലെ വസതിയിൽ രാവിലെ 10 മണിക്കാണ് പിണറായി-നരേന്ദ്ര മോദി കൂടിക്കാഴ്ച. മോദി രണ്ടാം തവണ പ്രധാനമന്ത്രി ആയ ശേഷം ആദ്യമായാണ് പിണറായി മോദിയെ കാണുന്നത്.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ ദില്ലിയിലെ വസതിയിൽ രാവിലെ 10 മണിക്കാണ് കൂടിക്കാഴ്ച.

മോദി രണ്ടാം തവണ പ്രധാനമന്ത്രി ആയ ശേഷം ആദ്യമായാണ് പിണറായി മോദിയെ കാണുന്നത്. മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പിണറായി പങ്കെടുത്തിരുന്നില്ല. കേരളത്തിന്റെ വിവിധ വികസന വിഷയങ്ങളിൽ കേന്ദ്രത്തിന്റെ സഹായം കേരളം അഭ്യർത്ഥിക്കും. പ്രളയ പുനരധിവാസത്തിന് കൂടുതൽ സഹായം, മഴക്കെടുതിയിൽ ഉള്ള സഹായം എന്നിവ പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ഉണ്ടാകുമെന്നാണ് സൂചന.

കേരളത്തിലെ ദേശീയ പാതാ വികസനത്തിലെ അനിശ്ചിതത്വം നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായും കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ ദേശീയപാതാ വികസനം ഒന്നാം മുൻഗണനാ പട്ടികയിൽ നിന്നൊഴിവാക്കിയത് മൂലമുള്ള അനിശ്ചിതത്വം ഒഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെടുക. തീരുമാനം പിൻവലിച്ചെന്ന് കേന്ദ്രമന്ത്രി അറിയിച്ചങ്കിലും ഇതുവരെ ഉത്തരവ് പുതുക്കിയിറക്കിയിട്ടില്ല.

സ്ഥലമേറ്റെടുക്കൽ അടക്കമുള്ള നടപടികൾ സ്തംഭിച്ചസാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ദില്ലി യാത്ര. മന്ത്രി ജി.സുധാകരൻ, ചീഫ് സെക്രട്ടറി എന്നിവരും സംഘത്തിലുണ്ടാകും. കേന്ദ്രമന്ത്രി വി.മുരളീധരനും ചർച്ചയിൽ പങ്കെടുക്കാനിടയുണ്ട്.

click me!