
തൊടുപുഴ: യുഡിഎഫിൻ്റെ പ്രവർത്തനശൈലിയെ വിമർശിച്ച മാണി സി കാപ്പനെ തള്ളി പി.ജെ.ജോസഫ് എംഎൽഎ. മുന്നണിയുടെ പ്രവർത്തനം നന്നായി പോകുന്നുണ്ടെന്നും കേരള കോൺഗ്രസിന് ഇക്കാര്യത്തിൽ പരാതികൾ ഒന്നുമില്ലെന്നും പി.ജെ.ജോസഫ് പറഞ്ഞു. യുഡിഎഫ് ഘടകകക്ഷി നേതാവായ മാണി സി കാപ്പനുണ്ടായ ബുദ്ധിമുട്ട് ചർച്ചചെയ്ത് പരിഹരിക്കേണ്ടതാണ്. ഇക്കാര്യം ചർച്ച ചെയ്ത് പരിഹരിക്കും എന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞിട്ടുണ്ടെന്നും പി.ജെ.ജോസഫ് വ്യക്തമാക്കി. എൽഡിഎഫ് സർക്കാരിൻ്റെ പുതിയ മദ്യനയം തീർത്തും പ്രതിഷേധാർഹമാണ്. മദ്യത്തിൻ്റെ ഉപയോഗം കുറച്ചു കൊണ്ടു വരുമെന്ന് പറഞ്ഞിട്ട് വലിയ തോതിൽ കൂട്ടുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. വലിയ പ്രതിഷേധമാണ് പലഭാഗങ്ങളിൽ നിന്നും ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസുമായും വിഡി സതീശനുമായും കുറെ മാസങ്ങളായി മാണി സി കാപ്പനുള്ള സൗന്ദര്യ പിണക്കമാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നത്. സഭക്കുള്ളില്‍ സര്‍ക്കാരിനെ ശക്തമായി വിമര്‍ശിക്കാന്‍ മാണി സി കാപ്പന്‍ മടിക്കുന്നുവെന്ന പരാതിയാണ് കോണ്‍ഗ്രസിന്. ഇതിനെ തുടര്‍ന്ന് പല യുഡിഎഫ് പരിപാടികളിലും കാപ്പനെ കോണ്‍ഗ്രസ് ക്ഷണിച്ചില്ല. യുഡിഎഫ് സമര വേദികളില്‍ ക്ഷണിക്കാതെ പങ്കെടുക്കില്ലെന്ന് കാപ്പനും നിലപാടെടുത്തു.
അങ്ങനെ കെ റെയില്‍ സമരമടക്കം യുഡിഎഫിന്‍റെ നിലവധി സമര വേദികളില്‍ മാണി സി കാപ്പന്‍ പങ്കെടുത്തില്ല. മാത്രമല്ല യുഡിഎഫ് യോഗത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നടത്തിയ ചില പ്രതികരണങ്ങളിലും മാണി സി കാപ്പന് അമര്‍ഷമുണ്ട്. സതീശനേക്കാള്‍ രമേശ് ചെന്നിത്തലയോടാണ് മാണി സി കാപ്പന് കൂടുതല്‍ അടുപ്പം എന്നതും അകല്‍ച്ചക്ക് മറ്റൊരു കാരണമായി . എന്നാല്‍ യുഡിഎഫിലെ ഭിന്നത കാപ്പന്‍ പരസ്യപ്പെടുത്തിയതിലുള്ള കടുത്ത അതൃപ്തിയിലാണ് വിഡി സതീശന്‍. പ്രശ്നം പരിഹരിക്കുമെന്നും കാപ്പന്‍ മുന്നണിയുടെ ഭാഗമായി തുടരുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.
അതേസമയം കാപ്പനെ അടര്‍ത്തിയെടുക്കേണ്ട ആവശ്യം ഇടതു മുന്നണിക്കിലെന്നായിരുന്നു മന്ത്രി എകെ ശശീന്ദ്രന്‍റെ പ്രതികരണം. കോണ്‍ഗ്രസുമായി ഭിന്നതയുണ്ടെങ്കിലും മുന്നണിയില്‍ തുടരാന്‍ തന്നെയാണ് മാണി സി കാപ്പന്‍റെ തീരുമാനം. ജോസ് കെ മാണി ഇടതുമുന്നണിയിലുള്ള സാഹചര്യത്തില്‍ മുന്നണി മാറുന്നത് പാലായില്‍ നഷ്ടകച്ചവടമാകും. അതിനാല്‍ തന്നെ എന്‍സിപി വഴി ഇടതുമുന്നണിയിലേക്ക് തിരിച്ചു വരുന്നു എന്ന അഭ്യൂഹവും മാണി സി കാപ്പന്‍ തള്ളി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam