
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്. സാക്ഷാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കേരളത്തില്‍ അമിത് ഷായുടെ കടമ ഏറ്റെടുക്കുകയാണെന്ന് പികെ ഫിറോസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ആരോപിച്ചു. തെരഞ്ഞെടുപ്പുകളിലെ താല്‍ക്കാലിക ലാഭത്തിന് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ വിഷം കലക്കരുതെന്നും ഫാസിസത്തോട് മറുചോദ്യങ്ങളുയരാത്ത ഗുജറാത്താക്കി കേരളത്തെ മാറ്റരുതെന്നും പികെ ഫിറോസ് ആവശ്യപ്പെട്ടു.
യുഡിഎഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. യുഡിഎഫ് നേതൃത്വം ലീഗ് ഏറ്റെടുത്താലെന്താ എന്ന ചോദ്യം ചോദിക്കുന്ന ഒരു സമൂഹമല്ല ഇവിടെയുമുള്ളത് എന്ന ആത്മവിശ്വാസത്തിലാണോ പിണറായി ആ സ്റ്റേറ്റ്‌മെന്റ് നടത്തുന്നത്. ഇസ്ലാമോഫോബിയ ഉല്‍പ്പാദിപ്പിക്കുന്നത് ആര്‍എസ്എസ് മാത്രമല്ല. അവര്‍ വിളവെടുപ്പുകാരാണ്.
മതേതര സമൂഹത്തില്‍ വര്‍ഗീയതയുടെ വിത്തു വിതച്ചതിന് ശേഷം വിളവെടുക്കുന്നവരെ നോക്കി ആര്‍ത്തുവിളിച്ചത് കൊണ്ട് കാര്യമില്ലെന്നും പികെ ഫിറോസ് കുറിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആഭ്യന്തര വിഷയത്തില്‍ ലീഗ് ഇടപെടുന്നുവെന്ന് മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് പിണറായിക്കെതിരെ പികെ ഫിറോസ് രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ അമിത് ഷാ പ്രയോഗിച്ചൊരു കുതന്ത്രമുണ്ട്. അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത് എന്ന പ്രഖ്യാപനമായിരുന്നു അത്. കോണ്‍ഗ്രസ് കളിക്കുന്നത് ഹജ്ജ് (HAJ) ആണെന്നും ബി.ജെ.പി ചേര്‍ത്തുപറഞ്ഞു. എന്താണ് ഹജ്ജ് കൊണ്ടുദ്ധേശിക്കുന്നതെന്ന ചോദ്യത്തിന് ഹര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍, ജിഗ്‌നേഷ് മേവാനി എന്നിവരാണ് കോണ്‍ഗ്രസിന് നേതൃത്വം കൊടുക്കുന്നതെന്നും ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താല്‍ HAJ ആയെന്നും മറുപടി പറഞ്ഞു. കോണ്‍ഗ്രസ് ജയിക്കുമെന്ന ഘട്ടത്തിലാണ് അമിത് ഷാ ഈ പ്രയോഗങ്ങളൊക്കെ നടത്തിയത്.
കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയായാലെന്താ എന്ന ചോദ്യമാണ് യഥാര്‍ത്ഥത്തില്‍ ജനം ചോദിക്കേണ്ടിയിരുന്നത്. അങ്ങിനെ ചോദിക്കുമ്പോഴാണ് ആ സമൂഹം മതേതരമാകുന്നത്. എന്നാല്‍ ആ ചോദ്യം ഗുജറാത്തില്‍ നിന്ന് ഉയര്‍ന്നില്ല. കാരണം നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് ഇപ്പോഴങ്ങിനെയാണ്. അതറിയുന്നത് കൊണ്ടാണ് അമിത് ഷാ അത്തരമൊരു പ്രയോഗം നടത്തിയതും.
അമിഷായുടെ തനിയാവര്‍ത്തനമാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുമ്പ് കൊടിയേരി കേരളത്തില്‍ നടത്തിയത്. കുഞ്ഞാലിക്കുട്ടി - ഹസ്സന്‍- അമീര്‍ നേതൃത്വമാണ് കേരളത്തില്‍ യു.ഡി.എഫിനെന്നായിരുന്നു കൊടിയേരിയുടെ പ്രസ്താവന. കൂടാതെ കുഞ്ഞാലിക്കുട്ടിക്ക് പാര്‍ട്ടി തെരഞ്ഞെടുപ്പ് ചുമതല നല്‍കിയതിനെ ദേശാഭിമാനി വിശേഷിപ്പിച്ചത് ലക്ഷ്യം മുസ്ലിം തീവ്രവാദികളുടെ ഏകോപനമെന്നായിരുന്നു.
ഇപ്പോഴിതാ സാക്ഷാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കേരളത്തില്‍ അമിത് ഷായുടെ കടമ ഏറ്റെടുക്കുന്നു. യുഡിഎഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. യുഡിഎഫ് നേതൃത്വം ലീഗ് ഏറ്റെടുത്താലെന്താ എന്ന ചോദ്യം ചോദിക്കുന്ന ഒരു സമൂഹമല്ല ഇവിടെയുമുള്ളത് എന്ന ആത്മവിശ്വാസത്തിലാണോ പിണറായി ആ സ്റ്റേറ്റ്‌മെന്റ് നടത്തുന്നത്?
ഇസ്ലാമോഫോബിയ ഉല്‍പ്പാദിപ്പിക്കുന്നത് ആര്‍എസ്എസ് മാത്രമല്ല. അവര്‍ വിളവെടുപ്പുകാരാണ്. മതേതര സമൂഹത്തില്‍ വര്‍ഗീയതയുടെ വിത്തു വിതച്ചതിന് ശേഷം വിളവെടുക്കുന്നവരെ നോക്കി ആര്‍ത്തുവിളിച്ചത് കൊണ്ട് കാര്യമില്ല.പിണറായി വിജയനോട് ഒരപേക്ഷയേയുള്ളൂ. തെരഞ്ഞെടുപ്പുകളിലെ താല്‍ക്കാലിക ലാഭത്തിന് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ വിഷം കലക്കരുത്. ഫാഷിസത്തോട് മറുചോദ്യങ്ങളുയരാത്ത ഗുജറാത്താക്കി കേരളത്തെ മാറ്റരുത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam