
കോട്ടയം: കിടങ്ങൂർ പഞ്ചായത്തിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയ യുഡിഎഫ് അംഗങ്ങൾക്കെതിരെ നടപടി. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കളും പഞ്ചായത്ത് അംഗങ്ങളുമായ മൂന്ന് പേരെയാണ് പാർട്ടി ചെയർമാൻ പിജെ ജോസഫ് സസ്പെന്റ് ചെയ്തത്. ബിജെപി സഖ്യം പുതുപ്പള്ളിയിൽ ഇടതുമുന്നണി തെരഞ്ഞെടുപ്പ് ആയുധമാക്കിയതോടെ പ്രാദേശിക തലത്തിലുണ്ടാക്കിയ ധാരണയെന്ന് ന്യായീകരിച്ച് പിജെ ജോസഫ് നടപടിയെടുത്തത്.
രാവിലെ യുഡിഎഫ് അംഗമായ തോമസ് മാളിയേക്കലിനെ ബിജെപി പിന്തുണയോടെ പ്രസിഡണ്ടായി തിരഞ്ഞെടുത്തിരുന്നു. ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മൂന്ന് യുഡിഎഫ് അംഗങ്ങളും ബിജെപിക്ക് വോട്ട് ചെയ്തു. ബിജെപി അംഗം രശ്മി രാജേഷ് എട്ട് വോട്ടുകളോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റാവുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കെ ഉണ്ടായ രാഷ്ട്രീയ നീക്കം പാർട്ടി നേതൃത്വത്തിനെയും മുന്നണി നേതൃത്വത്തെയും പ്രതിരോധത്തിലാക്കി.
കിടങ്ങൂരിൽ ബിജെപി സഖ്യം പാർട്ടി സംസ്ഥാന നേതൃത്വം അറിയാതെയാണെന്ന് പിജെ ജോസഫ് പറഞ്ഞു. പ്രാദേശിക തലത്തിൽ മാത്രമുള്ള ധാരണയെന്നും ഇത് തിരുത്താൻ നിർദേശം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. ബി ജെ പി ക്കൊപ്പം ഭരിക്കില്ലെന്നായിരുന്നു പിജെ ജോസഫിന്റെ നിലപാട്. എന്നാൽ രാജിവെക്കാനുള്ള നിർദ്ദേശം പഞ്ചായത്ത് അംഗങ്ങൾ നിരാകരിച്ചതായാണ് വിവരം.
കോട്ടയം കിടങ്ങൂർ പഞ്ചായത്ത് ഇടതുമുന്നണിയാണ് ഭരിച്ചിരുന്നത്. എന്നാൽ കേവല ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. 15 അംഗങ്ങളുള്ള പഞ്ചായത്തിൽ ഏഴ് പേർ ഇടതുമുന്നണിയിലും അഞ്ച് പേർ ബിജെപിയും മൂന്ന് പേർ യുഡിഎഫുമായിരുന്നു. ഇടതു മുന്നണിയിലെ ധാരണ പ്രകാരം കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പുകാരനായ പ്രസിഡന്റ് രാജിവച്ചിരുന്നു. ഈ ഒഴിവിലേക്കായിരുന്നു മത്സരം. പുതുപ്പള്ളി മണ്ഡലത്തിനു സമീപമുള്ള പഞ്ചായത്താണ് കിടങ്ങൂർ. വിഷയം ഉപതെരഞ്ഞെടുപ്പിൽ ആയുധമാക്കിയിരിക്കുകയാണ് ഇടതുമുന്നണി.
പുതുപ്പള്ളിയിൽ കോൺഗ്രസ് ബിജെപി കൂട്ടുകെട്ടുണ്ടെന്നും കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ കൂട്ടുകെട്ട് ഇതിന് ഉദാഹരണമാണെന്നും മന്ത്രി വിഎൻ വാസവൻ വിമർശിച്ചു. തെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചതുപോലും ഈ ധാരണയിലെന്ന് സംശയിക്കണമെന്നും അദ്ദേഹം പറഞ്ഞു. കിടങ്ങൂർ പഞ്ചായത്തിൽ ബിജെപി പിന്തുണ സ്വീകരിച്ച കോൺഗ്രസ്, മണിപ്പൂർ വിഷയത്തിലുള്ള പരസ്യ പിന്തുണ ആർഎസ്എസിന് പ്രഖ്യാപിക്കുകയാണോയെന്ന് വ്യക്തമാക്കണമെന്ന് ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് ആവശ്യപ്പെട്ടു.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്