Pink Police : ഇത് വരെ മൊഴിയെടുക്കുക പോലും ചെയ്തില്ല, പൊലീസിനെതിരെ ജയചന്ദ്രൻ ന്യൂസ് അവറിൽ

Published : Nov 29, 2021, 08:59 PM ISTUpdated : Nov 29, 2021, 09:08 PM IST
Pink Police : ഇത് വരെ മൊഴിയെടുക്കുക പോലും ചെയ്തില്ല, പൊലീസിനെതിരെ ജയചന്ദ്രൻ ന്യൂസ് അവറിൽ

Synopsis

ഡിവൈഎസ്പിക്കും ഡിജിപിക്കും പരാതി നൽകിയിട്ടും ഒരു പ്രതികരണവും ഉണ്ടായില്ലെന്ന് ജയചന്ദ്രൻ ന്യൂസ് അവറിൽ പറഞ്ഞു. 

തിരുവനന്തപുരം: പിങ്ക് പൊലീസിന്റെ (pink Police) പരസ്യ വിചാരണ വിവാദത്തിൽ പൊലീസ് (police) ഇത് വരെയും മൊഴിയെടുത്തിട്ടില്ലെന്ന് അവഹേളനത്തിന് ഇരയായ ജയചന്ദ്രൻ (jayachandran). പരാതി നൽകി മൂന്ന് മാസമായിട്ടും പൊലീസ് മൊഴിയെടുത്തിട്ടില്ലെന്നാണ് ആരോപണം. ഡിവൈഎസ്പിക്കും ഡിജിപിക്കും പരാതി നൽകിയിട്ടും ഒരു പ്രതികരണവും ഉണ്ടായില്ലെന്ന് ജയചന്ദ്രൻ ന്യൂസ് അവറിൽ പറഞ്ഞു. 

ഓഗസ്റ്റ് 27നാണ് സംഭവമുണ്ടായത്. ഐഎസ്ആർഒയുടെ വലിയ വാഹനം കാണാൻ പോയ തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അവഹേളിച്ചു. അച്ഛനും മകളും തന്റെ മൊബൈൽ മോഷ്ടിച്ചുവെന്നായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയുടെ ആരോപണം. ഒടുവിൽ പൊലീസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗിൽ നിന്ന് മൊബൈൽ കിട്ടി. 

എന്നിട്ടും ഈ പൊലീസ് ഉദ്യോഗസ്ഥ മോശമായി തന്നെ പെരുമാറിയെന്നാണ് ജയചന്ദ്രൻ പറയുന്നത്. പൊലീസുകാരുടെ പരസ്യവിചാരണ  എട്ടുവയസുകാരിയുടെ കുഞ്ഞുമനസിനെ തളർത്തി. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിനെ തുടർന്ന് ബാലാവകാശകമ്മീഷൻ ഉടൻ ഇടപെട്ടു. പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥയെ വെള്ളപൂശുന്ന റിപ്പോർട്ടാണ് ഡിവൈഎസ്പി നൽകിയത്. തുടർന്ന് ജയചന്ദ്രൻ ഡിജിപിക്ക് പരാതി നൽകി. 

ഓഗസ്റ്റ് 31ന് ഐജി ഹർഷിത അട്ടല്ലൂരിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ട് ഡിജിപിയുടെ ഉത്തരവ് വന്നു. പക്ഷേ പൊലീസ് റിപ്പോർട്ട് പഴയ പടി തന്നെയായിരുന്നു. ജാഗ്രതക്കുറവ് മാത്രമാണ് രജിതയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഐജിയും ആവർത്തിച്ചു. നീതി നേടി എസ്എസി എസ്ടി കമ്മീഷനെയും ജയചന്ദ്രൻ സമീപിച്ചു. പൊലീസ് ഉദ്യോഗസ്ഥയെ യൂണിഫോം ധരിച്ചുള്ള ജോലികളിൽ നിന്ന് ഒഴിവാക്കണമെന്ന് എസ്സി എസ്ടി കമ്മീഷൻ പൊലീസിന് നിർദ്ദേശം നൽകി. ബാലനീതി നിയമപ്രകാരം കേസ് എടുക്കണമെന്നും കമ്മീഷൻ ഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടും ഇതുവരെ നടപടിയില്ല. 

ഒക്ടോബർ അഞ്ചിന് ജയചന്ദ്രനും കുഞ്ഞും മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നൽകി. അനുകൂല സമീപനമുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. എന്നാൽ രജിത എന്ന പൊലീസ് ഉദ്യോഗസ്ഥ ഇപ്പോഴും കൊല്ലം സിറ്റിയിൽ ജോലി ചെയ്യുന്നു. ആദ്യം ഇടപെട്ട ബാലാവകാശകമ്മീഷൻ ഇതുവരെ റിപ്പോർട്ട് നൽകിയില്ലെന്ന പരാതി ജയചന്ദ്രൻ ഉന്നയിക്കുന്നു. സംഭവത്തിന്റെ ഞെട്ടലിൽ നിന്നും മാറാത്ത എട്ടുവയസുകാരി ഇപ്പോഴും കൗൺസിലിംഗിന് വിധേയമാകുകയാണ്. 

PREV
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്