ഗോപാലേട്ടന്‍റെ പശുവില്ല, ആമിനാത്തയുടെ കോഴിയില്ല, ബംഗാളിയില്ല; 'അന്നത്തെ' ട്രോളന്മാർക്ക് അബ്ദുറബിന്‍റെ ചെക്ക്

By Web TeamFirst Published Jul 14, 2021, 6:32 PM IST
Highlights

വിദ്യാർത്ഥികളുടെ കഴിവിനെ വില കുറച്ചു കാണിക്കുക, മന്ത്രിയെ ട്രോളുക, കുറ്റപ്പെടുത്തുക, ഇതൊക്കെയാണ് ഇടത് സൈബർ പോരാളികളുടെ സ്ഥിരം പണിയെന്ന് അബ്ദുറബ്

മലപ്പുറം: ഇത്തവണത്തെ എസ് എസ് എൽ സി പരീക്ഷാ ഫലം പുറത്തുവന്നതിന് പിന്നാലെ പഴയകാലത്തെ പരിഹാസങ്ങളോർത്തെടുത്ത് തിരിച്ചടിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്. വിജയശതമാനം കൂടുന്നത് മന്ത്രിയുടെ കഴിവു കേടല്ല, വിദ്യാർത്ഥികമിടുക്കു കൊണ്ടാണെന്ന് അന്ന് തന്നെ ട്രോളിയ ഇടത് സൈബർ പോരാളിൾക്ക് ഇപ്പോ മനസിലായോ എന്ന് അബ്ദുറബ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ഇക്കുറി വിജയശതമാനം 99.47 ആയത് വിദ്യാർഥികളുടെ മികവ് തന്നെയാണ്. എന്നാൽ താൻ വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോൾ വിജയശതമാനം കൂടിയപ്പോൾ സൈബർ പോരാളികൾ ട്രോളിയിരുന്നു.

യുഡിഎഫ് കാലത്താണെങ്കിൽ വിജയശതമാനം ഉയരുമ്പോൾ വിദ്യാർത്ഥികളുടെ കഴിവിനെ വില കുറച്ചു കാണിക്കുക, മന്ത്രിയെ ട്രോളുക, കുറ്റപ്പെടുത്തുക, ഇതൊക്കെയാണ് ഇടത് സൈബർ പോരാളികളുടെ സ്ഥിരം പണിയെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടികാട്ടി. 'ഗോപാലേട്ടന്‍റെ പശുവില്ല, ആമിനത്താത്തയുടെ പൂവൻ കോഴിയില്ല, സ്കൂളിന്‍റെ ഓട് മാറ്റാൻ വന്ന ബംഗാളിയുമില്ല. റിസൾട്ട് പ്രഖ്യാപിച്ചത് ഞാനല്ലാത്തത് കൊണ്ട് ഇജ്ജാതി ട്രോളുകളൊന്നുമില്ല'. പഴയ ട്രോളന്മാരോട് ഇങ്ങനെയും പറയാൻ അബ്ദുറബ് മടികാട്ടിയില്ല. ആരുടെയും വിജയത്തെ വില കുറച്ചു കാണുന്നില്ലെന്ന് പറഞ്ഞ അബ്ദുറബ് ഉപരിപഠന യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങളും അറിയിച്ചു.

അബ്ദുറബിൻ്റെ കുറിപ്പ്

SSLC വിജയശതമാനം 99.47
ഗോപാലേട്ടന്‍റെ പശുവില്ല,
ആമിനത്താത്തയുടെ പൂവൻ കോഴിയില്ല,
സ്കൂളിൻ്റെ ഓട് മാറ്റാൻ  വന്ന ബംഗാളിയുമില്ല.
റിസൾട്ട് പ്രഖ്യാപിച്ചത് ഞാനല്ലാത്തത് കൊണ്ട്
ഇജ്ജാതി ട്രോളുകളൊന്നുമില്ല.
2011 ൽ എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് 91.37 ആയിരുന്നു വിജയശതമാനം. പിന്നീട് ഞാൻ മന്ത്രിയായിരുന്ന കാലത്തും SSLC
വിജയശതമാനം കൂടിക്കൂടി വന്നു. 
2012 ൽ 93.64%
2013 ൽ 94.17%
2014 ൽ 95.47 %
2015 ൽ 97.99%
2016 ൽ 96.59%
UDF ന്‍റെ കാലത്താണെങ്കിൽ വിജയശതമാനം ഉയരുമ്പോൾ വിദ്യാർത്ഥികളുടെ കഴിവിനെ
വില കുറച്ചു കാണിക്കുക, മന്ത്രിയെ ട്രോളുക, കുറ്റപ്പെടുത്തുക.. ഇതൊക്കെയാണ് ഇടത് സൈബർ പോരാളികളുടെ സ്ഥിരം പണി.
2016 മുതൽ പ്രൊഫസർ രവീന്ദ്രനാഥ് 
മന്ത്രിയായ ശേഷമുള്ള വിജയശതമാനവും 
ഉയരത്തിൽ തന്നെയായിരുന്നു.
2017 ൽ  95.98%
2018 ൽ  97.84%
2019 ൽ  98.11%
2020 ൽ  98.82%
ഇപ്പോഴിതാ 2021 ൽ 99.47% പേരും 
SSLC ക്ക് ഉപരിപഠന യോഗ്യത നേടിയിരിക്കുന്നു.
വിജയശതമാനം കൂടിയത് മന്ത്രിയുടെ
കഴിവു കേടല്ല, വിദ്യാർത്ഥികളെ,
നിങ്ങളുടെ മിടുക്കു കൊണ്ടാണ്. 
നിങ്ങളുടെ വിജയത്തെ വില കുറച്ചു കാണുന്നില്ല. 
ഉപരിപഠന യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!