കേരളത്തിൽ ആർഎസ്എസ് നേതാക്കളെ കുറിച്ച് പഠിപ്പിക്കില്ല, അത് സുരേന്ദ്രന്റെ സ്വപ്നം മാത്രം; മറുപടിയുമായി മന്ത്രി വി‌ ശിവൻകുട്ടി

Published : Oct 26, 2025, 12:23 PM ISTUpdated : Oct 26, 2025, 12:27 PM IST
Surendran, sivankutty

Synopsis

47 ലക്ഷത്തോളം വിദ്യാർത്ഥികളെ ബാധിക്കുന്ന പ്രശ്നമാണിതെന്നും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യം വിട്ടുവീഴ്ച ചെയ്യാതെയാണ് ഫണ്ട് വാങ്ങുന്നതെന്നും ശിവൻകുട്ടി പറഞ്ഞു. പാഠപുസ്തകം തയാറാക്കുന്നത് സർക്കാർ തന്നെയാണ്. എൻഇപിയിൽ ഇത് പറയുന്നുണ്ട്.

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി മന്ത്രി വി‌ ശിവൻകുട്ടി. 47 ലക്ഷത്തോളം വിദ്യാർത്ഥികളെ ബാധിക്കുന്ന പ്രശ്നമാണിതെന്നും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യം വിട്ടുവീഴ്ച ചെയ്യാതെയാണ് ഫണ്ട് വാങ്ങുന്നതെന്നും ശിവൻകുട്ടി പറഞ്ഞു. പാഠപുസ്തകം തയാറാക്കുന്നത് സർക്കാർ തന്നെയാണ്. എൻഇപിയിൽ ഇത് പറയുന്നുണ്ട്. ഏത് നിമിഷവും വേണമെങ്കിൽ പിൻമാറാം എന്ന് എംഒയുവിൽ ഉണ്ട്. രണ്ട് കക്ഷികളും തമ്മിൽ ആലോചിച്ചോ, കോടതിയിൽ പോയോ പിന്മാറാമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിൽ ആർഎസ്എസ് നേതാക്കളെ കുറിച്ച് പഠിപ്പിക്കില്ല. അത് കെ സുരേന്ദ്രന്റെ സ്വപ്നം മാത്രമാണ്. ബദൽ പാഠപുസ്തകം ഇറക്കിയ സംസ്ഥാനമാണ് കേരളം. കേന്ദ്ര ഫണ്ട് ഉപേക്ഷിക്കാനാവില്ല. സിപിഐ എതിർപ്പ് നേതാക്കൾ തമ്മിൽ തീരുമാനിക്കട്ടെ. എംഒയുവിൽ ഒപ്പിടുന്നതിന് മുമ്പ് നിയമോപദേശം തേടിയിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പറയുന്നില്ല. എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡു ഉടൻ കിട്ടും. പദ്ധതിയുമായി ബന്ധപ്പെട്ട ഒന്നും കേരളത്തിൽ നടപ്പാക്കില്ല. എംഒയുവിൽ ഒപ്പിട്ടാലെ ഫണ്ട് കിട്ടുകയുള്ളൂ. പല ഫണ്ടും കിട്ടേണ്ടതുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.

അതേസമയം, പിഎം ശ്രീ പദ്ധതിയുടെ കരാരിൽ ഒപ്പുവെച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരായ വിയോജിപ്പിച്ചിൽ സിപിഐയിൽ അമര്‍ഷം തിളയ്ക്കുകയാണ്. സിപിഎം ദേശീയ നേതൃത്വം വിഷയത്തിൽ ഇടപെടാത്തതിൽ സിപിഐയ്ക്ക് രൂക്ഷമായ അതൃപ്തിയാണുള്ളത്. സിപിഎം ജനറൽ സെക്രട്ടറിയുടെ മൗനം വേദനിപ്പിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ പ്രകാശ് ബാബു ദില്ലിയിൽ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി എന്തെങ്കിലും നിർദേശം വെച്ചതായി അറിയില്ലെന്നും പിഎം ശ്രീയുടെ രേഖയിൽ എൻഇപി സമഗ്രമായി നടപ്പാക്കണമെന്ന് തന്നെയാണ് പറയുന്നതെന്നും കെ പ്രകാശ് ബാബു പറഞ്ഞു. ഡി രാജ ഭക്ഷണം പോലും കഴിക്കാതെ ആണ് എംഎ ബേബിയെ പോയി കണ്ടത്. എല്ലാ ചോദ്യങ്ങൾക്കും എംഎ ബേബിക്ക് മൗനം മാത്രം ആയിരുന്നു മറുപടി. ഇത് വ്യക്തിപരമായി വേദനിപ്പിച്ചു. ബേബി നന്നായി ഇടപെടാൻ അറിയുന്ന ആളാണെന്നും പ്രകാശ് ബാബു പറഞ്ഞു.

എന്നാൽ, ഇക്കാര്യത്തിൽ സംസ്ഥാന ഘടകങ്ങള്‍ ചര്‍ച്ച ചെയ്യട്ടെയെന്നായിരുന്നു എംഎ ബേബിയുടെ നിലപാട്. സിപിഎം ദേശീയ നേതൃത്വം കൈയൊഴിഞ്ഞതിൽ ഇന്നും അതൃപ്തി ആവര്‍ത്തിച്ചുകൊണ്ടായിരുന്നു പ്രകാശ് ബാബുവിന്‍റെ പ്രതികരണം. കടുത്ത തീരുമാനം ഉണ്ടാകുമോ എന്ന ചോദ്യത്തിന് നാളത്തെ സംസ്ഥാന നിർവാഹക സമിതി യോഗം നടക്കട്ടെയെന്നായിരുന്നു പ്രകാശ് ബാബുവിന്‍റെ മറുപടി. പദ്ധതി നടത്തിപ്പിലെ മെല്ലെ പോക്ക് അടക്കം സാധിക്കില്ലെന്ന നിലപാടിലാണ് പ്രകാശ് ബാബു. പിഎം ശ്രീ എൻഇപി നടപ്പാക്കാനുള്ള ഉപാധിയാണെന്നും കേരളത്തിലെ സ്കൂളുകൾ മികച്ച നിലയിലാണെന്നും അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ കാര്യം പറഞ്ഞിട്ട് കാര്യമില്ലെന്നും പ്രകാശ് ബാബു പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കൊല്ലം ജില്ലാ പൊലീസ് മേധാവി
രാജ്യത്തെ സമ്പന്നമായ 10 ജില്ലകൾ, മുംബൈയെയും അഹമ്മദിബാ​ദിനെയും പിന്തള്ളി അപ്രതീക്ഷിത ന​ഗരം, കേരളത്തിൽ നിന്ന് ആരുമില്ല