ജോസ് പക്ഷത്തിന് രണ്ടില; പി ജെ ജോസഫിന്‍റെ ഹര്‍ജി ഇന്ന് ദില്ലി ഹൈക്കോടതിയില്‍

By Web TeamFirst Published Sep 11, 2020, 7:10 AM IST
Highlights

2019 ജൂൺ 16ലെ സംസ്ഥാന സമിതി യോഗത്തിൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടെന്നാണ് ജോസ് കെ മാണിയുടെ വാദം. എന്നാൽ, ഈ യോഗവും തെരഞ്ഞെടുപ്പും പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് മജിസ്‌ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിട്ടുണ്ടെന്നും ജോസഫിന്റെ ഹർജിയിൽ പറയുന്നു

ദില്ലി: ജോസ് കെ മാണി പക്ഷത്തിനു രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനത്തിനെതിരെ പിജെ ജോസഫ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വസ്തുതകളും തെളിവുകളും പരിശോധിക്കാതെ ആണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവെന്നാണ് പി ജെ ജോസഫിന്റെ വാദം.

450 സംസ്ഥാന സമിതി അംഗങ്ങളിൽ 305 പേരെ മാത്രം കണക്കിലെടുത്തുള്ള തീരുമാനം നിയമവിരുദ്ധമാണ്. 2019 ജൂൺ 16ലെ സംസ്ഥാന സമിതി യോഗത്തിൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടെന്നാണ് ജോസ് കെ മാണിയുടെ വാദം. എന്നാൽ, ഈ യോഗവും തെരഞ്ഞെടുപ്പും പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് മജിസ്‌ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിട്ടുണ്ടെന്നും ജോസഫിന്റെ ഹർജിയിൽ പറയുന്നു.

ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം ലഭിച്ചെങ്കിലും കൂടുതൽ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നാണ് യുഡിഎഫ് യോഗം  പൊതുനയം സ്വീകരിച്ചത്. കെ എം മാണി യുഡിഎഫിന്‍റെ മഹാനായ നേതാവാണ്. എന്നും യുഡിഎഫിനൊപ്പം നിൽക്കാനും കെ എം മാണി ആഗ്രഹിച്ചിരുന്നു.

എന്നാൽ ജോസ് കെ മാണി വിശ്വാസ വഞ്ചന കാണിച്ചെന്നും അച്ചടക്കം മുന്നണി സംവിധാനത്തിന് അനിവാര്യമാണെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചിരുന്നു. അതേസമയം, യുഡിഎഫില്‍ നിന്ന് പൂര്‍ണമായി അകന്ന ജോസ് വിഭാഗം ഇടത് മുന്നണിയുമായി അടുക്കുകയാണ്. ജോസ് കെ മാണി വിഭാഗം തങ്ങൾക്കൊപ്പം എത്തിയാൽ ഇടതുപക്ഷത്തിന് കൂടുതൽ ഗുണകരമാകുമെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി എൻ വാസവൻ പ്രതികരിച്ചിരുന്നു.

ജോസഫ് വിഭാഗത്തേക്കാള്‍ ജോസ് കെ മാണി പക്ഷത്തിന് ജില്ലയിൽ സ്വാധീനമുണ്ടെന്നും സിപിഎം കണക്കാക്കുന്നു. ജോസ് കെ മാണി വിഭാഗത്തിന് കേരളത്തിലെ പല നിയമസഭാ മണ്ഡലങ്ങളിലും നിര്‍ണായക ശക്തിയാകാൻ കഴിയുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍.

click me!