
പാലക്കാട്: സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ കാട്ടുപന്നിയെ പിടികൂടാന്‍ ഒരുക്കിയ സ്‌ഫോടക വസ്തു കെണിയില്‍ അകപ്പെട്ട് ഗര്‍ഭിണിയായ കാട്ടാനക്ക് ദാരുണാന്ത്യം. സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച കാട്ടാനയുടെ മുഖം സ്‌ഫോടനത്തില്‍ തകര്‍ന്നിരുന്നു. പൊട്ടിത്തെറിയില്‍ ആനയുടെ വായും നാക്കും പൂര്‍ണമായി തകര്‍ന്നു. ഏറെ ദിവസം പട്ടിണി കിടന്ന ശേഷമാണ് കാട്ടാന ചെരിഞ്ഞത്. കാട്ടുപന്നിയെ പിടികൂടാനായി ചിലര്‍ ഒരുക്കിയ കെണിയിലാണ് പിടിയാന അകപ്പെട്ടതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. സൈലന്റ് വാലിയുടെ അതിര്‍ത്തിയായ പാലക്കാട് ജില്ലയിലെ കോട്ടോപ്പാടം വെള്ളിയാര് പുഴയിലാണ് ആന ചെരിഞ്ഞത്.
സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ ആന അസഹ്യമായ വേദന സഹിച്ചാണ് ചത്തത്. ഭക്ഷണം കഴിക്കാനാകാത്തതോടെ ജനവാസ കേന്ദ്രത്തില്‍ എത്തുകയായിരുന്നു. നിലമ്പൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ മോഹന്‍ കൃഷ്ണനാണ് സംഭവം ഫേസ്ബുക്കിലൂടെ വിവരിച്ചത്.
ആനയെ രക്ഷിക്കാന്‍ രണ്ട് കുങ്കിയാനകളെ എത്തിച്ച് പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് 15 വയസ്സോളം പ്രായമുള്ള ആന ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. ആനയുടെ പരിക്ക് ആരുടെയും മനസ്സലിയിക്കുന്നതായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോ. ഡേവിഡ് എബ്രഹാം പറഞ്ഞു. കുറ്റക്കാരെ കണ്ടുപിടിക്കുമെന്നും നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഏപ്രിലില്‍ കൊല്ലത്തും സമാനസംഭവമുണ്ടായിരുന്നു. വനാതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam