'ഉത്തരവാദിത്തം വേണം', സാജന്‍റെ ആത്മഹത്യയിൽ ശ്യാമളയ്ക്ക് വീഴ്ചയെന്ന് വീണ്ടും പി ജയരാജൻ

By Web TeamFirst Published Jun 28, 2019, 11:12 AM IST
Highlights

തദ്ദേശവകുപ്പ് മന്ത്രിക്ക് പരാതി കൊടുത്തതിൽ അന്വേഷണം ഉണ്ടായിട്ടും ഫലം കണ്ടില്ല എന്നു വന്നപ്പോഴാണ് സാജൻ കാണാൻ വന്നത്. ഇടപെട്ട് വേണ്ടത് ചെയ്തിട്ടും കൺവെൻഷൻ സെന്‍ററിന് അനുമതി കിട്ടാൻ കാലതാമസമുണ്ടായി എന്നതിലെ ദുഃഖമാണ് സാജൻ ആത്മഹത്യ ചെയ്യാൻ കാരണമെന്നും ജയരാജൻ. 

കണ്ണൂർ: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയിൽ മുൻസിപ്പൽ ചെയർ പേഴ്‍സണായ പി കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് ആവർത്തിച്ച് പി ജയരാജൻ. കെട്ടിടനിർമാണച്ചട്ടം അനുസരിച്ച് അനുമതി കൊടുക്കേണ്ടതും മറ്റും ഉദ്യോഗസ്ഥരാണ്. പക്ഷേ അതിൽ ഒരു കാലതാമസം വന്നാൽ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ചെയർപേഴ്സൺ പി കെ ശ്യാമളയ്ക്ക് ഇടപെടാനുള്ള ഉത്തരവാദിത്തമുണ്ടെന്നും, അത് നിർവഹിക്കുന്നതിൽ വീഴ്ച വന്നിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു. അത് ശ്യാമള ഉൾക്കൊള്ളണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. 'മലയാളം' വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജയരാജൻ നിലപാട് വ്യക്തമാക്കിയത്. 

ആന്തൂർ വിഷയത്തിൽ സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിൽ നിന്ന് വിരുദ്ധ നിലപാട് സ്വീകരിക്കുകയും അതിൽ ഉറച്ചു നിൽക്കുകയുമാണ് പി ജയരാജൻ. ഇത് സംസ്ഥാന സമിതിയിൽ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പറയുകയും ചെയ്തതാണ്. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കാത്തതിന് നേരത്തെ വിമര്‍ശിക്കപ്പെട്ട പി.ജയരാജന്‍ ഇപ്പോഴും ഇതേ രീതി തുടരുകയാണെന്ന് കുറ്റപ്പെടുത്തലുണ്ടായിട്ടും, കലാപം തുടരുകയാണെന്നതിന്‍റെ സൂചനയാണ് ജയരാജന്‍റെ പുതിയ അഭിമുഖം. പിജെ ആര്‍മി എന്ന ഫേസ്ബുക്ക് പേജ് വഴിയുള്ള പ്രചാരണത്തിലൂടെ പി.ജയരാജന്‍ ഇപ്പോഴും പാര്‍ട്ടിക്ക് അതീതനായുള്ള പ്രവര്‍ത്തനം തുടരുകയാണെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമിതിയില്‍ കുറ്റപ്പെടുത്തിയത്.

കണ്ണൂരില്‍ ചേര്‍ന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പികെ ശ്യാമളയെ വേദിയിലിരുത്തി പി.ജയരാജന്‍ വിമര്‍ശിച്ചതിനേയും കോടിയേരി വിമര്‍ശിച്ചു. അഭിപ്രായങ്ങളും വിയോജിപ്പുകളും പാര്‍ട്ടി വേദിയിലാണ് പറയേണ്ടതെന്നും കോടിയേരി ഓര്‍മപ്പെടുത്തിയിരുന്നു. 

എന്നാൽ ഈ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പി ജയരാജൻ ഇപ്പോഴും. ഇത് പാർട്ടിയെ തെല്ലൊന്നുമല്ല ആശയക്കുഴപ്പത്തിലാക്കുക. കണ്ണൂർ ലോബിയിൽ പൊതുവേ കലാപമാണിപ്പോൾ. ആന്തൂര്‍ വിഷയം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുന്നതിനിടെ, എംവി ഗോവിന്ദനെതിരെ ഗുരുതര ആരോപണമാണ് ജെയിംസ് മാത്യു എംഎൽഎ ഉന്നയിച്ചത്. വ്യവസായിക്ക് ലൈസന്‍സ് കൊടുക്കുന്നില്ലെന്ന പരാതി കിട്ടിയപ്പോള്‍ തന്നെ സ്ഥലം എംഎല്‍എയായ താന്‍ പ്രശ്നത്തില്‍ ഇടപെട്ടിരുന്നുവെന്ന് ജെയിംസ് മാത്യു പറഞ്ഞു.

അന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയായ കെ ടി ജലീലിനെ വിളിച്ച് ഇതേക്കുറിച്ച് താന്‍ പരാതി നല്‍കി. എന്നാല്‍ ഇതിനു തൊട്ടു പിന്നാലെ നഗരസഭാ ചെയർപേഴ്‌സൺ പി കെ ശ്യാമളയുടെ ഭര്‍ത്താവ് കൂടിയായ എം വി ഗോവിന്ദന്‍ കെ ടി ജലീലിന്‍റെ പിഎയെ വിളിച്ച് സംസാരിച്ചു. ഇത് എന്തിനായിരുന്നുവെന്ന് ജെയിംസ് മാത്യു സംസ്ഥാന സമിതി യോഗത്തില്‍ ചോദിച്ചു.

സാജന്‍റെ ഓഡിറ്റോറിയത്തിന് അനുമതി വൈകിപ്പിച്ച സംഭവത്തില്‍ പി കെ ശ്യാമള പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോള്‍, ഇക്കാര്യത്തില്‍ അവര്‍ക്കൊപ്പം എം വി ഗോവിന്ദന്‍ മാസ്റ്ററും ഇടപെട്ടു എന്ന ഗുരുതര ആരോപണമാണ് ജെയിംസ് മാത്യു ഉന്നയിച്ചത്. എന്നാല്‍ സംസ്ഥാന സമിതിയില്‍ ഉണ്ടായിരുന്ന ഗോവിന്ദന്‍ ഇതിനോട് പ്രതികരിച്ചതുമില്ല. 

നേരത്തേ പല വിഷയങ്ങളിലും പി ജയരാജനെപ്പോലുള്ള 'ബിംബ'ങ്ങളെ ഉപയോഗിച്ച് പാർട്ടിയെ ആക്രമിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. അത് വിലപ്പോവില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്. പി ജയരാജൻ, ഒരു കാലത്ത് വിഎസ്സ് ഉണ്ടായിരുന്നത് പോലെ, തിരുത്തൽ ശക്തിയായി പാർട്ടിയിൽ നിലനിൽക്കുന്നതിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇതിനിടയിലും തന്‍റെ നിലപാട് തുറന്നു പറയുകയാണ് ജയരാജൻ എന്നത് പാർട്ടിയിൽ ശക്തമായ വിഭാഗീയത തുടരുന്നു എന്നതിന്‍റെ സൂചനയാവുകയാണ്. 

click me!