പിജെ ആർമിയല്ല, ഇനി റെഡ‍് ആർമി; എഫ്ബി പേജിൻ്റെ പേര് മാറ്റി പിജെ ആർമിക്കാർ

By Web TeamFirst Published Jun 28, 2021, 8:56 AM IST
Highlights

2019 മേയിലാണ് വോട്ട് ഫോർ പിജെ പേജിൻ്റെ പേര് പിജെ ആർമി എന്നാക്കി മാറ്റിയത്. ഇപ്പോൾ രണ്ട് വർ‍ഷത്തിന് ശേഷം വീണ്ടും പേര് മാറ്റിയിരിക്കുന്നു. 

കണ്ണൂർ: പി ജയരാജനെതിരായ വ്യക്തി പൂജ വിവാദത്തിലെ അന്വേഷണം സിപിഎം അവസാനിപ്പിച്ചതിന് പിന്നാലെ പി ജെ ആർമിയുടെ പേരിനും മാറ്റം. ഫേസ്ബുക്ക് പേജിന്‍റെ പേര് റെഡ് ആര്‍മി എന്നാണ് മാറ്റിയത്. 2019 മെയ് 10നാണ് പേജ് രൂപീകരിച്ചത്. വോട്ട് ഫോര്‍ പി ജെ എന്ന പേരിലായിരുന്നു ജയരാജൻ ഫാൻസുകാർ ചേർന്ന് പേജുണ്ടാക്കിയത്.

2019 മേയിലാണ് വോട്ട് ഫോർ പിജെ പേജിൻ്റെ പേര് പിജെ ആർമി എന്നാക്കി മാറ്റിയത്. ഇപ്പോൾ രണ്ട് വർ‍ഷത്തിന് ശേഷം വീണ്ടും പേര് മാറ്റിയിരിക്കുന്നു. ആകാശ് തില്ലങ്കേരിയുടെയും അർജ്ജുൻ്റേയും നിയന്ത്രണത്തിലാണ് പേജെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.

തെരഞ്ഞെടുപ്പ് കാലത്തടക്കം സിപിഎം ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടും പേജിൻ്റെ പേര് മാറ്റിയിരുന്നില്ല. അന്ന് ജയരാജന് പകരം പിണറായിയുടെ ഫോട്ടോ ഇട്ടിരുന്നുവെങ്കിലും പേര് മാറ്റിയിരുന്നില്ല. ഒടുവിൽ ജയരാജന് പിജെ ആർമിക്കെതിരെ പ്രസ്താവന ഇറക്കേണ്ടി വന്നു. 

ഇന്നലെ രാത്രി പി ജയരാജൻ കുട്ടികൾ മോശം വഴിയിലേക്ക് നിങ്ങിയാൽ മാതാപിതാക്കളെ കുറ്റം പറയരുത് എന്ന ഫേസ്ബുക്ക് പോസ്റ്റുമായി വന്നതിന് പിന്നാലെയാണ് പിജെ ആർമി പേജ് റെഡ് ആർമി എന്ന പേര് മാറ്റിയത്. പേജിനെ ഫോളോ ചെയ്തിരുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി. പക്ഷെ പേജിലിപ്പോഴും ജയരാജനെ പ്രകീർത്തിക്കുന്ന പഴയ ഫോട്ടോകളും പോസ്റ്റുകളുമുണ്ട്. 

പേരും ഫോട്ടോയും മാറ്റിയതിനെതിരെ പേടിക്കുന്നവർ പേടിച്ചോട്ടെ, മരണം വരെ പിജെക്കൊപ്പമുണ്ടാകുമെന്ന് കമൻ്റുകളും വന്നിട്ടുണ്ട്. പിജെയെ മടുത്തോ, പിജെ ഉയിർ എന്നും ചിലർ കുറിച്ചു. ഗോൾഡാർമി എന്ന് പേരിട്ടുടെയെന്ന് ചിലർ പരിഹസിച്ചു. പാർട്ടിക്ക് മുകളിൽ അല്ല ഒരു വ്യക്തിയുമെന്ന കമൻ്റുകളുമുണ്ട്. 

വ്യാജ പ്രൊഫൈലുകളാണ് പേജിലുള്ളതെന്നും എല്ലാവരും പിരിഞ്ഞ് പോകണമെന്നും ചിലർ ഓർമ്മിപ്പിക്കുന്നു. എന്തായാലും പി ജയരാജനെതിരെ വ്യക്തിപൂജ ആരോപണം ഉന്നയിച്ചവരുടെ ആയുധമായിരുന്ന ഒരു സമുഹമാധ്യമകൂട്ടായ്മയാണ് പേര് മാറ്റിയതെന്നത് ശ്രദ്ധേയമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!