
ആലപ്പുഴ : കോൺഗ്രസ് നേതാവും ആലപ്പുഴ മാരാരിക്കുളം മുൻ എംഎൽഎയുമായ പി.ജെ. ഫ്രാൻസിസ് (88) അന്തരിച്ചു. ആലപ്പുഴ കോൺവെന്റ് ജംഗ്ഷനിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കവേ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാരാരിക്കുളം മണ്ഡലത്തിൽ വി.എസ്. അച്യുതാനന്ദനെ തോൽപ്പിച്ചതിലൂടെയാണ് പി ജെ ഫ്രാൻസിസ് ശ്രദ്ധേയനായത്. 1965 വോട്ടിനാണ് അന്ന് മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന വി എസ് അച്യുതാനന്ദനെ അട്ടിമറിച്ച് ജയിച്ചത്. 1987 ൽ അരൂർ മണ്ഡലത്തിലായിരുന്നു കന്നി മത്സരം. രണ്ട് തവണ ഗൗരിയമ്മയ്ക്കെതിരെ മത്സരിച്ചു തോറ്റു. മൂന്നാം ഊഴമായിരുന്നു വി.എസ്. അച്യുതാനന്ദനെതിരെ മാരാരിക്കുളത്തെ മത്സരം. അത് ചരിത്രമായി. പിന്നീട് 2001 ൽ മാരാരിക്കുളത്ത് തോമസ് ഐസക്കിനോട് പരാജയപ്പെട്ടു. ആലപ്പുഴ ഡിസിസിയുടെ വൈസ് പ്രസിഡന്റായും, 1978 ൽ ആലപ്പുഴ നഗരസഭയിൽ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് ആലപ്പുഴ മൌണ്ട് കാർമ്മൽ കത്തീഡ്രൽ പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.