
തിരുവനന്തപുരം: നിയമസഭയിൽ വീണ്ടും മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായി നേർക്കുനേർ വാക് പോര്. വിവിധ വിഷയങ്ങളിൽ ചർച്ചകൾ മുറുകുന്നതിനിടെ സഭയിൽ ആരെ നോക്കി സംസാരിക്കണം എന്നതിലായിരുന്നു ഇന്ന് സതീശനും പിണറായിയും തമ്മിൽ തർക്കം മുറുകിയത്. മുഖ്യമന്ത്രി പറഞ്ഞത് തന്നെ പറയുന്നതിനാൽ ഇനി പ്രതിപക്ഷത്തെ നോക്കി സംസാരിക്കാമെന്ന് പറഞ്ഞ് പിണറായിയാണ് തുടക്കമിട്ടത്. ഓരോരുത്തർക്കും ഓരോ ശൈലിയുണ്ടെന്നും പരിഹസരിക്കരുതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ തിരിച്ചടി. 102 പേരുള്ളതിനാൽ ഭരണ നിരയെ നോക്കാൻ അഭിമാനമേ ഉള്ളു എന്നും മുഖ്യമന്ത്രി പറഞ്ഞുവച്ചു. ഭരണപക്ഷത്തെ പ്രതിപക്ഷമാക്കി ഇപ്പോഴത്തെ 35 പേരിലേക്ക് ഒതുക്കിയതിന്‍റെ ഉത്തരവാദിത്വം ഉള്ളതിനാൽ സ്വന്തം പക്ഷത്തേക്ക് നോക്കാൻ പ്രതിപക്ഷനേതാവിന് ചിലപ്പോ മടികാണുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. താൻ ശൈലി വിമർശനം നടത്തിയില്ലെന്നും പറഞ്ഞ കാര്യം മുഖ്യമന്ത്രി മനസിലാക്കണമെന്നുമായിരുന്നു പിണറായിയുടെ മറുപടി. ഇതിനിടെ തർക്കത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും ഇടപെട്ടു. പരസ്പരം തർക്കിക്കാതെ സഭാ ചട്ടപ്രകാരം സ്പീക്കറെ നോക്കി സംസാരിച്ചോളു എന്നായിരുന്നു സ്പീക്കറുടെ കമന്‍റ്.
അതേസമയം സംസ്ഥാന പി എസ് സിയുടെ ഘടനയിലോ അംഗങ്ങളുടെ എണ്ണത്തിലോ നിലവിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ നിലപാട് വ്യക്തമാക്കി. പി എസ് സി അംഗങ്ങളുടെ എണ്ണമോ അവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളോ കുറയ്ക്കുന്നത് സർക്കാരിന്റെ ആലോചനയിലില്ലെന്ന് സഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിൽ സതീശൻ വ്യക്തമാക്കി. കൂടാതെ മുഴുവൻ സമയ രാഷ്ട്രീയക്കാർ പി എസ് സി അംഗങ്ങളാകുന്നത് തടയേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം സഭയിൽ ചൂണ്ടിക്കാട്ടി. പി എസ് സി പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെയും പി എസ് സി പിരിച്ചുവിടണമെന്ന ഗവർണറായിരുന്ന രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് നൽകിയ ശുപാർശയുടെയും പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. പി എസ് സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇതുവരെ 180 പരാതികളാണ് ലഭിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇതിൽ മൂന്ന് പരാതികളിൽ ക്രൈംബ്രാഞ്ച് അന്വേഷണവും അഞ്ച് പരാതികളിൽ പി എസ് സി ആഭ്യന്തര വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്രമക്കേടുകളിൽ ചെയർമാന്റെയോ അംഗങ്ങളുടെയോ പങ്കിനെക്കുറിച്ചും കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് രേഖാമൂലമുള്ള മറുപടിയിൽ വിശദീകരിച്ചു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam