ബാർജ് ദുരന്തത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ദവ് താക്കറെയ്ക്ക് കത്തെഴുതി

By Web TeamFirst Published May 22, 2021, 5:21 PM IST
Highlights

അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ച് ആയി ഉയർന്നു.  ഇനി ഒരു മലയാളിയെ കൂടി കണ്ടെത്താനുണ്ട്

മുംബൈ: ബാർജ് ദുരന്തത്തിൽ അകപ്പെട്ടവരുടെ കാര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് കത്തയച്ചു. ഉദ്യോഗസ്ഥ തലത്തിൽ ഇതിനോടകം ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും എന്നാൽ മുഖ്യമന്ത്രിയെന്ന നിലയിൽ താക്കറെ നേരിട്ട് ഇടപെടണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ദുരന്തത്തിൽ അകപ്പെട്ടുപോയ കേരളത്തിൽ നിന്നുള്ളവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നേരിടുന്ന മനോവിഷമം അറിയിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ കത്ത്.

ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ ഇന്നലെ രണ്ട് മലയാളികൾ കൂടി മരിച്ചിരുന്നു. കൊല്ലം സ്വദേശി എഡ്വിൻ, തൃശ്ശൂർ സ്വദേശി അർജുൻ എന്നിവർ മരിച്ചതായാണ് സ്ഥിരീകരിച്ചത്. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് എഡ്വിൻ. ബാർജിൽ അഫ്കോൺ കമ്പനിയിലെ ജീവനക്കാരനായിരുന്നു. തൃശ്ശൂർ ആര്യംപാടം സ്വദേശിയാണ് അർജുൻ. എട്ട് വർഷത്തോളമായി ഒഎൻജിസിയിൽ ജോലി ചെയ്യുകയായിരുന്ന അർജുൻ ആറ് മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്. 

ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ച് ആയി ഉയർന്നു.  ഇനി ഒരു മലയാളിയെ കൂടി കണ്ടെത്താനുണ്ട്. നേരത്തെ വയനാട് സ്വദേശികളായ സുമേഷ്, ജോമിഷ്, ചിറക്കടവ് സ്വദേശി സഫിൻ ഇസ്മായീൽ എന്നിവരുടെ മരണം സ്ഥിരീകരിച്ചിരുന്നു. വയനാട് സ്വദേശി സുമേഷിന്‍റെ മൃതദേഹം കുടുംബം തിരിച്ചറിഞ്ഞു.  ജോമിഷിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. 

ബാർജ് അപകടത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ചുഴിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പുണ്ടായിട്ടും അതെല്ലാം അവഗണിച്ച ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. ബാർജിലുണ്ടായിരുന്ന എഞ്ചിനീയറുടെ പരാതിയിലാണ് ക്യാപ്റ്റൻ രാകേഷ് ബല്ലവിനെതിരെ മുംബൈ പൊലീസ് കേസെടുത്തത്. ഇനിയും കണ്ടെത്താനുള്ളവർക്കായി നേവിയുടെ തെരച്ചിൽ നാലാം ദിനവും തുടരുകയാണ്. 

click me!