
കോട്ടയം: ജോസ് കെ മാണിയുടെ ഭീഷണി മന്തുകാലന്റെ തൊഴി പോലെയാണെന്ന് പിജെ ജോസഫ്. അയോഗ്യത ഏൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചിഹ്നത്തെക്കാളും പ്രധാനമാണ് ജനപിന്തുണയെന്നും കോടതി വിധി അനുകൂലമാകുമ്പോൾ തീരാവുന്ന പ്രശ്നമേ ഇപ്പോഴുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അവിശ്വാസ പ്രമേയത്തിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും റോഷി അഗസ്റ്റിൻ നൽകിയ വിപ്പ് ലംഘിച്ച സാഹചര്യത്തിൽ സ്പീക്കർക്ക് പരാതി നൽകുമെന്ന് ജോസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതികരണം.
വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കാനായിരുന്നു റോഷി വിപ്പ് കൊടുത്തത്. പിജെ ജോസഫും മോൻസ് ജോസഫും ഇത് ലംഘിച്ചു. നാളെ സ്പീക്കർക്ക് പരാതി നൽകാനിരിക്കുകയാണ് ജോസ് വിഭാഗം. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുട്ടനാട് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ആവർത്തിച്ചിരുന്നു. കാലങ്ങളായി കേരളാ കോൺഗ്രസ് മത്സരിച്ച് വന്ന മണ്ഡലമാണ്. അവിടെ സ്ഥാനാർത്ഥിയെ നിര്‍ത്താനുള്ള അവകാശവും കേരളാ കോൺഗ്രസിന് തന്നെയാണ് . എന്ത് അടിസ്ഥാനത്തിലാണ് പിജെ ജോസഫ് കുട്ടനാട്ടിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
കേരള കോൺഗ്രസ് പേരിലും രണ്ടില ചിഹ്നത്തിലും മത്സരിക്കാൻ കഴിയില്ല. അതില്ലാതിരുന്നിട്ടും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ഒരുങ്ങുന്ന പിജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും വെല്ലുവിളിക്കുകയാണ്. തോറ്റു തുന്നംപാടിയവരുടെ വിലാപമാണിതെന്നും ജോസ് കെ മാണി പറഞ്ഞു. തെറ്റു തിരുത്തിയാൽ യുഡിഎഫിലേക്ക് തിരിച്ച് വരാമെന്നാണ് പിജെ ജോസഫ് പറയുന്നത്. ഏത് തെറ്റാണ് തിരുത്തേണ്ടതെന്നും ജോസ് കെ മാണി ചോദിക്കുന്നു. പലരും കേരളാ കോൺഗ്രസിനെ സ്വാഗതം ചെയ്യുന്നുണ്ട്. അതിൽ സന്തോഷം ഉണ്ട് ഉചിതമായ തീരുമാനം എടുക്കും. അത് തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപുണ്ടാകുമെന്നും ജോസ് കെ മാണി അറിയിച്ചു. പാലായും കുട്ടനാടും എൻസിപി സീറ്റുകളാണെന്നും അത് മോഹിച്ച് ആരും ഇടത് മുന്നണിയിലേക്ക് വരേണ്ടതില്ലെന്നും ഉള്ള മാണി സി കാപ്പന്‍റെ വാക്കുകളോട് പ്രതികരിക്കാനില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam