ദി റിയൽ കേരള സ്റ്റോറി എന്ന പേരിലാണ് എഐ വീഡിയോ വൈറലാവുന്നത്

തിരുവനന്തപുരം: വിവാദ ചിത്രം കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം കാണാൻ കേരളത്തിലെ തിയേറ്ററുകളിൽ ആളില്ലാതെയുള്ള സാഹചര്യത്തിനിടെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊച്ചി മെട്രോ തൂണിൽ നിന്ന് പൂച്ചയെ രക്ഷിക്കുന്നതിന്റെ എഐ വീഡിയോ. ദി റിയൽ കേരള സ്റ്റോറി എന്ന പേരിലാണ് എഐ വീഡിയോ വൈറലാവുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കൊച്ചി മെട്രോ തൂണിൽ ദിവസങ്ങളായി കുടുങ്ങിക്കിടന്ന പൂച്ചയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങുന്ന തിരുവനന്തപുരത്ത് മസ്ജിദുകളിലും വീടുകളിലും പൊങ്കാലയ്ക്ക് എത്തുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകണമെന്ന് പാളയം ഇമാമിന്‍റെ സന്ദേശം വലിയ രീതിയിൽ ചർച്ചയായിരുന്നു. 

View post on Instagram

ഭിന്നിപ്പിന്റെ വലിയ രീതിയിലുള്ള ശ്രമങ്ങൾക്കിടയിൽ ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന രീതിയിലാണ് പാളയം ഇമാമിന്റെ സന്ദേശം ചർച്ചയായത്. റമദാൻ നോമ്പുകാലമായതിനാൽ പൊങ്കാല ദിവസം പകൽ സമയം വരുന്നവർക്കായി ആവശ്യത്തിന് പാനീയങ്ങളും പറ്റുന്നവർ ഭക്ഷണവും ഒരുക്കിവെക്കാൻ പ്രതേകം ശ്രദ്ധിക്കണം. ഇത്തരത്തിലൂടെയാണ് വിദ്വേഷത്തെയും ഇസ്ലാമോഫോബിയയേയും പ്രതിരോധിക്കാൻ സാധിക്കൂ എന്ന ബോധ്യം നമുക്കുണ്ടാകണം. സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെ സന്ദർഭങ്ങൾ ജാതി മതവ്യത്യാസമില്ലാതെ നാം നടത്തുന്ന ഇത്തരം ശ്രമങ്ങൾ അല്ലാഹു അവന്‍റെ പ്രീതിയിലേക്കായി മാറ്റുമെന്നായിരുന്നു ജുമാ നമസ്കാര സമയത്ത് പാളയം പള്ളി ഇമാം സുഹൈബ് മൗലവി വിശ്വാസികൾക്ക് നിർദ്ദേശം നൽകിയത്. 

പൊരിവെയിലത്ത് പൊങ്കാലയ്ക്കായി കാത്തുനിൽക്കുന്ന ഭക്തർക്കായി എല്ലാവർഷവും പാളയം മസ്ജിദും സെന്‍റ് ജോസഫ് പള്ളിയുടെയും വാതിലുകൾ തുറന്നിടാറുണ്ട്. പൊങ്കാലയിടുന്ന ഭക്തർക്കായി വിശ്രമിക്കാനും ശുചിമുറി ഉൾപ്പടെ ഒരുക്കാനുമായി പള്ളിയിലെ പ്രാർത്ഥനകളുടെ സമയക്രമം വരെ മാറ്റാറുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം