
മലപ്പുറം: ലോക കേരള സഭയെ തള്ളാതെ പി കെ കുഞ്ഞാലിക്കുട്ടി. സമീപകാല രാഷ്ട്രീയ വിഷയങ്ങളുടെ പേരിലാണ് യുഡിഎഫ് വിട്ടുനിന്നത്. യുഡിഎഫിന്റെ പ്രവാസി സംഘടനകൾ സജീവമായി പങ്കെടുക്കുന്നുണ്ട്. യൂസഫലിയ്ക്ക് എതിരായ കെ എം ഷാജിയുടെ പ്രസ്ഥാവന ശ്രദ്ധയിൽ പെട്ടിട്ടില്ല. ഇക്കാര്യം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അഗ്നിപഥ് പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണിത്. ജോലി തേടിയിരിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ അവസരം നഷ്ടമാക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം വിമർശിച്ചു.
'മോദിയുടെ തൃപ്തിക്ക് പാക്കേജ് പ്രഖ്യാപിച്ചയാൾ'; യൂസഫലിയെ വിമർശിച്ച് കെഎം ഷാജി
കോഴിക്കോട്: പ്രവാസി വ്യവസായ പ്രമുഖൻ എം എ യൂസഫലിയെ വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. യോഗിയുടെ നാട്ടിൽ ബിസിനസ് വളർത്തുകയാണ് ലക്ഷ്യം, മോദിയെ തൃപ്തിപ്പെടുത്താൻ പാക്കേജ് പ്രഖ്യാപിച്ചയാളാണ്, ലീഗിനെ വിലക്ക് വാങ്ങാൻ ശ്രമിക്കേണ്ടന്നുമാണ് ഷാജി പറഞ്ഞതദ്. എം എ യൂസഫലിയുടെ പേര് പറയാതെയാണ് കെ എം ഷാജിയുടെ വിമർശനം. ലോക കേരള സഭയിൽ യൂസഫലി പ്രതിപക്ഷത്തെ വിമർശിച്ചതിനുള്ള മറുപടിയാണ് ഷാജിയുടേതെന്നാണ് വിലയിരുത്തൽ.
'യോഗിയെ നിങ്ങൾക്ക് തൃപ്തിപ്പെടുത്തണം, കാരണം അവിടെ ബിസിനസ് വേണം. മോദിയെ നിങ്ങൾക്ക് തിരുമ്മിക്കൊടുക്കണം കാരണം അവിടെയും നിങ്ങൾക്ക് ബിസിനസ് വളർത്തണം. ചങ്ങായിയെ നിങ്ങൾക്ക് സ്തുതിപറയണം. കാരണം അവിടെയും നിങ്ങൾക്ക് ബിസിനസ് വേണം. ആയിക്കോ, തിരുമ്മിക്കൊ ബിസിനസുകാർക്ക് പലതും വേണ്ടിവരും. പക്ഷെ ലീഗിനെ വിലക്ക് വാങ്ങാൻ വന്നാൽ വിവരമറിയും. ഏത് വലിയ സുൽത്താനായാലും വിവരമറിയും. ഇത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗാണ്. പാവപ്പെട്ടവന്റെ കൈയ്യിലെ നക്കാപ്പിച്ചയിൽ നിന്ന് വളർത്തിയെടുത്ത അന്തസേ ലീഗിനുള്ളൂ. അതിനപ്പുറത്തേക്ക് ഒരു മൊതലാളിയുടെ ഒത്താശയും ഇതിനില്ല. നിങ്ങൾ എന്ത് ചെയ്താലും പറയും. കാരണം നിങ്ങളുടെ ഒരു നക്കാപ്പിച്ചയും വാങ്ങി ജീവിക്കാത്തിടത്തോളം പറയുക തന്നെ ചെയ്യും. മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാർട്ടിയെ വെല്ലുവിളിക്കാൻ നിങ്ങളാര്? ഞങ്ങളുടെ നേതാക്കൾ എവിടെ പോകണം എവിടെ പോകണ്ട എന്ന് തീരുമാനിക്കാൻ ഞങ്ങൾക്ക് നല്ല വ്യവസ്ഥയുണ്ട്. അത് മുതലാളിമാരുടെ വീട്ടിൽ പോയി ചീട്ട് വാങ്ങിയട്ടല്ല പോവുകയും പങ്കെടുക്കുകയും ചെയ്യുന്നത്'- എന്നാണ് കെഎം ഷാജി പറഞ്ഞത്. എന്നാൽ എം എ യൂസഫലിയുടെ പേര് ഒരിടത്തും പരാമർശിച്ചിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam