
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ആവശ്യമായ പദ്ധതി തന്നെയാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. നിയമസഭയിൽ അടിയന്തിര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖ നിർമ്മാണം തുടങ്ങിയത് വലിയ ചർച്ചയ്ക്ക് ഒടുവിലാണ്. ഈ ഘട്ടത്തിൽ ഇങ്ങനെയൊരു സമരം ഉണ്ടാകരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ ഘട്ടത്തിൽ പദ്ധതി വേണോ വേണ്ടയോ എന്ന് ചോദിക്കുന്നത് ശരിയല്ല. അടിയന്തിര പ്രമേയത്തിൽ പോലും ആവശ്യപ്പെട്ടത് സമരം ഒത്തുതീർക്കാൻ ശ്രമിക്കണം എന്നും ശ്രമിക്കുന്നുണ്ടെന്നും അത് തുടരണമെന്നുമാണ്. പ്രതിപക്ഷത്തിന് ചെയ്യാവുന്ന പരമാവധി വിട്ടുവീഴ്ച ചെയ്താണ് അടിയന്തിര പ്രമേയം പോലും അവതരിപ്പിച്ചത്.
വിഴിഞ്ഞം പദ്ധതിക്ക് ഒരുപാടധികം തടസങ്ങളുണ്ടായിരുന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇവിടെയൊരു പോർട്ട് വരുന്നത് അസാധ്യമായ കാര്യമെന്ന് വിമർശനം ഉണ്ടായി. അതൊക്കെ കഴിഞ്ഞു വന്നപ്പോഴാണ് ഇവിടെയൊരു സമരം ഉണ്ടായത്. ഇത്തരമൊരു പ്രശ്നം വികസിച്ച് വരാൻ പാടില്ലായിരുന്നു. വളരെ സെൻസിറ്റീവായ സ്ഥലത്ത് കുറേ ദിവസം ഇങ്ങനേയത് പോയതിൽ ഇത്രയുമൊന്നുമല്ല പ്രശ്നം ഉണ്ടാകേണ്ടിയിരുന്നത്. ഇത്രയുമേ സംഭവിച്ചുള്ളൂവെന്നത് ഭാഗ്യമാണ്.
മന്ത്രിയെ സംബന്ധിക്കുന്ന ഒരു പ്രസ്താവന അവിടെ കേട്ടത് കേരളം ഈ അടുത്ത കാലത്ത് കേട്ട ഏറ്റവും മോശമായ ഒരു സ്റ്റേറ്റ്മെന്റാണ്. അതിനെ കുറിച്ച് മാന്യമായി പറയാവുന്നത് മുസ്ലിം ലീഗ് പറഞ്ഞിട്ടുണ്ട്. അത് ഇടതുമുന്നണി കേൾക്കാഞ്ഞിട്ടാണ്. അതിൽ നിന്നൊരു രാഷ്ട്രീയ മുതലെടുപ്പ് ഞങ്ങളാഗ്രഹിച്ചിട്ടില്ല. ഞങ്ങൾക്കത് വേണ്ട.
ഇത്തരം വിഷയങ്ങൾ കൂടുതൽ വഷളാക്കാതെ കേരളത്തിലെ സാമുദായിക സൗഹാർദം നിലനിർത്താനുള്ള നിലപാടെടുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നാണ് താൻ പറയുന്നത്. ഇത് വികസിക്കാൻ ഇടയാക്കരുത്. മന്ത്രി അബ്ദുറഹ്മാനെതിരായ പ്രസ്താവനയെ അങ്ങേയറ്റം അപലപിക്കുന്നു. അബ്ദുറഹ്മാനെതിരായ പ്രസ്താവനയല്ല അത്, ജാതിപറഞ്ഞുള്ള പ്രസ്താവനയാണ്. അങ്ങിനെ കേരളത്തിൽ കേൾക്കാൻ പോലും പാടില്ല.
ഇവിടെ എന്താണ് തകരാറായതെന്ന് മുഖ്യമന്ത്രി പരിശോധിക്കണം. വിഴിഞ്ഞം കരാർ അദാനിക്ക് കൊടുത്തത് ആരാണെന്ന് തർക്കിക്കേണ്ട. ആ നിലയ്ക്ക് പോകാൻ താൻ ആഗ്രഹിക്കുന്നില്ല. പരാതി വരാത്ത വിധത്തിൽ നഷ്ടപരിഹാരം നൽകണമായിരുന്നു. ഉമ്മൻചാണ്ടി ഇരിക്കുന്ന കാലത്ത് മെട്രോയ്ക്ക് സ്ഥലമെടുത്തു. ദേശീയപാതയ്ക്കെതിരെ വലിയ സമരം ചെയ്തത് ഞങ്ങളാണ്. ലാത്തിച്ചാർജ്ജും കുഴപ്പവുമൊക്കെയുണ്ടായി. എന്നാൽ സ്ഥലം എടുത്ത് കഴിഞ്ഞപ്പോഴേക്ക് നല്ല നഷ്ടപരിഹാരം കിട്ടി, എല്ലാവരെയും പുനരധിവസിപ്പിച്ചു. അങ്ങിനെ ഒരുപാട് കാര്യം പറയാനുണ്ടാവും. എന്നാൽ വിഴിഞ്ഞത്ത് അങ്ങിനെയുണ്ടായിട്ടില്ലെന്നും ജനത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam