പിറവം പള്ളി തർക്കം; പള്ളിക്കകത്തും പുറത്തും നിലയുറച്ച് ഇരുവിഭാഗങ്ങള്‍, കനത്ത പൊലീസ് സുരക്ഷ

By Web TeamFirst Published Sep 26, 2019, 7:37 AM IST
Highlights

സുപ്രീംകോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിൽ ഇന്നലെയാണ് ഓർത്തഡോക്സ് വിഭാഗം പള്ളിയിലെത്തിയത്. എന്നാൽ, ഈ നീക്കം അനുവദിക്കില്ലെന്ന് വ്യക്തമാക്കി പള്ളി ​ഗേറ്റ് പൂട്ടി യാക്കോബായ വിഭാ​ഗക്കാർ പള്ളിക്കകത്ത് തമ്പടിക്കുകയായിരുന്നു. 

കൊച്ചി: പിറവം സെന്റ് മേരീസ് പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗത്തിന്റെ ശ്രമം രണ്ടാം ദിവസവും തുടരുകയാണ്. ഇന്നലെ രാത്രി മുതൽ ഓർത്തഡോക്സ് വിഭാ​ഗം പള്ളിക്ക് മുന്നിൽ തന്നെ നിലയുറച്ചിരിക്കുകയാണ്. അതേസമയം, പള്ളിയിൽ കയറുന്നതിന് വിലക്കേർപ്പെടുത്തപ്പെട്ട വൈദികരടക്കമുള്ള യാക്കോബായക്കാർ പള്ളിക്കകത്ത് തുടരുകയാണ്. രാവിലെയോടെ യാക്കോബായ വിഭാ​ഗം പള്ളിയിൽ പ്രാർത്ഥനാശ്രശൂഷകൾ നടത്തി.

സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. അതേസമയം വിധി നടപ്പാക്കുന്നതിൽ പോലീസ് പരാജയപ്പെട്ടന്ന് ആരോപിച്ച് ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുപ്രീംകോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിൽ ഇന്നലെയാണ് ഓർത്തഡോക്സ് വിഭാഗം പള്ളിയിലെത്തിയത്. എന്നാൽ, ഈ നീക്കം അനുവദിക്കില്ലെന്ന് വ്യക്തമാക്കി പള്ളി ​ഗേറ്റ് പൂട്ടി യാക്കോബായ വിഭാ​ഗക്കാർ പള്ളിക്കകത്ത് തമ്പടിക്കുകയായിരുന്നു.

Read More; പിറവം പള്ളിയിൽ സംഘർഷം: ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ നേർക്കുനേർ

തുടർന്ന് ഇരുവിഭാ​ഗങ്ങളും തമ്മിൽ സംഘർഷമുണ്ടാകാനുള്ള സാധ്യത  കണക്കിലെടുത്ത് പള്ളിപരിസരത്ത് പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തി.  വൈദികരുൾപ്പടെ 67 യാക്കോബായ വിഭാഗക്കാരെ പള്ളിയിൽ കയറുന്നതിന് വിലക്കുകയും ചെയ്തു. എന്നാൽ, വിലക്കേർപ്പെടുത്തപ്പെട്ട വൈദികരുൾപ്പടെയുള്ള യാക്കോബായ വിഭാ​ഗക്കാരെ പള്ളിയിൽ നിന്ന് ഇറക്കാനുള്ള പൊലീസിന്റെ ശ്രമം ഇന്നലെ പരാജയപ്പെട്ടിരുന്നു.

ഓർത്തഡോക്സ് വിഭാഗത്തിന് പള്ളി വിട്ടുകൊടുക്കില്ലെന്ന് നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞിരുന്നു. ക്രൈസ്തവ സാക്ഷ്യത്തിന് ദോഷമുണ്ടാകാതിരിക്കാൻ ഇരുകൂട്ടരും ഒരുമേശയ്ക്ക് ചുറ്റുമിരുന്ന ചർച്ച ചെയത് സമാവായത്തിലൂടെ പ്രശ്നം പരിഹരിക്കണം. ഇനിയങ്ങോട്ട് തങ്ങളുടെ ഒരു ആരാധനാലയവും വിട്ടു നൽകില്ലെന്നും കോടതി വിധിക്ക് അകത്തുനിന്ന് തന്നെയാണ് സംസാരിക്കുന്നതെന്നും നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് വ്യക്തമാക്കി.

Read More; പിറവം പള്ളിയിൽ വൻ സംഘർഷം: പൊലീസ് പള്ളി വളപ്പിനകത്ത് കയറി, സ്ഥലത്ത് നിരോധനാജ്ഞ

എന്നാല്‍ പള്ളിയില്‍ കയറുമെന്ന ഉറച്ചനിലപാടിലാണ് ഓർത്തഡോക്സ് വിഭാഗം. പിറവം പള്ളിയിൽ വിധി നടപ്പാക്കുകയാണ് വേണ്ടതെന്നും കോടതി വിധി നടപ്പാക്കിയതിന് ശേഷം മാത്രമെ ചർച്ചയ്ക്കുള്ളുവെന്നും ഓർത്തഡോക്സ് വിഭാഗം നിലപാട് വ്യക്തമാക്കി. പൊലീസ് നടപടികള്‍ സ്വീകരിക്കുന്നുവരെ കാത്തിരിക്കും. അക്രമത്തിനും സംഘർഷത്തിനും തയ്യാറല്ല. പൂട്ട് പൊളിച്ചു പള്ളിയിൽ കയറില്ലെന്നും കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ് പറഞ്ഞു. 

click me!