പാനൂർ കൊലപാതകം ആസൂത്രിതം; തേച്ചു മായ്ച്ചു കളയാമെന്ന് സർക്കാർ കരുതേണ്ട എന്നും കുഞ്ഞാലിക്കുട്ടി

By Web TeamFirst Published Apr 9, 2021, 4:12 PM IST
Highlights

പൊലീസിനെ സ്വന്തം ആവശ്യങ്ങൾക്ക് സർക്കാർ ദുരുപയോഗം ചെയ്യുന്നു. അന്വേഷണ സംഘത്തിൻ്റെ മേധാവി തന്നെ കേസ് അട്ടിമറിക്കാനുള്ള ഉദ്യോഗസ്ഥനാണ്. പഴയതുപോലെ കേസുകൾ തേച്ചു മായ്ച്ചു കളയാമെന്ന് സർക്കാർ കരുതേണ്ട എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറം: പാനൂരിലെ മുസ്ലീം ലീ​ഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ആസൂത്രിതമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ല. മൻസൂറിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ നിയമപരമായി ഏതറ്റവും വരെയും പോകും എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാഷ്ട്രീയ സംഘട്ടനമല്ല കൊലപാതകങ്ങൾക്ക് കാരണം. അടുത്തിടെയുണ്ടായ കൊലപാതകങ്ങൾക്കെല്ലാം സാമ്യമുണ്ട്. കൊല്ലണമെന്ന് ഉറപ്പിച്ച് വെട്ടി വെട്ടി നുറുക്കുകയാണ് ചെയ്തത്. പ്രതികൾക്ക് നിയമത്തെക്കുറിച്ച് യാതൊരു ആശങ്കയുമില്ല. പൊലീസിനെ സ്വന്തം ആവശ്യങ്ങൾക്ക് സർക്കാർ ദുരുപയോഗം ചെയ്യുന്നു. അന്വേഷണ സംഘത്തിൻ്റെ മേധാവി തന്നെ കേസ് അട്ടിമറിക്കാനുള്ള ഉദ്യോഗസ്ഥനാണ്. പഴയതുപോലെ കേസുകൾ തേച്ചു മായ്ച്ചു കളയാമെന്ന് സർക്കാർ കരുതേണ്ട എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, മൻസൂറിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് വാട്സാപ്പ് സന്ദേശങ്ങളിലൂടെയാണെന്ന് പൊലീസ് പറഞ്ഞു. റിമാന്‍ഡിലായ പ്രതി ഷിനോസിന്‍റെ വാട്സാപ്പില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ആക്രമണം നടന്ന സ്ഥലത്ത് നിന്നാണ് പൊലീസിന് ഫോണ്‍ ലഭിച്ചത്. കൊല്ലപ്പെട്ട മൻസൂറിന്‍റെ സഹോദരൻ മുഹ്സിന് പണികൊടുക്കണമെന്ന തരത്തിലുള്ള സന്ദേശങ്ങൾ വാട്സാപ്പിലുണ്ട്. കൊലപാതകത്തിനായുള്ള ആയുധങ്ങള്‍ ശേഖരിച്ചത് വാട്സാപ്പ് മെസേജിലൂടെയെന്നാണ് നിഗമനം. ചില മെസേജുകൾ ഡിലീറ്റ് ചെയ്തിട്ടുമുണ്ട്. മൊബൈൽ ഫോണ്‍ സൈബർ സെല്ലിന് കൈമാറി.

മൻസൂറിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന 24 പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. കണ്ണൂർ, പാനൂർ മേഖലകളിലാണ് പ്രതികള്‍ക്കായി പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തുന്നത്. സംഭവത്തിന് ദൃക്സാക്ഷികളായ എല്ലാവരുടെയും മൊഴി വിശദമായി രേഖപ്പെടുത്തും. ഇതിന് ശേഷം പ്രതിപ്പട്ടിക വിപുലപ്പെടുത്തും. നാട്ടുകാരും ലീഗ് പ്രവർത്തകരും ചേർന്ന് പിടിച്ചുകൊടുത്ത ഒരു പ്രതിയല്ലാതെ മറ്റാരെയും പൊലീസ് ഇതുവരെ കസ്റ്റഡിയിൽ പോലും എടുത്തിട്ടില്ലെന്ന് കോൺഗ്രസ് ആരോപണമുന്നയിച്ചിരുന്നു. 

പൊലീസിനെതിരെ വിമർശനം ശക്തമായ സാഹചര്യത്തിൽ അന്വേഷണസംഘത്തെ രണ്ടായി തിരിച്ചാണ് പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നത്. രണ്ട് സിഐമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളായാണ് പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചിട്ടുള്ളത്. കേസിന്‍റെ അന്വേഷണച്ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ഇസ്മായീൽ ഇന്നലെ രാത്രി മുഹ്സിനെ ആശുപത്രിയിലെത്തി കണ്ടിരുന്നു. മുഹ്സീനിൽ നിന്ന് വിശദമായ മൊഴിയും ഡിവൈഎസ്പി രേഖപ്പെടുത്തി.

click me!