
തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധാനാലയങ്ങൾ തുറക്കാൻ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരേ സമയം പരമാവധി പതിനഞ്ച് പേർക്കായിരിക്കും അകത്തേക്ക് പ്രവേശനം നൽകുക.
ആരാധനാലയങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും മതസാമൂദായിക സംഘടനകളും ശക്തമായ സമ്മർദ്ദമുയർത്തിയിരുന്നു. ഇന്ന് ചേർന്ന അവലോകനയോഗത്തിൽ അന്തിമ തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയായിരുന്നു.
പൊതുവായുള്ള നിയന്ത്രണങ്ങൾ നിലവിലെ രീതിയിൽ ഒരാഴ്ച കൂടി തുടരാനാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന് നിൽക്കുന്ന ഇടങ്ങളിൽ കർശന നിയന്ത്രണം തുടരും. ടിപിആർ 24ന് മുകളിൽ നിൽക്കുന്ന ഇടങ്ങളിൽ കടുത്ത നിയന്ത്രണം ഉണ്ടാകും.
ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തിൽ നാല് മേഖലകളായി തിരിച്ചുള്ള നിയന്ത്രണം തുടരും. പൂജ്യം മുതൽ എട്ട് ശതമാനം വരെ എ വിഭാഗം, എട്ട് മുതൽ 16 ശതമാനം വരെ ബി വിഭാഗം, 16 മുതൽ 24 ശതമാനം വരെ സി വിഭാഗം, 24 ശതമാനത്തിന് മുകളിൽ ഡി വിഭാഗം എന്നിങ്ങനെയാണ് മേഖലകളായി തരംതിരിച്ചിട്ടുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam