ജോസ് പോയത് തിരിച്ചടിയാവില്ലെന്ന് യുഡിഎഫിന് ജോസഫിൻ്റെ ഉറപ്പ്, മുന്നണി പ്രവേശനം ലക്ഷ്യമിട്ട് പിസി തോമസ്

By Web TeamFirst Published Oct 15, 2020, 4:06 PM IST
Highlights

ജോസ് കെ മാണി മുന്നണി വിട്ടത് തിരിച്ചടിയാവില്ലെന്ന് യുഡിഎഫ് നേതൃത്വത്തിന് പിജെ ജോസഫിൻ്റെ ഉറപ്പ്

തിരുവനന്തപുരം: കേരള കോൺ​ഗ്രസ് എം പിള‍ർത്തി ജോസ് കെ മാണിയും സംഘവും മുന്നണി വിട്ട് എൽഡിഎഫിൽ ചേ‍ർന്നത് തിരിച്ചടിയാവില്ലെന്ന വിലയിരുത്തലിൽ യുഡിഎഫ് യോഗം. ജോസ് മുന്നണി വിട്ട സാഹചര്യവും തദ്ദേശസ്വയം തെരഞ്ഞെടുപ്പ് അടുത്തു വരുന്നതും കണക്കിലെടുത്ത് ജില്ലാ തലത്തിലും പ്രാദേശിക അടിസ്ഥാനത്തിലും യുഡിഎഫിനെ പുനസംഘടിപ്പിക്കാനും ഇന്ന് ചേർന്ന യുഡിഎഫ് നേതൃയോഗത്തിൽ ധാരണയായി. 

അതേസമയം എൻഡിഎ ഘടകക്ഷിയായിരുന്ന പിസി തോമസിൻ്റെ കേരള കോൺ​ഗ്രസ് ബിജെപി സഖ്യം ഉപേക്ഷിക്കുമെന്നാണ് സൂചന. യുഡിഎഫിനൊപ്പം പ്രവ‍ർത്തിക്കാൻ താത്പര്യമുണ്ടെന്നും ഇതിനായി രമേശ് ചെന്നിത്തലയുമായി ച‍ർച്ചകൾ നടത്തിയെന്നും പിസി തോമസ് അറിയിച്ചു. എന്നാൽ മുന്നണി വിപുലീകരണം ഇപ്പോൾ ച‍ർച്ചയിൽ ഇല്ലെന്ന് യുഡിഎഫ് കൺവീന‍ർ എംഎം ഹസൻ വ്യക്തമാക്കി.

ജോസ് കെ മാണി മുന്നണി വിട്ടത് ഒരു തരത്തിലും തിരിച്ചടിയാവില്ലെന്നാണ് ഇന്ന് ചേർന്ന മുന്നണി യോഗത്തിൽ പിജെ ജോസഫ് നേതാക്കൾക്ക് നൽകിയ ഉറപ്പ്. ജോസ് കെ മാണി മുന്നണി വിട്ടത് മധ്യതിരുവിതാംകൂറിൽ ചലനം ഉണ്ടാകില്ലെന്നും ജോസിൻ്റെ തീരുമാനം സാധാരണക്കാരായ അണികൾക്ക് അംഗീകരിക്കാനാവില്ലെന്നും ജോസഫ് വിശദീകരിച്ചു. 

ജോസ് കെ മാണിയെ ഒപ്പം ചേർത്ത് നേട്ടമുണ്ടാക്കാം എന്ന എൽഡിഎഫിൻ്റെ സ്വപ്നം ഒരുതരത്തിലും യഥാർത്ഥ്യമാകില്ലെന്നും യുഡിഎഫ് യോഗത്തിൽ പിജെ ജോസഫ് പറഞ്ഞു. അതേസമയം പ്രശ്നപരിഹാരത്തിനായി താൻ പരമാവധി ശ്രമിച്ചെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി മുന്നണി യോഗത്തിൽ അറിയിച്ചു. 

തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ വീർപ്പുമുട്ടിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും തദ്ദേശസ്ഥാപനങ്ങളെ അവഗണിക്കുന്നതിലും പ്രതിഷേധിച്ച് നവംബർ ഒന്നിന് പ്രതിഷേധം സംഘടിപ്പിക്കാനും മുന്നണി യോഗത്തിൽ ധാരണയായി. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിൽ രണ്ട് ലക്ഷം പേർ പങ്കെടുക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാവും പ്രതിഷേധം. 

ഈ മാസം  23 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ ജില്ലാ തലയുഡിഎഫ് കമ്മറ്റികൾ ചേരാനും ആവശ്യമായ ഇടങ്ങളിൽ പുനസംഘടന നടത്താനും നേതൃയോഗം നിർദേശിച്ചു. യുഡിഎഫ് കൺവീനറുടെ സാന്നിധ്യത്തിൽ അടുത്തമാസം യോഗം ചേർന്ന് യുഡിഎഫിൻ്റെ പ്രാദേശിക പുനസംഘടന പൂർത്തിയാക്കണം എന്ന നിർദേശമാണ് നേതൃത്വം നൽകിയിരിക്കുന്നത്. 

മുന്നണി യോഗത്തിൽ എല്ലാ നേതാക്കളും പങ്കെടുത്തതായി യോഗതീരുമാനം വിശദീകരിക്കാൻ മാധ്യമങ്ങളെ കണ്ട യുഡിഎഫ് കൺവീന‍ർ എം.എം.ഹസൻ പറഞ്ഞു. 23ന് എറണാകുളത്ത് നടക്കുന്ന നേതൃയോഗം തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തും. ജില്ലാ തല യു ഡി എഫ് യോഗങ്ങളിൽ സംസ്ഥാന നേതാക്കൾ പങ്കെടുക്കുമെന്നും ഹസൻ വ്യക്തമാക്കി. 

ജോസ് കെ മാണി രാഷ്ട്രീയ വഞ്ചന കാണിച്ചെന്ന് ആരോപിച്ച ഹസൻ അതുകൊണ്ട് മുന്നണിക്ക് ഒരു നഷ്ടവും ഉണ്ടാവില്ലെന്നും വ്യക്തമാക്കി. മുന്നണി വിപുലീകരണ ചർച്ചകൾ ഇപ്പോൾ ഇല്ലെന്നും എൻസിപിയുടെ മാണി സി കാപ്പനുമായി ച‍ർച്ച നടത്തിയ കാര്യത്തിൽ കൂടുതലൊന്നും പറയാനില്ലെന്നും ഹസൻ വ്യക്തമാക്കി. 

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റുകളു‌ടെ എണ്ണം കൂട്ടണമെന്നും ആരോ​ഗ്യവിദ​ഗ്ദ്ധരുടേയും രാഷ്ട്രീയ കക്ഷികളുടേയും യോ​ഗം മുഖ്യമന്ത്രി വിളിക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു. കൊവിഡ് ഇതരരോ​ഗമുള്ളവ‍ർക്ക് സംസ്ഥാനത്ത് കൃത്യമായ ചികിത്സ കിട്ടാത്ത അവസ്ഥയുണ്ട്. ഇതിന് പ്രത്യേകം സംവിധാനം വേണം. കൊവിഡ് ബാധിച്ച് മരിച്ചവരുടെ നിർധനരായ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകണം. ഐഎംഎ ഉൾപ്പടെയുള്ള സംഘടനകളുടെ  സഹായം തേടുന്നില്ലെന്ന് കുറ്റപ്പെടുത്തിയ ഹസൻ. കേരള സ‍ർക്കാ‍ർ കൊണ്ടു വരുന്ന കെ റെയിൽ പദ്ധതി പ്രായോ​ഗികമല്ലെന്നും പകരം സബ‍ർബൻ റെയിൽ പദ്ധതിയാണ് സംസ്ഥാനത്തിന് അനുയോജ്യമെന്നും അഭിപ്രായപ്പെട്ടു. 

click me!