
കൊച്ചി: ജോസ് കെ മാണി പക്ഷത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിന് എതിരെ കേരള കോൺഗ്രസ് എം നേതാവ് പി ജെ ജോസഫ് കേരള ഹൈക്കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം നിയമപരമായി നിലനിൽക്കില്ലെന്നാണ് പിജെ ജോസഫിന്റെ വാദം. വസ്തുതകൾ പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ജോസ് പക്ഷത്തിനു ചിഹ്നം അനുവദിച്ചതെന്നും പിജെ ജോസഫിന്റെ ഹർജിയിൽ പറയുന്നു.
അതേസമയം, ജോസ് കെ മാണി വിഭാഗം പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പേ ഇടത് മുന്നണിയിലെത്തിയേക്കുമെന്ന് സൂചനയുണ്ട്. ഇതു സംബന്ധിച്ച ചര്‍ച്ച സിപിഎം നേതാക്കളുമായി ജോസ് കെ മാണി വിഭാഗം നടത്തിക്കഴിഞ്ഞു. മുന്നണി പ്രവേശനത്തിന് നേരത്തെ എതിര്‍പ്പ് ഉയര്‍ത്തിയ സിപിഐ നിലപാട് മയപ്പെടുത്തിയതും ജോസ് വിഭാഗത്തിന് അനുകൂലമാണ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കൊപ്പം നിന്ന് കരുത്ത് കാട്ടി നിയമസഭ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റ് വാങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് ജോസ് കെ മാണി വിഭാഗം നീങ്ങുന്നത്. കോട്ടയം ജില്ലയിലെ പല തദ്ദേശ സ്ഥാപനങ്ങളിലും ഇടത് നീക്കു പോക്കു സംബന്ധിച്ച പ്രാരംഭ ചര്‍ച്ചകള്‍ വരെ ജോസ് കെ മാണി വിഭാഗം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ജോസ് കെ മാണിയുടെ ലക്ഷ്യം ഇടത് മുന്നണിയാണെന്ന് ബോധ്യമായ സഹാചര്യത്തിലാണ് ഒത്തു തീര്‍പ്പ് ശ്രമത്തില്‍ നിന്നും മുസ്ലിം ലീഗ് പിന്‍മാറിയത് . മുന്നണി വിടുന്നതോടെ യുഡിഎഫില്‍ നിന്നും ലഭിച്ച രാജ്യസഭ സീറ്റ് അടക്കമുള്ള സ്ഥാനങ്ങള്‍ രാജിവെക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam