
കോഴിക്കോട്: മുട്ടിൽ മരം മുറി കേസിലെ പ്രതികൾക്ക് സർക്കാർ പരിപാടിയുടെ സ്പോൺസർ ആകാൻ എന്ത് യോഗ്യതയാണുള്ളതെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. മെസ്സി കേരളത്തിൽ എത്തുന്ന കാര്യം സംബന്ധിച്ച് കായിക മന്ത്രി വ്യക്തത വരുത്തണമെന്നും പി കെ ഫിറോസ് പറഞ്ഞു. കായിക മന്ത്രിയുടെ ആദ്യ പ്രഖ്യാപനം അനുസരിച്ച് മെസ്സി കേരളത്തിൽ കളിക്കേണ്ട സമയം ആയിരുന്നു. മെസ്സി വരുന്നില്ലെന്ന് ഇപ്പോൾ പറയുന്നു. കായിക മന്ത്രിയോട് ഇതിനെക്കുറിച്ച് ചോദിക്കുമ്പോൾ മറുപടി മറ്റേ ഭാഷയിൽ പറയുമെന്ന് പറയുന്നു. ഇത്തരത്തിലുള്ള പ്രതികരണമല്ല വേണ്ടതെന്നും കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടത് മന്ത്രിയാണെന്നും പി കെ ഫിറോസ് പറഞ്ഞു.
ആരെങ്കിലും അങ്ങോട്ട് ആവശ്യപ്പെട്ടിട്ടല്ല മെസ്സിയെ കൊണ്ടു വരുമെന്ന് മന്ത്രി പറഞ്ഞത്. നികുതിപ്പണം കൊണ്ടാണ് മന്ത്രിയും സംഘവും അർജന്റീനയുടെ വരവിനു വേണ്ടി വിദേശത്ത് പോയത്. സർക്കാർ ഇവന്റിന് മുട്ടിൽ മരം മുറി കേസിലെ പ്രതികൾ എങ്ങനെയാണ് സ്പോൺസർ ആയത്. അതിനുള്ള യോഗ്യതാ മാനദണ്ഡം എന്തൊക്കെയാണെന്ന് സർക്കാർ വ്യക്തമാക്കണം. മെസ്സിയുടെ വരവ് പ്രമാണിച്ച് കലൂർ സ്റ്റേഡിയത്തിൽ 2000 പേർ പണിയെടുക്കുന്നു എന്നാണ് പറഞ്ഞത്. എന്നാൽ, നൂറിൽ താഴെ ആളുകൾ മാത്രമാണ് അനിടെ പണിയെടുത്തത്. നവംബറിൽ മെസ്സി വരുന്നുണ്ടായിരുന്നെങ്കിൽ അങ്ങനെ ഉള്ള പണി ആണോ എടുക്കുക? മെസ്സിയെ കൊണ്ട് വരാൻ ഇവർ ഉദ്ദേശിച്ചിട്ടില്ല എന്നതാണ് വാസ്തവം. അർജന്റീനയിലെ ഏതോ ആളെ പറ്റിച്ച് കൊച്ചിയിൽ എത്തിച്ചു ഫോട്ടോ എടുത്തു. മെസ്സിയെ കൊണ്ടുവരുന്നു എന്നതിന്റെ മറവിൽ വലിയ ഉടായിപ്പ് നടത്തി. 132കോടി അയച്ചു എന്നാണ് പറഞ്ഞത്. ഇത് അഴിമതി പണം ആണോ കള്ളപ്പണം ആണോ? സ്റ്റേഡിയം നവീകരണത്തിന് 70 കോടി ചെലവാക്കും എന്നു പറഞ്ഞത് പച്ചക്കള്ളമാണ്. സർക്കാർ മുതൽ ആർക്കെങ്കിലും നവീകരിക്കാൻ കഴിയുമോ? സർക്കാർ കേസുകളിൽ പ്രതിയായ ആളുകളെ പൊലീസുകാർക്കൊപ്പമുള്ള യോഗത്തിൽ എങ്ങനെയാണ് പങ്കെടുപ്പിക്കുന്നത്? കായിക മന്ത്രിക്ക് മാധ്യമ പ്രവർത്തകരെ തെറി പറഞ്ഞ് രക്ഷപെടാൻ പറ്റില്ല. ജനങ്ങളെ എന്തിന് വിഡ്ഢികളാക്കിയെന്ന് മറുപടി പറയണം. മെസ്സി വളാഞ്ചേരി നഗരസഭയിൽ മത്സരിക്കുമെന്ന് മാത്രമേ പറയാത്തതായിട്ടുള്ളൂ.139കോടി അർജന്റീനക്ക് അയച്ചതിന്റെ രേഖകൾ പുറത്തു വിടണമെന്നും മെസ്സിയെ കൊണ്ടുവരുമെന്നത് സംബന്ധിച്ച മുഴുവൻ ഇടപാടുകൾ സംബന്ധിച്ച് കേന്ദ്ര ഏജൻസി അന്വേഷണം വേണമെന്നും പി കെ ഫിറോസ് പറഞ്ഞു.